രൂപ-ഡോളർ വിനിമയ നിരക്ക്; ഒരു ചരിത്ര അവലോകനം

ഋഷി ദാസ്. എസ്സ്.

രൂപ -ഡോളർ വിനിമയ നിരക്കിലെ മാറ്റങ്ങൾ ഇപ്പോൾ വളരെ കൂലംകഷമായ ചർച്ചകൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ചരിത്രപരമായ ഒരു അവലോകനം വസ്തുതകളെ കൂടുതൽ തെളിച്ചത്തിൽ മനസ്സിലാക്കാൻ സഹായിക്കും.

ഡോളർ ഒരു സാർവ്വദേശീയ വിനിമയ ഉപാധിയാകുന്നത് രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമാണ്. അതുവരെ ബ്രിട്ടീഷ് പൗണ്ടിനായിരുന്നു , റഫറൻസ് കറൻസിയുടെ സ്ഥാനം. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ബ്രിട്ടൻ സാമ്പത്തികമായി ക്ഷയിക്കുകയും, യു.എസ് സാമ്പത്തിക സൈനിക മഹാശക്തിയായി മാറുകയും ചെയ്തപ്പോൾ യു. എസ് ഡോളർ ലോകമംഗീകരിക്കുന്ന വിനിമയ കറൻസിയായി. എന്നാലും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ കൊളോണിയൽ രീതികളിൽ നിന്നും മുക്തമാകാത്തതിനാൽ നാം പിന്നീട് ഒരു ദശകത്തോളം ബ്രിട്ടീഷ് പൗണ്ടിനെ അടിസ്ഥാനമാക്കിയുള്ള വിദേശ വിനിമയം പിന്തുടർന്ന് പോന്നു.

സ്വാതന്ത്ര്യം ലഭിക്കുമ്പോൾ ബ്രിട്ടീഷ് പൗണ്ടായിരുന്നു നമ്മുടെ റഫറൻസ് കറൻസി. 13 രൂപക്ക് 1 പൗണ്ട് അതായിരുന്നു, വിനിമയ നിരക്ക്. 1966 വരെ ഈ നില തുടർന്നു. അക്കാലത്തു വിപണി അടിസ്ഥാനമാക്കിയുള്ള വിനിമയനിരക്കു മാറ്റം പ്രാവർത്തികമായിരുന്നില്ല. സർക്കാരുകളാണ് വിനിമയ മൂല്യം നിശ്ചയിച്ചിരുന്നത്. 1950 മുതൽ 1966 വരെ ഒരു ഡോളറിനു 4.77 രൂപയായിരുന്നു വിനിമയ നിരക്ക്.

1966 ൽ രൂപക്ക് ഒരു ഡോളറിന് 7.5 രൂപ എന്ന നിരക്കിൽ വിനിമയമൂല്യം നിശ്ചയിച്ചു. പിന്നീട് നമ്മുടെ വിദേശവിനിമയത്തിന്റെ റഫറൻസ് പൗണ്ടിൽ നിന്നും ഡോളറിലേക്ക് മാറ്റപ്പെട്ടു. അത് വരെ പൗണ്ടുമായുള്ള വിനിമയ നിരക്ക് വച്ച് നോക്കുമ്പോൾ ഒരു ഡോളറിന് ഏതാണ്ട് 4.77 രൂപയായിരുന്നു വിനിമയനിരക്ക്. അങ്ങനെ നോക്കുമ്പോൾ ഏതാണ്ട് 50 ശതമാനത്തിലധികം മൂല്യ ശോഷണമാണ് 1966 ൽ ഇന്ത്യൻ രൂപ നേരിട്ടത്.

