രാഹുൽ രാജി സന്നദ്ധത അറിയിച്ചു, വർക്കിംഗ് കമ്മിറ്റി നിരാകരിച്ചു

ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ വൻ തിരിച്ചടി ചർച്ച ചെയ്യാൻ ഇന്ന് ഡൽഹിയിൽ ചേർന്ന കോൺഗ്രസ് വർക്കിങ് കമ്മിറ്റി യോഗത്തിൽ പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധി തന്റെ രാജി സന്നദ്ധത അറിയിച്ചു.

“വർക്കിംഗ് കമ്മിറ്റിയെ അഭിസംബോധന ചെയ്യവേ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി തന്റെ രാജി സന്നദ്ധത അറിയിച്ചു. എന്നാൽ വർക്കിംഗ് കമ്മിറ്റി ഏകകണ്ഠേന അത് നിരാകരിച്ചു. വിഷമതകൾ നിറഞ്ഞ ഈ കാലയളവിൽ അദ്ദേഹത്തിന്റെ നേതൃത്വപരമായ സാനിധ്യവും മാർഗനിർദ്ദേശവും പാർട്ടിക്ക് അനിവാര്യമാണെന്ന് അദ്ദേഹത്തെ യോഗം ബോധ്യപ്പെടുത്തി,” യോഗശേഷം വർക്കിംഗ് കമ്മിറ്റിക്ക് വേണ്ടി പുറപ്പെടുവിച്ച പ്രസ്താവന പറഞ്ഞൂ.

യുപിഎ അധ്യക്ഷ സോണിയാ ഗാന്ധി, മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് തുടങ്ങി പാർട്ടിയുടെ പ്രമുഖ നേതാക്കളെല്ലാം യോഗത്തിൽ പങ്കെടുത്തു.