റഫാല്‍ കരാറില്‍ നിന്നും അഴിമതി നിരോധന നിയമം ഒഴിവാക്കിയത് ഞെട്ടിക്കുന്നത്; ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് സിപിഐഎം

റഫാല്‍ കരാറില്‍ നിന്നും അഴിമതി നിരോധന നിയമം ഒഴിവാക്കിയത് ഞെട്ടിക്കുന്നുവെന്ന് സിപിഐഎം പോളിറ്റ്ബ്യൂറോ. സംഭവത്തെക്കുറിച്ച്‌ ഉന്നതതല അന്വേഷണം ആവശ്യമാണ്.

റഫേലിനെക്കുറിച്ചുള്ള സിഎജി റിപ്പോര്‍ട്ടിന്റെ വിശ്വാസ്യതയും സംശയത്തിലെന്നും പോളിറ്റ്ബ്യൂറോ ചൂണ്ടികാട്ടി. കരാര്‍ തയ്യാറാക്കുന്നതില്‍ പങ്ക വഹിച്ച ധനകാര്യ സെക്രട്ടറിയായിരുന്നു ഇപ്പോഴത്തെ സിഎജി രാജീവ് മൃഹര്‍ഷി.

ഇദേഹം തയ്യാറാക്കുന്ന റിപ്പോര്‍ട്ടില്‍ വിരുദ്ധ താല്‍പര്യങ്ങള്‍ ഉണ്ടാകാമെന്നും പോളിറ്റ്ബ്യൂറോ പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.കരാറില്‍ അനധികൃത ഇടപെടല്‍ നടത്തിയാല്‍ പിഴ ഈടാക്കുന്ന ചട്ടമാണ് ഒഴിവാക്കിയത്.

കരാര്‍ പണം കൈമാറാനുള്ള അക്കൗണ്ടിലുള്ള നിയന്ത്രണത്തിലും ഭേദഗതി വരുത്തിയെന്നും രേഖകള്‍. ഫ്രാന്‍സുമായി കരാര്‍ ഒപ്പിടുന്നതിന് ദിവസങ്ങള്‍ക്ക് മുമ്ബാണ് ധൃതിപിടിച്ച്‌ പ്രതിരോധ കരാറില്‍ ഭേദഗതി കൊണ്ട് വന്നത്.

ദസോള്‍ട്ട് ഏവിയേഷനും ഇന്ത്യയിലെ പങ്കാളി അനില്‍ അമ്ബാനിയ്ക്കും സഹായകരമായ ഭേദഗതിയാണ് റഫേല്‍ പ്രതിരോധ കരാറില്‍ അവസാന നിമിഷം നരേന്ദ്രമോദി സര്‍ക്കാര്‍ കൊണ്ട് വന്നത്.അഴിമതി നിരോധന ചട്ടം കരാറില്‍ നിന്നും പൂര്‍ണ്ണമായും ഒഴിവാക്കി.

അനധികൃത ഇടപെടല്‍ നടത്തുന്ന ഇടനിലക്കാര്‍,ക്രമക്കേട് കണ്ടെത്തിയാല്‍ കരാര്‍ ഒപ്പിട്ട കമ്ബനി എന്നിവരില്‍ നിന്നും പിഴ ഈടാക്കാന്‍ ഇന്ത്യയ്ക്ക് കഴിയുന്ന ചട്ടമാണ് എടുത്ത് കളഞ്ഞത്.2016 സെപന്റബര്‍ 23ന് ഫ്രാന്‍സും -ഇന്ത്യയും റഫാല്‍ കരാര്‍ ഒപ്പിട്ടതിന് തൊട്ട് മുമ്ബുള്ള ദിവസങ്ങളിലാണ് ഭേദഗതി വരുത്തി കൊണ്ട് കരാറില്‍ മാറ്റം വന്നത്.