രാഷ്ട്രീയ ശ്രദ്ധ ചെങ്ങന്നൂരിലേക്ക് തിരിയുന്നു; അരങ്ങൊരുങ്ങുന്നത് ശക്തമായ ത്രികോണ മത്സരത്തിന്

എം. മനോജ്‌ കുമാര്‍

തിരുവനന്തപുരം: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള ആശങ്കകള്‍ അവസാനിപ്പിച്ചുകൊണ്ടാണ് ചെങ്ങന്നൂരില്‍ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച് ഇന്നലെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ അറിയിപ്പ് വന്നത്. തിരഞ്ഞെടുപ്പ് വിജ്ഞാപനം അനന്തമായി നീളുന്നതില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കിടയില്‍ അസ്വസ്ഥത നിലനില്‍ക്കെയാണ് ഇന്നലെ അറിയിപ്പ്  വരുന്നത്. തിരഞ്ഞെടുപ്പ് വിജ്ഞാപനം മേയ് മൂന്നിനാണ്  പുറത്തിറങ്ങുന്നത്.

നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം മേയ് പത്തിനാണ്. പക്ഷെ ആലപ്പുഴ ജില്ലയില്‍ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നു കഴിഞ്ഞു. കൃത്യം ഒരു മാസം മാത്രമാണ് എല്‍ഡിഎഫ്, യുഡിഎഫ്, എന്‍ഡിഎ മുന്നണികള്‍ക്ക് പ്രചാരണത്തിനുള്ള സമയം ലഭിക്കുന്നത്.

വിജ്ഞാപനം നീളുന്നതില്‍ ബിജെപിയുടെ കൈകള്‍ ഉണ്ട് എന്ന ആരോപണമാണ് ഇതുവരെ മുഴങ്ങിക്കൊണ്ടിരുന്നത്. കര്‍ണാടക തിരഞ്ഞെടുപ്പ് കഴിഞ്ഞു ബിജെപി കേന്ദ്ര നേതൃത്വത്തിനു ചെങ്ങന്നൂരില്‍ ശ്രദ്ധിക്കാനുള്ള അവസരമാണ് ഒരുക്കി നല്‍കുന്നത് എന്നായിരുന്നു ആക്ഷേപം. ബിജെപി നേതാക്കള്‍ ഇത് തള്ളിക്കളഞ്ഞെങ്കിലും ആരോപണം ആരോപണമായി തന്നെ നിലനില്‍ക്കെയാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിജ്ഞാപനം വരുന്നത്.

മേയ് 28 ന് ചെങ്ങന്നൂരില്‍ വോട്ടെടുപ്പ് നടക്കുമ്പോള്‍ 31ന് വോട്ടെണ്ണുകയും ചെയ്യും. കേരളത്തിലെ മറ്റ് മണ്ഡലങ്ങളില്‍ നിന്നും വ്യത്യസ്തമായി ത്രികോണ മത്സരത്തിന്നാണ് ചെങ്ങന്നൂരില്‍ അരങ്ങൊരുന്നത്.

യുഡിഎഫില്‍ നിന്നും കഴിഞ്ഞ തവണയാണ് ഇദംപ്രഥമമായി കെ.കെ.രാമചന്ദ്രന്‍ നായര്‍ വഴി എല്‍ഡിഎഫ് ചെങ്ങന്നൂര്‍ പിടിച്ചടക്കുന്നത്.

പക്ഷെ അപ്രതീക്ഷിതമായി വന്ന കെ.കെ.രാമചന്ദ്രന്‍ നായരുടെ വിയോഗം വീണ്ടും ചെങ്ങന്നൂര്‍ ഇടതുമുന്നണിയ്ക്ക് ഒരു വെല്ലുവിളിയാക്കി മാറ്റിയിട്ടുണ്ട്.

കെ.കെ.രാമചന്ദ്രന്‍ നായരുടെ വ്യക്തിപ്രഭാവത്തിന്റെ തണലിലാണ് സിപിഎം ചെങ്ങന്നൂര്‍ പിടിച്ചത്. ചെങ്ങന്നൂര്‍ ഒരു യുഡിഎഫ് മണ്ഡലമാണ്. 13 നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ എട്ടു തവണയും വിജയിച്ചത് യുഡിഎഫ് ആണ്. ഇതില്‍ ശോഭനാ ജോര്‍ജ് തുടര്‍ച്ചയായി മൂന്നു തവണ ചെങ്ങന്നൂരിനെ നിയമസഭയില്‍ പ്രതിനിധാനം ചെയ്തു. വിഷ്ണുനാഥ് രണ്ടു തവണയും.

