രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ; പശ്ചിമബംഗാള്‍ ഗവര്‍ണര്‍ പ്രധാനമന്ത്രിയുമായും ആഭ്യന്തരമന്ത്രിയുമായും കൂടിക്കാഴ്ച നടത്തി

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ രൂക്ഷമായ സാഹചര്യത്തില്‍ ഗവര്‍ണര്‍ കേസരിനാഥ് ത്രപാഠി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും അമിത് ഷായുമായും കൂടിക്കാഴ്ച നടത്തി. സംസ്ഥാനത്തെ നിലനില്‍ക്കുന്ന സാഹചര്യം ഗവര്‍ണര്‍ ഇരുവരെയും അറിയിച്ചു.

അതേസമയം പശ്ചിമ ബംഗാളില്‍ രാഷ്ട്രപതി ഭരണം ആവശ്യപ്പെടില്ലെന്ന് ബിജെപി വ്യക്തമാക്കി. എന്നാല്‍ തങ്ങളുടെ രാഷ്ട്രീയ പരിപാടികള്‍ നിയന്ത്രിച്ച മമതാ ബാനര്‍ജിയുടെ നടപടികളെ പ്രതിരോധിക്കുമെന്ന് ബിജെപി ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ വര്‍ഗിയ പറഞ്ഞു.

ശനിയാഴ്ച നോര്‍ത്ത് 24 പാരഗണാസിലെ സംഘര്‍ഷത്തില്‍ നാലു പേര്‍ കൊല്ലപ്പെട്ടതോടെയാണ് സംഘര്‍ഷം രൂക്ഷമായത്. ബിജെപി പ്രവര്‍ത്തകരുടെ മൃതദേഹങ്ങള്‍ കൊല്‍ക്കത്തയിലെ പാര്‍ട്ടി ആസ്ഥാനത്ത് എത്തിച്ച് അന്ത്യകര്‍മങ്ങള്‍ ചെയ്യാന്‍ പൊലീസ് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി 12 മണിക്കൂര്‍ ബന്ദ് നടത്താന്‍ ബിജെപി ആഹ്വാനം ചെയ്തു. സംഭവത്തില്‍ കേന്ദ്രമന്ത്രി അമിത് ഷാ റിപ്പോര്‍ട്ട് തേടിയിരുന്നു.