രാഷ്ട്രീയ കൊലപാതകം നടത്താന്‍ മാത്രമുള്ള പ്രകോപനം കോണ്‍ഗ്രസില്‍ നിന്നുണ്ടായിട്ടില്ല: കെ.സുധാകരന്‍

എം.മനോജ്‌ കുമാര്‍ 

തിരുവനന്തപുരം: ഒരു കൊലപാതകം നടത്താന്‍ തക്കവണ്ണമുള്ള പ്രകോപനമൊന്നും കണ്ണൂര്‍ ജില്ലയില്‍ കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ലെന്ന് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവ് കെ.സുധാകരന്‍ 24 കേരളയോട് പറഞ്ഞു.

ഒരു പ്രകോപനവുമില്ലാതെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിനെ സിപിഎം വെട്ടിക്കൊന്നത് എന്തിനാണെന്ന് പാര്‍ട്ടി
പരിശോധിച്ചു കൊണ്ടിരിക്കുകയാണെന്നും സുധാകരന്‍ പറഞ്ഞു. ചെറിയ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ കണ്ണൂര്‍ ജില്ലയില്‍ കോണ്‍ഗ്രസും സിപിഎമ്മും തമ്മിലുണ്ട്. അതൊക്കെ പ്രാദേശിക സംഘര്‍ഷങ്ങള്‍ മാത്രമാണ്.

കുറേ വര്‍ഷങ്ങളായി കൊലപാതകത്തിലേയ്ക്ക്‌ നയിക്കുന്ന ഒരു പ്രകോപനവും കോണ്‍ഗ്രസ് സൃഷ്ടിക്കുന്നില്ല. എന്നാല്‍ ഇപ്പോഴത്തെ സംഭവം സിപിഎം ബോധപൂര്‍വം ആസൂത്രണം ചെയ്തതാണ്.

പ്രതികരിക്കുന്ന കോണ്‍ഗ്രസ്-യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ സിപിഎം ലക്ഷ്യമിട്ട് തുടങ്ങിയിരിക്കുന്നു. കോഴിക്കോട്ക, ണ്ണൂര്‍ ജില്ലകളില്‍ സിപിഎം അക്രമ രാഷ്ട്രീയത്തിന്‌ ശ്രമിക്കുകയാണ്. കൊയിലാണ്ടിയില്‍ സിപിഎം-ബിജെപി സംഘര്‍ഷം രൂക്ഷമാണ്. വടകരയില്‍ ആര്‍എംപി പ്രവര്‍ത്തകരെ സിപിഎം ആക്രമിക്കുന്നു. സിപിഎം-ബിജെപി സംഘര്‍ഷം കണ്ണൂര്‍ ജില്ലയില്‍ പരക്കെ നടക്കുന്നു. ഇതേ അവസരത്തില്‍ തന്നെ മുസ്ലിം ലീഗിനെയും സിപിഎം ആക്രമിക്കുന്നു – സുധാകരന്‍ ചൂണ്ടിക്കാട്ടി.

ഭരണത്തിന്റെ തണലില്‍ സിപിഎം എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കുമെതിരെ അക്രമം അഴിച്ചുവിടുകയാണെന്ന് ഇതില്‍ നിന്ന് വ്യക്തമാണ്. ഇപ്പോള്‍ സിപിഎം കൊലക്കത്തി പുറത്തെടുത്തിരിക്കുന്നത് കോണ്‍ഗ്രസിനെതിരെയാണ്. ഒരു യൂത്ത് കോണ്‍ഗ്രസ് നേതാവിനെ തന്നെ വെട്ടിക്കൊന്നിരിക്കുന്നു. ക്രൂരമായ ഈ കൊലപാതകം അപലപനീയം മാത്രമല്ല. നികൃഷ്ടവുമാണ്. ഇതിന് എന്താണ് കാരണം? അത് കൂടി സിപിഎം വ്യക്തമാക്കണം.

കണ്ണൂരില്‍ ഷുഹൈബിനെ വെട്ടിക്കൊന്ന സിപിഎം ഇതുകൊണ്ടൊന്നും നിര്‍ത്താന്‍ പോകുന്നില്ല. അവര്‍ കണ്ണൂര്‍ ലോക്സഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ലക്ഷ്യം വെയ്ക്കുകയാണ്. ഇത്തവണ പി.കെ.ശ്രീമതി ടീച്ചര്‍ കണ്ണൂര്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെടും എന്ന ഭീതി സിപിഎമ്മിനെ വേട്ടയാടുന്നുണ്ട്‌. അതുകൊണ്ട് തന്നെയാകണം കോണ്‍ഗ്രസിനെതിരെ സിപിഎം കൊലക്കത്തി രാഷ്ട്രീയം പുറത്തെടുക്കുന്നത്. കോണ്‍ഗ്രസിനെ നിര്‍വീര്യമാക്കാനുള്ള നീക്കങ്ങള്‍ ഇതിനു പിന്നിലുണ്ട്. സിപിഎം വിഭാഗീയതയും രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് പ്രേരണയാകുന്നുണ്ട് – സുധാകരന്‍ പറഞ്ഞു.

ഇന്നലെ രാത്രിയാണ് മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ ഒരു സംഘം ആളുകള്‍ വെട്ടിക്കൊന്നത്. ബോംബെറിഞ്ഞു ഭീതി പരത്തിയ ശേഷമായിരുന്നു കൃത്യം. കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഇന്ന്‌ കണ്ണൂര്‍ ജില്ലയില്‍ കോണ്‍ഗ്രസ് ഹര്‍ത്താല്‍ നടത്തുകയാണ്.