മൂന്നാമത് അതായത് കഴിഞ്ഞ തവണ വിഷ്ണുനാഥിന് സംഭവിച്ച പാകപ്പിഴകളാണ് ചെങ്ങന്നൂര്‍ കോണ്‍ഗ്രസിന് നഷ്ടപ്പെടുത്തിയത്. ഈ സാഹചര്യത്തിലാണ് പൊതുവേ മണ്ഡലത്തില്‍ സ്വീകാര്യനായ കെ.കെ.രാമചന്ദ്രന്‍ നായര്‍ സ്ഥാനാര്‍ഥിയായയി വരുന്നത്. അപ്പോള്‍  ജയം സിപിഎമ്മിന് ഒപ്പം നിന്നു. പക്ഷെ ഇപ്പോള്‍ സാഹചര്യം മാറുകയാണ്.

ഇടതുഭരണത്തിന്റെ ഒരു വിധിയെഴുത്താകും ചെങ്ങന്നൂരില്‍ നടക്കുക. ഇടത് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികം വരുന്ന മേയ് മാസത്തില്‍ തന്നെയാണ് ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പും വരുന്നത്. അതിനാല്‍ ചെങ്ങന്നൂര്‍ ഇടത് ഭരണത്തിന്റെ വിലയിരുത്തല്‍ കൂടിയായി മാറും. സര്‍ക്കാരിനോട് ജനങ്ങള്‍ക്ക് പ്രതിഷേധമുണ്ടെങ്കില്‍ അത് തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും.

കോണ്‍ഗ്രസ് ആണെങ്കില്‍ ചെങ്ങന്നൂര്‍ തിരിച്ച് പിടിക്കാനായി ചെങ്ങന്നൂര്‍കാരനായ കോണ്‍ഗ്രസ് നേതാവ് ഡി.വിജയകുമാറിനെയാണ് രംഗത്തിറക്കിയിട്ടുള്ളത്. മണ്ഡലം എന്ത് വിലകൊടുത്തും വീണ്ടെടുക്കാന്‍ ആലപ്പുഴ സിപിഎം ജില്ലാ സെക്രട്ടറിയായ സജി ചെറിയാനെയാണ് സിപിഎം നിയോഗിച്ചിട്ടുള്ളത്. കഴിഞ്ഞ തവണ തിളക്കമാര്‍ന്ന പ്രകടനം മണ്ഡലത്തില്‍ നടത്തിയ പി.എസ്.ശ്രീധരന്‍പിള്ളയെ തന്നെ ബിജെപി വീണ്ടും സ്ഥാനാര്‍ഥിയാക്കിയിട്ടുണ്ട്.

ശക്തമായ ത്രികോണ മത്സരം വരുമ്പോഴും മണ്ഡലം കയ്യില്‍ തന്നെ നിര്‍ത്താനുള്ള എല്ലാ രാഷ്ട്രീയ നീക്കങ്ങളും സിപിഎം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇത് സിപിഎമ്മിന് ചെങ്ങന്നൂരില്‍ പതിവില്‍ കവിഞ്ഞ ആത്മവിശ്വാസവും കൈവരുത്തിയിട്ടുണ്ട്.

ചെങ്ങന്നൂരില്‍ സജി ചെറിയാന്‍ തന്നെ വിജയിക്കും എന്ന കണക്കുകൂട്ടലാണ് സിപിഎമ്മിനും ഉള്ളത്. വിവിധ പ്രചാരണഘട്ടങ്ങള്‍ സജി ചെറിയാന്‍ മണ്ഡലത്തില്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.

പറയാനുള്ള എല്ലാ കാര്യങ്ങളും ജനങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞും കഴിഞ്ഞു. ചെങ്ങന്നൂരിറെ സമഗ്ര വികസനത്തിനു പദ്ധതികളും സിപിഎം പ്രഖ്യാപിച്ചിട്ടുണ്ട്. വിവിധ മന്ത്രിമാര്‍ ദിവസങ്ങളോളം ചെങ്ങന്നൂരില്‍ തമ്പടിച്ച് വിവിധ ജനകീയ പ്രശ്നങ്ങള്‍ക്ക് പരിഹാരവും നല്‍കിക്കഴിഞ്ഞിട്ടുണ്ട്. ഇടത് സര്‍ക്കാരിനു ഇനിയും മൂന്നു വര്‍ഷം ബാക്കി നില്‍ക്കെ മണ്ഡലത്തില്‍ സിപിഎമ്മിനെ ജയിപ്പിക്കേണ്ട ആവശ്യകത സിപിഎം ജനങ്ങള്‍ക്ക് മുന്നില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഉപതിരഞ്ഞെടുപ്പുകളില്‍ ഭരണത്തിലിരിക്കുന്ന പാര്‍ട്ടിയെ വിജയിപ്പിക്കുന്ന കേരളത്തിലെ രീതികളും സിപിഎം വോട്ടര്‍മാരെ ഓര്‍മ്മിപ്പിച്ച് കഴിഞ്ഞിട്ടുണ്ട്. മറുവശത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഡി.വിജയകുമാര്‍ ആവേശത്തിലാണ്. 1991-ല്‍ തനിക്ക് നഷ്ടമായ സ്ഥാനാര്‍ഥിത്വ കാര്യം ഓര്‍മ്മിപ്പിച്ച് കൊണ്ടുള്ള പ്രചാരണ തന്ത്രമാണ് വിജയകുമാര്‍ ചെങ്ങന്നൂരില്‍ സ്വീകരിക്കുന്നത്.

