രേണു രാജ് പ്രവര്‍ത്തിച്ചത് നിയമപരമായി,അന്വേഷണം ആവശ്യമില്ല; പിന്തുണച്ച് റവന്യൂമന്ത്രി

തിരുവനന്തപുരം:  ദേവികുളം സബ് കലക്ടറെ പിന്തുണച്ച് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ രംഗത്ത്. മൂന്നാറില്‍ സബ് കലക്ടര്‍ രേണു രാജ് പ്രവര്‍ത്തിച്ചത് നിയമപരമായിമാത്രമാണ്. ഉദ്യോഗസ്ഥയ്ക്കെതിരെ ഒരുതരത്തിലുള്ള അന്വേഷണവും ആവശ്യമില്ല. മറ്റാര്‍ക്കെങ്കിലും വീഴ്ചയുണ്ടായോ എന്ന് അവര്‍ തന്നെ അന്വേഷിക്കണം. കോടതിവിധിയനുസരിച്ചുള്ള നടപടികള്‍ തുടരുമെന്നും ഇ.ചന്ദ്രശേഖരന്‍ കൂട്ടിച്ചേർത്തു. സബ് കലക്ടറെ എസ്.രാജേന്ദ്രന്‍ എംഎൽഎ അധിക്ഷേപിച്ചതിലാണ് മന്ത്രിയുടെ പ്രതികരണം.

അതേസമയം ദേവികുളം സബ് കലക്ടറെ അധിക്ഷേപിച്ച എസ്.രാജേന്ദ്രന്‍ എംഎല്‍എയോട് സിപിഎം വിശദീകരണം തേടും. സിപിഐ ഉള്‍പ്പെടെ രൂക്ഷമായ വിമര്‍ശനമുയര്‍ത്തിയ പശ്ചാത്തലത്തിലാണ് ജില്ലാനേതൃത്വത്തിന്റെ ഇടപെടല്‍. അതേസമയം എംഎല്‍എയുടെ എതിര്‍പ്പവഗണിച്ച് കയ്യേറ്റം ഒഴിപ്പിക്കല്‍ നടപടികളുമായി മുന്നോട്ടുപോകുമെന്ന് സബ് കലക്ടര്‍ രേണു രാജ് അറിയിച്ചു. പഞ്ചായത്ത് സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യത്തിന് റിപ്പോര്‍ട്ട് നല്‍കിയതോടെ അധികൃതനിര്‍മാണം പഞ്ചായത്തുതന്നെ നിര്‍ത്തിവച്ചു.