റഫാലില്‍ ആക്രമണം കടുപ്പിച്ച്‌ രാഹുല്‍

ന്യൂഡല്‍ഹി: റോബര്‍ട്ട് വാധ്‌രക്കെതിരെയോ പി. ചിദംബരത്തിനെതിരെയോ എന്ത് അന്വേഷണം വേണമെങ്കിലും നടത്തിക്കോളൂ, പക്ഷേ, റഫാല്‍ ഇടപാടിലെ പ്രധാനമന്ത്രിയുടെ അനധികൃത ഇടപെടലുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കു മറുപടി പറയാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാകണമെന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. എഐസിസി ആസ്ഥാനത്തു നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വാധ്‍രയടക്കമുള്ളവര്‍ക്കെതിരെ നടക്കുന്ന അന്വേഷണങ്ങളെക്കുറിച്ചുള്ള ചോദ്യത്തിനു മറുപടി പറയുകയായിരുന്നു രാഹുല്‍.

റഫാല്‍ ഇടപാടില്‍ പ്രതിരോധ വകുപ്പു സമിതി ഫ്രാന്‍സുമായി ചര്‍ച്ചകള്‍ നടത്തിക്കൊണ്ടിരിക്കെ പ്രധാനമന്ത്രിയുടെ ഓഫിസ് സമാന്തര ചര്‍ച്ച നടത്തിയത് എന്തിനാണ്? – രാഹുല്‍ ചോദിച്ചു. പ്രധാനമന്ത്രിയുടെ ഓഫിസിന്റെ അനധികൃത ഇടപെടലിനെക്കുറിച്ച്‌ പ്രതിരോധ മന്ത്രാലയം നേരിട്ട് പരാതി ഉയര്‍ത്തിയതിന്റെ രേഖ ഇപ്പോള്‍ പുറത്തുവന്നു. ഇതു ലഭിച്ചിരുന്നെങ്കില്‍ റഫാല്‍ കേസില്‍ സുപ്രീം കോടതിയുടെ വിധി മറ്റൊന്നാകുമായിരുന്നു.

ഇടപാടിനെക്കുറിച്ചു ജെപിസി അന്വേഷണം പ്രഖ്യാപിക്കണം. പ്രധാനമന്ത്രി നരേന്ദ്ര മോദി കള്ളനാണെന്നു തെളിഞ്ഞിരിക്കുന്നു. രാജ്യത്തിന്റെ കാവല്‍ക്കാരനാണെന്നു സ്വയം അവകാശപ്പെടുന്നയാളാണു മോദി. ഒരേ സമയം കാവല്‍ക്കാനും കൊള്ളക്കാരനുമാണോ അദ്ദേഹം? – കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു.