രൂപപ്പെടുന്നത് ആഴത്തിലുള്ള പ്രതിസന്ധി; സിപിഎം-സിപിഐ ബന്ധം വീണ്ടും ഉലയുന്നു

 

എം.മനോജ്‌ കുമാര്‍ 

തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം ഇടതുമുന്നണിയിലേക്ക് വന്നാല്‍ ഇടതുമുന്നണിയുടെ പ്രതിച്ഛായ തകരുമെന്ന സിപിഐ നിലപാട് സിപിഎം സിപിഐ ബന്ധം കേരളത്തില്‍ വീണ്ടും വഷളാക്കുന്നു. ഏതു വിധേനയും കേരളാ കോണ്‍ഗ്രസിനെ ഒപ്പം കൂടി മുന്നോട്ട് നീങ്ങാനുള്ള സിപിഎം ശ്രമങ്ങള്‍ക്ക് തടയിടുകയാണ് സിപിഐ ലക്‌ഷ്യം എന്ന് സിപിഎം തിരിച്ചറിയുന്ന സാഹചര്യത്തില്‍ അനുരഞ്ജന സാധ്യതകള്‍ കുറയുകയുമാണ്.

സിപിഐയ്ക്ക് നഷ്ടപ്പെടാന്‍ ഒന്നുമില്ല എന്ന ബോധ്യത്തിലാണ് സ്വതന്ത്രമായ രീതിയില്‍ പാര്‍ട്ടി മുന്നോട്ട് നീങ്ങുന്നത്. ഇത് സിപിഐയുടെ ഭാഗത്താണ് നീതി എന്ന പൊതുബോധം കേരളത്തില്‍ ഉയര്‍ത്തുകയും ചെയ്തു. ഇത് തിരിച്ചറിഞ്ഞു ശക്തമായ പ്രതിരോധമാണ് വിവിധ വിഷയങ്ങളില്‍ സിപിഎം ഉയര്‍ത്തിക്കൊണ്ടിരിക്കുന്നത്.

വിവിധ കാരണങ്ങളാല്‍ സ്വതേ വഷളായ കേരളത്തിലെ സിപിഎം-സിപിഐ ബന്ധം കേരളാ കോണ്‍ഗ്രസ് ബന്ധത്തിന്റെ പേരില്‍ ഇപ്പോള്‍ കൂടുതല്‍ ഉലയുകയാണ്. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തി നില്‍ക്കെയാണ് ഇരുപാര്‍ട്ടികളും തമ്മിലുള്ള പോര് മൂര്‍ച്ചിക്കുന്നത്.

ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചയുടന്‍ തന്നെ മാണിയുടെ വോട്ട് വേണ്ടെന്ന കാനത്തിന്റെ പരസ്യ പ്രസ്താവനയാണ് സിപിഎമ്മിനെ ചൊടിപ്പിച്ചത്. വോട്ട് വേണ്ടെന്നു ഘടകക്ഷി തീരുമാനിക്കേണ്ടതില്ലെന്ന് പറഞ്ഞു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തന്നെ മുന്നോട്ട് വന്നതോടെ സിപിഎം-സിപിഐ പോര് വീണ്ടും ശക്തിപ്രാപിക്കുകയും ചെയ്തു.

ചെങ്ങന്നൂരിലെ സിപിഎം സ്ഥാനാര്‍ഥിയുടെ പരാജയം ലക്ഷ്യം വെച്ചുള്ള സിപിഐ നീക്കത്തിന്റെ ഭാഗമാണ് ചെങ്ങന്നൂരില്‍ തങ്ങളുടെ വോട്ട് വേണ്ടെന്നുള്ള സിപിഐയുടെ പ്രഖ്യാപനത്തിനു പിന്നിലെന്ന് കെ.എം.മാണി കൂടി തുറന്നടിച്ചതോടെ കാര്യങ്ങള്‍ കൂടുതല്‍ വഷളായി.

മാണി വെറുക്കപ്പെട്ട രാഷ്ട്രീയത്തിന്റെ മുഖമാണെന്ന് പറഞ്ഞു സിപിഐ ദേശീയ നിര്‍വാഹക സമിതിയംഗം ബിനോയ്‌ വിശ്വം പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ ആഞ്ഞടിച്ചതോടെ കേരളാ കോണ്‍ഗ്രസ് ബന്ധത്തിന്റെ പേരില്‍ ഇരുപാര്‍ട്ടികളും വീണ്ടും മുഖാമുഖം വരുകയും ചെയ്തു. എസ്.രാമചന്ദ്രന്‍ പിള്ള 24 കേരളയോടു പ്രതികരിച്ചതുപോലെ യോജിക്കാന്‍ കഴിയാത്ത ഒട്ടനവധി പ്രശ്നങ്ങള്‍ ഇരുപാര്‍ട്ടികള്‍ക്കും മുന്നിലുണ്ട്. ഇത് ഇരുപാര്‍ട്ടികളും തമ്മിലുള്ള അകല്‍ച്ച വര്‍ദ്ധിപ്പിച്ചുകൊണ്ടിരിക്കുന്നുണ്ട്‌.

ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഒട്ടനവധി പ്രശ്നങ്ങളിലാണ് സിപിഎം-സിപിഐ പാര്‍ട്ടികള്‍ തമ്മില്‍ ഇടയുന്നത്. ബിജെപിക്കെതിരെ കോണ്‍ഗ്രസുമായുള്ള സഹകരണത്തിന്റെ പേരില്‍ ഇരു പാര്‍ട്ടികള്‍ക്കും രണ്ടു നിലപാടാണ്. ഫാസിസ്റ്റ് മുഖമുള്ള ബിജെപിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള മതേതര കക്ഷികളുമായി ഇടത് പാര്‍ട്ടികള്‍ കൈകോര്‍ക്കണമെന്നു സിപിഐ പറയുമ്പോള്‍ അത്തരം ഒരു സഖ്യത്തിനു സിപിഎം തയ്യാറല്ല.

പക്ഷെ സിപിഎം പാര്‍ട്ടി ജനറല്‍ സെക്രട്ടറി തന്നെ ഇത്തരം നീക്കങ്ങള്‍ക്ക് കുടപിടിക്കുമ്പോള്‍ എന്ത് ചെയ്യണമെന്ന കാര്യത്തില്‍ സിപിഎം നേതൃത്വത്തിനു ധാരണയുമില്ല. കോണ്‍ഗ്രസുമായി ബംഗാളില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നേരിട്ടുള്ള സഖ്യത്തിലാണ് സിപിഎം ബംഗാള്‍ ഘടകം ഏര്‍പ്പെട്ടത്.  കോണ്‍ഗ്രസ് ബന്ധം സിപിഎം-സിപിഐ പാര്‍ട്ടികള്‍ക്കിടയിലും സിപിഎമ്മില്‍ തന്നെയുമുള്ള ഒരു തര്‍ക്ക വിഷയമായി നിലനില്‍ക്കുന്നു.

മൂന്നാര്‍ അനധികൃത കയ്യേറ്റങ്ങള്‍ക്കെതിരെ ശക്തമായ നടപടികളുമായി സിപിഐ ഭരിക്കുന്ന റവന്യൂ വകുപ്പ് നീങ്ങിയപ്പോള്‍ സിപിഎം ഇടുക്കി ജില്ലാ നേതൃത്വവും സിപിഎം മന്ത്രിയും സെക്രട്ടറിയേറ്റ് അംഗവുമായ എം.എം.മണിയും മറ്റൊരു പോര്‍മുഖം തുറന്നു സിപിഐക്കെതിരെ നിലയുറപ്പിച്ചു.

ഭൂമാഫിയക്കെതിരെ പോരാടിയ ദേവികുളം സബ്കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ സ്ഥലം മാറ്റുന്നത് വരെ സിപിഎം-സിപിഐ വിഷയത്തിലെ വലിയ തര്‍ക്കമായി തുടര്‍ന്നു. പ്രശ്നം നീണ്ടപ്പോള്‍ പ്രശ്നത്തില്‍ ഇടപെട്ട മുഖ്യമന്ത്രി പിണറായിവിജയന്‍ സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ നേരിട്ട് സ്ഥലം മാറ്റി. ഇത് സിപിഐയ്ക്ക് ക്ഷീണമായി മാറുകയും സിപിഐയെ ചൊടിപ്പിക്കുകയും ചെയ്തു. സ്ഥലം മാറ്റം വിവാദമായപ്പോള്‍ വന്ന മന്ത്രി മണിയുടെ പ്രസ്താവന വീണ്ടും പ്രശ്നങ്ങള്‍ ഉയര്‍ത്തി.

