രാമായണം 500 കോടിക്ക് സിനിമയാക്കുന്നു

ഭാരതത്തിന്റെ സംഭാവനയായ രണ്ട് ഇതിഹാസങ്ങളില്‍ ഒന്നായ രാമായണം സിനിമയായി നിര്‍മ്മിക്കുന്നു. ഇതിനായി 500 കോടി രൂപയോളമാണ് മുടക്കുന്നത്. തെലുങ്കിലും തമിഴിലും ഹിന്ദിയിലും ആയിട്ടായിരിക്കും സിനിമ ഒരുങ്ങുക. ത്രീഡിയിലായിരിക്കും സിനിമ.

ദംഗലിന്റെ സംവിധായകന്‍ നിതേഷ് തിവാരി, തെലുങ്ക് നിര്‍മാതാവ് അല്ലു അരവിന്ദ്, മധു മന്റേന, നമിത് മല്‍ഹോത്ര, മോം എന്ന ചിത്രത്തിന്റെ സംവിധായകന്‍ രവി ഉദയ്വാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

രാമായണത്തിനോട് പൂര്‍ണമായും നീതി പുലര്‍ത്തുന്ന ഒരു ചിത്രമായിരിക്കും ഇത്. മൂന്ന് ഭാഗങ്ങളായാണ് പുറത്തിറക്കുന്നത്. അടുത്ത വര്‍ഷം സിനിമയുടെ ചിത്രീകരണം ആരംഭിക്കും. 2021 ല്‍ ചിത്രം പുറത്തുവിടാനാണ് തീരുമാനം.