റഫാൽ: സിഎജി റിപ്പോർട്ട് നാളെ പാർലമെന്റിൽ വച്ചേക്കും

ന്യൂഡല്‍ഹി:  റഫാൽ ഇടപാടിനെക്കുറിച്ചുള്ള സിഎജി റിപ്പോർട്ട് നാളെ പാർലമെന്റിൽ വച്ചേക്കും. സര്‍ക്കാരും സിഎജിയുമായി ആശയവിനിമയം നടത്തുകയാണ്. വ്യോമസേനയുടെ ആയുധഇടപാടുകള്‍ മുഴുവന്‍ ഉള്‍പ്പെടുത്തിയ റിപ്പോര്‍ട്ടെന്നാണ് സൂചന .

റഫാൽ യുദ്ധവിമാന ഇടപാടിൽ പ്രധാനമന്ത്രിയുടെ ഓഫിസ് (പിഎംഒ) സമാന്തര ഇടപെടൽ നടത്തിയ വിവരം കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ നിന്നു മറച്ചുവച്ചതായി സൂചന. പിഎംഒയുടെ ഇടപെടൽ ഒഴിവാക്കുന്നതാണ് ഉചിതമെന്നു ചൂണ്ടിക്കാട്ടി 2015 ൽ പ്രതിരോധ സെക്രട്ടറി ജി. മോഹൻ കുമാർ അന്നത്തെ പ്രതിരോധ മന്ത്രി മനോഹർ പരീക്കർക്ക് നൽകിയ കുറിപ്പ്, റഫാൽ സംബന്ധിച്ച കേസ് പരിഗണിച്ച വേളയിൽ സർക്കാർ കോടതിയിൽ സമർപ്പിച്ചില്ല.

റഫാൽ പ്രക്ഷോഭം കടുപ്പിച്ച കോൺഗ്രസ്, വരും ദിവസങ്ങളിൽ ഇക്കാര്യവും പാർലമെന്റിൽ ഉന്നയിക്കും. രേഖകൾ സർക്കാർ മറച്ചുവച്ചുവെന്നും അവ കോടതിയിൽ സമർപ്പിച്ചിരുന്നെങ്കിൽ റഫാൽ കേസിലെ വിധി മറ്റൊന്നാകുമായിരുന്നുവെന്നും കഴിഞ്ഞ ദിവസം കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പറഞ്ഞിരുന്നു.