ശ്രീറാമിനെ ഊളമ്പാറയിലേക്ക് അല്ലല്ലോ മുഖ്യമന്ത്രി സ്ഥലം മാറ്റിയത് എന്നായിരുന്നു മന്ത്രി മണിയുടെ പ്രതികരണം. റവന്യൂ മന്ത്രിയുടെ വകുപ്പില്‍ മുഖ്യമന്ത്രി നേരിട്ട് ഇടപെടല്‍ നടത്തുന്നു എന്നും സിപിഐ ആരോപിച്ചു. സ്ഥലം മാറ്റിയിട്ടും അതിന്റെ അനുരണനങ്ങള്‍ ഒതുങ്ങിയില്ല. സിപിഎമ്മിനെ ഒതുക്കാന്‍ ശ്രീറാം വെങ്കിട്ടരാമനെ റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍ ആയുധമാക്കുകയായിരുന്നു എന്ന വിലയിരുത്തലിലാണ് സിപിഎം നീങ്ങിയത്.

കുറിഞ്ഞി ഉദ്യാനഭൂവിന്റെ പ്രശ്നം വന്നപ്പോള്‍ ഇടുക്കി സിപിഎം എംപി ജോയ്സ് ജോര്‍ജിന്റെ കയ്യേറ്റങ്ങളും വാര്‍ത്തയില്‍ നിറഞ്ഞു. ജോയ്സ് ജോർജ് എംപിയും കുടുംബാംഗങ്ങളും കൈവശപ്പെടുത്തിയ കുറിഞ്ഞി ഉദ്യാന ഭൂവില്‍ ഉള്‍പ്പെടുന്ന കൊട്ടക്കാമ്പൂരിലെ 28 ഏക്കർ ഭൂമി വിവാദമായി മാറി.

ഒറ്റദിവസം കൊണ്ട് രേഖകളില്‍ കൃത്രിമം നടത്തി ജോയ്സ് ജോര്‍ജിന്റെ കുടുംബാംഗങ്ങള്‍ ഭൂമി തങ്ങളുടെതാക്കി മാറ്റി എന്ന് ആരോപണമുള്ള മുൻ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയുടെ റിപ്പോര്‍ട്ട് റവന്യൂവകുപ്പില്‍ നിന്നും വെളിയില്‍ വന്നതും സിപിഎമ്മിനെ ചൊടിപ്പിച്ച സംഭവവികാസങ്ങളില്‍ ഒന്നായി മാറി.

മൂന്നാര്‍ അനധികൃത കുടിയേറ്റങ്ങളെ ചൊല്ലി വിവാദം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ റവന്യൂവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച്.കുര്യനെ മാറ്റണമെന്നു സിപിഐയില്‍ നിന്ന് ആവശ്യം ഉയര്‍ന്നപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അതിനു തയ്യാറായതുമില്ല.

കുര്യനും റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരനും രണ്ടു തട്ടിലായി. ചെമ്പനോടയില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ മന്ത്രി ആവര്‍ത്തിച്ച് റിപ്പോര്‍ട്ട് ചോദിച്ചിട്ടും സെക്രട്ടറി നല്‍കിയിരുന്നില്ല.

ഒടുവില്‍ ഗതികെട്ട് കുര്യനെ മാറ്റണമെന്നു റവന്യൂവകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ തന്നെ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടും അതിനും മുഖ്യമന്ത്രി വഴങ്ങിയില്ല. ഇതെല്ലാം തന്നെ സിപിഎം-സിപിഐ പോര് മൂര്‍ച്ചിക്കാന്‍ ഇടവരുത്തി. അപ്പോഴാണ്‌ ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കപ്പെടുന്നത്.

വിവാദവിഷയമായ കേരളാ കോണ്‍ഗ്രസ് ബന്ധം ഒപ്പം പൊന്തിവന്നപ്പോള്‍ ഒട്ടും കാത്ത് നില്‍ക്കാതെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ് ആദ്യ വെടി പൊട്ടിച്ചത്. പക്ഷെ ചെങ്ങന്നൂര്‍ അഭിമാന പ്രശ്നമായി കരുതി പാര്‍ട്ടി ജില്ലാ സെക്രട്ടറിയെ തന്നെ മത്സരത്തിന്നിറക്കിയ സിപിഎം ചെങ്ങന്നൂര്‍ വിഷയത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല. അതുകൊണ്ട് തന്നെയാണ് കാനത്തിനു ചുട്ട മറുപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തന്നെ രംഗത്ത് വന്നത്. ഈ പോര് കനക്കുന്ന സൂചനകളാണ് മുന്നിലുള്ളത്. ഇരു പാര്‍ട്ടികള്‍ക്കും മുന്നില്‍ രൂപപ്പെടുന്നത് ആഴത്തിലുള്ള പ്രതിസന്ധിയുമാണ്.