രാഷ്ട്രീയ പാര്‍ട്ടികള്‍ നിര്‍മ്മിക്കേണ്ടത് ക്ഷേത്രങ്ങളല്ല, സ്‌കൂളുകള്‍; കേന്ദ്രമന്ത്രി

പാറ്റ്‌ന: കേന്ദ്രസര്‍ക്കാരിനും ബീഹാര്‍ സര്‍ക്കാരിനുമെതിരെ എന്‍.ഡി.എ ഘടകകക്ഷിയായ രാഷ്ട്രീയ ലോക് സമതാ പാര്‍ട്ടിയുടെ നേതാവും കേന്ദ്രമന്ത്രിയുമായ ഉപേന്ദ്ര കുശ്‌വ. രാഷ്ട്രീയ പാര്‍ട്ടികള്‍, ക്ഷേത്രങ്ങളല്ല, സ്‌കൂളുകളാണ് നിര്‍മ്മിക്കേണ്ടതെന്ന് കുശ്‌വ പറഞ്ഞു. സംസ്ഥാനത്ത് മതിയായ വിദ്യാഭ്യാസ സ്ഥാപനങ്ങളില്ലെന്ന് കുശ്‌വ ചൂണ്ടിക്കാട്ടി. ആവശ്യത്തിന് അധ്യാപകരില്ല. വിദ്യാഭ്യാസ മേഖലയെ മെച്ചപ്പെടുത്താന്‍ താന്‍ സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ അവഗണിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബീഹാറിലെ ചമ്ബാരനില്‍ പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു കുശ്‌വ. സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്താന്‍ നടപടി സ്വീകരിച്ചാല്‍ തന്നെ നീചനെന്ന് വിളിച്ച മുഖ്യമന്ത്രി നിതീഷ് കുമാറിനോട് ക്ഷമിക്കാന്‍ തയ്യാറാണെന്നും കുശ്‌വ കൂട്ടിച്ചേര്‍ത്തു.

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സീറ്റ് ചര്‍ച്ചകള്‍ വഴി മുട്ടിയതിനെ തുടര്‍ന്ന് ബി.ജെ.പി നേതൃത്വവുമായി ഇടഞ്ഞു നില്‍ക്കുകയാണ് ഉപേന്ദ്ര കുശ്‌വ. അമിത് ഷായുമായി നിരവധി തവണ കൂടിക്കാഴ്ചയ്ക്ക് ശ്രമിച്ചുവെങ്കിലും പരാജയപ്പെട്ടു. ഇനി ബി.ജെ.പി നേതാക്കളുമായി കൂടിക്കാഴ്ചയ്ക്ക് ഇല്ലെന്ന് കുശ്‌വ വ്യക്തമാക്കി. താന്‍ മന്ത്രിയായതിനാല്‍ പ്രധാനമന്ത്രിയെ കാണേണ്ടി വരും. മറ്റ് നേതാക്കളുമായി കാണാനില്ലെന്നും കുശ്‌വ കൂട്ടിച്ചേര്‍ത്തു.