രാഹുൽ ഗാന്ധി കേരളത്തിൽ; കൃപേഷിന്‍റെയും ശരത് ലാലിന്‍റെയും വീടുകൾ ഇന്ന്‌ സന്ദർശിക്കും

കോഴിക്കോട്: സംസ്ഥാനത്തെ യുഡിഎഫിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ക്ക് തുടക്കമിടാനായി കേരളത്തിലെത്തിയ എഐസിസി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ആദ്യ പരിപാടി തൃപ്രയാറില്‍. രാവിലെ പത്തിന് ഇന്‍ഡോര്‍ സ്റ്റേഡിയത്തിലെ ദേശീയ മല്‍സ്യ തൊഴിലാളി സമ്മേളനത്തിൽ രാഹുല്‍ പങ്കെടുക്കും.

തുടർന്ന് കണ്ണൂർ വിമാനത്താവളത്തിലെത്തുന്ന രാഹുല്‍ ഗാന്ധി കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബിന്‍റെ കുടുംബാംഗങ്ങളെ കാണും. ഒരു മണിയോടെ പെരിയയിലേക്ക് പുറപ്പെടുന്ന രാഹുല്‍ കൊല്ലപ്പെട്ട ശരത് ലാലിന്‍റെയും കൃപേഷിന്‍റെയും വീടുകള്‍ സന്ദർശിക്കും.തുടര്‍ന്ന് നാലരയോടെ കോഴിക്കോട് ബീച്ചില്‍ സംഘടിപ്പിക്കുന്ന ജനമാഹാറാലിയില്‍ പങ്കെടുക്കും.

ഇന്നലെ രാത്രി രാമനിലയത്തിലെത്തിയ തൃശൂർ അതിരൂപത ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്, തിരുവമ്പാടി, പാറമേക്കാവ് ദേവസ്വം ഭാരവാഹികൾ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. സ്വകാര്യ സന്ദർശനമായിരുന്നുവെന്ന് മാർ ആൻഡ്രൂസ് താഴത്ത് പ്രതികരിച്ചു.