“രാധേ…” വിളി നിലച്ചു

വി. ശശികുമാർ 

സൽക്കരിച്ചും, ഇണങ്ങിയും, പിണങ്ങിയും ചീത്തവിളിച്ചും ശകാരിച്ചും സ്വന്തമാക്കാൻ ശ്രമിച്ചകന്നിരുന്ന പഴവിള രമേശൻ സർക്കാർ പ്രഖ്യാപിച്ച സമ്മാനം വാങ്ങാതെ ഇന്ന് കടന്നുപോയി.


കൊല്ലത്തെ ഈഴവ പ്രമാണിത്തവും കുടുംബ പാരമ്പര്യവും നിലനിർത്താൻ  ജീവിച്ചു രണ്ടു മൂന്നു തലമുറയിലെ എഴുത്തുകാരെയും സാംസ്കാരിക പ്രമാണികളെയും സൽക്കരിച്ച് ഭാര്യ രാധയുടേതടക്കം എല്ലാ സ്വത്തുക്കളും നഷ്ടപ്പെടുത്തി ആരുടെ മുന്നിലും തലകുനിക്കാതെ പഴവിള രമേശൻ യാത്രയായി.


പഴവിളയുടെ സഹായം ലഭിക്കാത്ത മുൻ തലമുറക്കാർ വിരളമാണ്. പലരുടെയും ആപത്തുകാലത്ത് അവർ ചോദിക്കാതെ സ്വന്തം സുരക്ഷിത്വത്തിനും ഖ്യാതിക്കും ക്ഷതമുണ്ടാകുമെന്നു പോലും നോക്കാതെ സഹായിച്ചും മനസ്സിൽ തോന്നുന്നത് വിളിച്ച് പറഞ്ഞും ജീവിച്ച പഴവിള രമേശൻ അതുകൊണ്ടു കൂടി അഹങ്കാരി ആയിരുന്നു. പലപ്പോഴും ഒരു തുറന്നെഴുത്തുകാരനും. 


എഴുപതുകളിലെ തീവ്രവാദ പ്രസ്ഥാനങ്ങളിലുള്ള പലർക്കും അഭയകേന്ദ്രം പഴവിളയുടെ തിരുവനന്തപുരത്ത് പിഎംജിയിലുള്ള വീടായിരുന്നു. എൺപതുകളുടെ ഒടുക്കമായപ്പോൾ പനവിളയിലെ വീടായി പുരോഗമന ചിന്താഗതിക്കാരുടെ സങ്കേതം. എൺപതുകളുടെ മധ്യത്തിൽ തിരുവനന്തപുരത്തു നടന്ന ‘സെക്കുലർ സംസ്കാര’ സമ്മേളനത്തിന്റെ ചർച്ചകൾ മുഴുവൻ നടന്നത് ആ വീട്ടിലായിരുന്നു. 


ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് പല പ്രശസ്തരെയും തലസ്ഥാനനഗരിയിൽ ഒന്നിച്ചു കൊണ്ടുവരാൻ പഴവിള നേതൃത്വമെടുത്തതും പിന്നിൽ ബി. രാജീവനും മൈത്രേയനും ഭാസുരചന്ദ്രബാബുവും നിന്നിരുന്നതും എത്രപേർക്കറിയാമെന്നറിയില്ല.കുറെ വർഷം കടമ്മനിട്ട രാമകൃഷ്ണനും പഴവിളയും ചേർന്ന്  കായിക്കര ആശാൻ സ്മാരകസമതി സജീവമായി കൊണ്ടുനടന്നതും ഓർക്കുന്നു. 

പ്രമേഹ രോഗത്തെ തുടർന്ന് ഒരു കാൽ മുറിക്കേണ്ടി വന്ന പഴവിള പനവിളയിലെ വീടും ആ പഴയ അംബാസിഡർ കാറും വിറ്റ് താൻ വര്ഷങ്ങളോളം ജോലി ചെയ്ത ഭാഷാ ഇൻസ്റ്റിട്യൂട്ടിനടുത്തു തന്നെ കഴിഞ്ഞു, അപ്പോഴേക്ക് സന്ദർശകാരുടെ എണ്ണം കുത്തനെ ഇടിഞ്ഞിരുന്നു. അടുക്കളയിൽ രാധ മാത്രം… 

കടമ്മനിട്ട രാമകൃഷ്ണൻ, പഴവിള രമേശൻ, അടൂർ ഗോപാലകൃഷ്ണൻ, പാരീസ് വിശ്വനാഥൻ തുടങ്ങിയവർ അഖിലേന്ത്യാ യാത്രക്കിടയിൽ


ഏറ്റവും ഒടുവിൽ പൊതുവേദിയിൽ കണ്ടത് അടൂരിന്റെ അവസാന ഫീച്ചർ ചിത്രമായ  ‘പിന്നെ’യിലെ അണിയറ പ്രവർത്തകർക്ക് തിരുവനന്തപുരത്ത് തൈക്കാട് സൂര്യ കൃഷ്ണമൂർത്തിയുടെ വീടിനോട് ചേർന്നുള്ള ‘ഗണേശ’ത്തിൽ  നൽകിയ സ്വീകരണചടങ്ങിലായിരുന്നു  

അടൂരും കടമ്മനിട്ടയും പാരീസ് വിശ്വനാഥനുമായി എഴുപതുകളിൽ  നടത്തിയ വിഖ്യാതമായ അഖിലേന്ത്യാ യാത്രാനുഭവം ആ സന്ദർഭത്തിൽ പഴവിള പങ്കുവച്ചു. അടൂരിന് എന്ത് തോന്നും എന്ന് നോക്കാതെയുള്ള ആ തുറന്നുപറച്ചിൽ കേട്ടിരുന്നവരെ അമ്പരിപ്പിച്ചു. അതായിരുന്നു  പഴവിള രമേശൻ.
അതിഥികൾക്ക് പുറകെ പഴവിളയും യാത്രപറഞ്ഞതോടെ “രാധേ…” “രാധേ…” എന്ന് അകത്തേക്ക് നീട്ടിവിളിച്ചു ചായയും കശുവണ്ടിയും എടുപ്പിക്കുന്ന പഴവിളയുടെ ആ വിളി ഇനിയില്ല. 
സാന്ദ്രമായ ദുഃഖം ഒരു മിഴിനീരിലോതുക്കി രാധച്ചേച്ചി നില്കുന്നത് ഞാൻ കാണുന്നു.