ചെങ്ങന്നൂരില്‍ സുപരിചിതനുമാണ് വിജയകുമാര്‍. ജനങ്ങള്‍ക്കൊപ്പമുള്ള നേതാവാണ്‌. ചെങ്ങന്നൂരിലെ മിക്ക പരിപാടികളിലും ചടങ്ങുകളിലും സജീവ സാന്നിധ്യവുമാണ് വിജയകുമാര്‍.

ഇതെല്ലാം വോട്ടായി മാറ്റാന്‍ തനിക്ക് കഴിയുമെന്ന ആത്മവിശ്വാസമാണ് വിജയകുമാര്‍ പ്രകടിപ്പിക്കുന്നത്. മറുവശത്ത് ബിജെപി സ്ഥാനാര്‍ഥിയായ അഡ്വക്കേറ്റ് പി.എസ്. ശ്രീധരന്‍പിള്ളയും ശക്തമായ പ്രചാരണം തന്നെ നടത്തിക്കഴിഞ്ഞിട്ടുണ്ട്.

42682 വോട്ടുകള്‍ ആണ് കഴിഞ്ഞ ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പില്‍ ശ്രീധരന്‍ പിള്ള നേടിയത്. കഴിഞ്ഞ തവണ വിജയിയായ കെ..കെ. രാമചന്ദ്രന്‍നായര്‍ നേടിയത് 52880 വോട്ടും. പതിനായിരം വോട്ടുകള്‍ കൂടുതല്‍ നേടിയാല്‍ ചെങ്ങന്നൂര്‍ പിടിക്കാന്‍ തനിക്ക് കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് ശ്രീധരന്‍പിള്ള. പക്ഷെ കഴിഞ്ഞ തവണ മോദിയുടെ വ്യക്തിപ്രഭാവം പിള്ളയെ തുണച്ചിരുന്നു.

വിഷ്ണുനാഥ് വിരുദ്ധ വോട്ടുകളും പിള്ളയെ തേടിയെത്തി. പക്ഷെ ഇക്കുറി സ്ഥിതി വ്യത്യസ്തമാണ്. മോദിയുടെ വ്യക്തിപ്രഭാവം അതേ രീതിയില്‍ നിലനില്‍ക്കുന്നുണ്ടോ എന്ന് സംശയമാണ്.

കഴിഞ്ഞ തവണ ഒറ്റകെട്ടായി നിന്ന ബിഡിജെഎസ് വോട്ടുകളും അതേ രീതിയില്‍ ലഭിക്കുമോ എന്ന് സംശയമാണ്. എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ആണെങ്കില്‍ സിപിഎം അനുകൂല നീക്കങ്ങളുമായി ശക്തമായി രംഗത്തുണ്ട്. ഇതെല്ലാം തന്നെ ശ്രീധരന്‍ പിള്ളയെ ദോഷകരമായി ബാധിക്കുന്ന ഘടകങ്ങളാണ്.

ഇനി വരുന്നത് മൂന്നു മുന്നണികളുടെയും ശക്തമായ പ്രചാരണത്തിന്റെ ദിവസങ്ങളാണ്. കര്‍ണ്ണാടക തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ദേശീയ ശ്രദ്ധ തന്നെ ചെങ്ങന്നൂരിലേക്ക് തിരിയും. കാരണം കര്‍ണാടക കഴിഞ്ഞാല്‍ ചെങ്ങന്നൂരിലെ വിജയത്തിന് കരുക്കള്‍ നീക്കി ബിജെപിയുടെ കേന്ദ്ര നേതാക്കളുടെ സാന്നിധ്യം കൂടി ചെങ്ങന്നൂരില്‍ ദൃശ്യമാകും.