രേണു രാജിന്റെ നടപടി നൂറുശതമാനം ശരി; എംഎല്‍എയുടെ അധിക്ഷേപം സംഭവിക്കാന്‍ പാടില്ലാത്തതെന്ന്‌ റവന്യൂമന്ത്രി

തിരുവനന്തപുരം: മൂന്നാറില്‍ എംഎല്‍എ സബ് കലക്ടറെ അധിക്ഷേപിച്ചത് സംഭവിക്കാന്‍ പാടില്ലാത്ത കാര്യമെന്ന്‌ റവന്യൂമന്ത്രി. ഉദ്യോഗസ്ഥര്‍ക്ക് നിര്‍ഭയമായി പ്രവര്‍ത്തിക്കാന്‍ എല്ലാ സാഹചര്യവും ഒരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അനധികൃതനിര്‍മാണം പഞ്ചായത്ത് നടത്തിയാലും നിയമവിരുദ്ധമാണ്. സബ് കലക്ടര്‍ രേണു രാജിന്റെ നടപടി നൂറുശതമാനം ശരിയെന്നും ഇ.ചന്ദ്രശേഖരന്‍ തിരുവനന്തപുരത്ത് പറഞ്ഞു.

ദേവികുളം സബ് കളക്ടര്‍ക്കെതിരായ പരാമര്‍ശത്തില്‍ എസ് രാജേന്ദ്രന്‍ എംഎല്‍എയ്ക്ക് എതിരായി പരോക്ഷ വിമര്‍ശനവുമായി സിപിഐ. സബ് കളക്ടറുടെ നടപടിയെ രാഷ്ട്രീയമായി കാണേണ്ടതില്ലെന്ന് കാനം പറഞ്ഞു. സബ് കളക്ടർ നിർവഹിച്ചത് സ്വന്തം ഉത്തരവാദിത്തമെന്നും കാനം രാജേന്ദ്രൻ വിശദമാക്കി.

നിയമലംഘകരെ സഹായിച്ചാൽ അക്കാര്യം കോടതിയെ അറിയിക്കേണ്ടതുണ്ടെന്ന് കാനം രാജേന്ദ്രന്‍ പറഞ്ഞു. പഞ്ചായത്തായാലും മറ്റേത് സ്ഥാപനമായാലും നിയമമനുസരിച്ചേ പ്രവർത്തിക്കാൻ കഴിയുവെന്നും കാനം രാജേന്ദ്രന്‍ വിശദമാക്കി.