എൺപതുകളിലെത്തിയപ്പോൾ രൂപ ഏതാണ്ട് 10 ശതമാനം മൂല്യ ശോഷണത്തിനിരയായി. ഡോളർ ഒന്നിന് 8.66 രൂപ എന്ന നിരക്കിൽ വിനിമയം ചെയ്യപ്പെട്ടു. എൺപതുകളിൽ രൂപയുടെ മൂല്യം സാവധാനം ഇടിഞ്ഞു തുടങ്ങി. പത്തു വർഷത്തിനുള്ളിൽ 70% ത്തിലേറെ മൂല്യ ശോഷണം.1990 നും1993 നും ഇടക്കുള്ള മൂന്ന് വർഷങ്ങളിൽ രൂപയ്ക്ക് വീണ്ടും 90% മൂല്യ ശോഷണം സംഭവിച്ചു. അന്ന് ഡോളറിന് 31 രൂപ എന്ന നിലയിലെത്തി. തൊണ്ണൂറുകളിൽ മൂല്യശോഷണം അഭംഗുരം തുടർന്ന് 2000 ആയപ്പോൾ രൂപ ഒരു ഡോളറിന് 48 രൂപ എന്ന നിരക്കിൽ എത്തി. 1980 മുതൽ 2000 വരെയുള്ള ഇരുപതു വർഷങ്ങളിൽ രൂപക്ക് സംഭവിച്ചത് 400 ശതമാനം മൂല്യ ശോഷണമാണ്.

രൂപ അതിന്റെ ആധുനിക ചരിത്രത്തിൽ ഏറ്റവും നല്ല പ്രകടനം കാഴ്ചവച്ചത് 2000 മുതൽ 2009 വരെയുള്ള കാലയളവിലാണ്. യു.എസ്സിലെ സബ് പ്രൈമ് പ്രതിസന്ധിയും സാമ്പത്തികമാന്ദ്യവും കാരണം ഡോളർ ശോഷിച്ചപ്പോൾ രൂപ വീണ്ടും ശക്തിപ്പെട്ടു. 2000 മുതൽ 2009 വരെയുള്ള കാലയളവിൽ രൂപ ഡോളറിനെതിരെ 10 % ശക്തിപ്പെട്ടു. ഒരു ഡോളറിന് 45 രൂപയായിരുന്നു 2010 ലെ നിരക്ക്.

2010 മുതൽ 2014 വരെയുള്ള നാല് വർഷം കൊണ്ട് രൂപ 50 ശതമാനത്തിലേറെ തളർന്നു. 2014 മുതൽ 2018 വരെയുള്ള നാല് വർഷം കൊണ്ട് രൂപക്കുണ്ടായ മൂല്യ ശോഷണം ഇന്നത്തെ നിലയിൽ ഏറി വന്നാൽ 12 ശതമാനമാണ്. രൂപയുടെ മൂല്യം വളരെ ഇടിയുന്നത് വളരെ താൽക്കാലികമായ ഒരു പ്രതിഭാസമാണ് . അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽത്തന്നെ രൂപ 70 നടുത്ത മൂല്യത്തിലേക്ക് തിരികെയെത്തും. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെയും, അന്താരാഷ്ട്ര ധനമേഖലയിലെയും മാറ്റങ്ങൾക്കനുസരിച്ചു രൂപയുടെയും മറ്റു കറൻസികളുടെയും മൂല്യത്തിൽ വ്യതിയാനം വരുന്നത് തികച്ചും സ്വാഭാവികമായ ഒരു പ്രതിഭാസമാണ്.

മുപ്പത്, നാല്പതു കൊല്ലം മുൻപുള്ള ചരിത്ര വസ്തുതകളെ സൗകര്യ പൂർവ്വം മറക്കുന്ന നാം നാലായിരത്തിലേറെ വർഷം പഴക്കമുളള നമ്മുടെ സാംസ്കാരിക നൈരന്തര്യത്തെയും 2300 വർഷം മുൻപ് അതിവിശാലമായ ഇന്ത്യൻ സാമ്രാജ്യം സ്ഥാപിച്ച ഭാരതചക്രവർത്തി ചന്ദ്രഗുപ്തനെയും മറവിയുടെ അന്ധകാരത്തിൽ തള്ളിയതിൽ ഒട്ടും അതിശയം ഇല്ല.