രാജ്‌കുമാറിന്റെ കസ്റ്റഡിക്കൊല ; റീപോസ്റ്റ്‍മോര്‍ട്ടത്തിൽ വ്യക്തമായ തെളിവുകൾ

കോട്ടയം : നെടുങ്കണ്ടം കസ്റ്റഡി കൊലക്കേസില്‍ രാജ്‌കുമാര്‍ മരിച്ചത് ക്രൂരമായ മര്‍ദ്ദനത്തെ തുടര്‍ന്നാണെന്ന് റീപോസ്റ്മോര്‍ട്ടത്തിൽ തെളിഞ്ഞു. ക്രൂരമർദ്ദനം നടന്നിട്ടുണ്ടെന്ന് തെളിയിക്കുന്ന റിപ്പോർട്ട്. ആദ്യത്തെ പോസ്റ്മോര്‍ട്ടത്തില്‍ രേഖപ്പെടുത്താത്ത പരിക്കുകള്‍ രണ്ടാമത് നടത്തിയ പോസ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തി.

ഇന്ന് രാവിലെ പുറത്തെടുത്ത രാജ്‌കുമാറിന്റെ മൃതദേഹം കാഞ്ഞിരപ്പള്ളി താലൂക്കാശുപത്രിയില്‍ വെച്ചാണ് പോസ്റ്റ്മോര്‍ട്ടം നടത്തിയത്. ഡോ. കെ പ്രസന്നന്‍, ഡോ. എ കെ ഉന്മേഷ് എന്നിവരടങ്ങിയ സംഘമാണ് റീപോസ്റ്റ്‍മോര്‍ട്ടം ചെയ്തത്.

മൃതദേഹത്തില്‍ മര്‍ദ്ദനമേറ്റതിന്റെ പാടുകള്‍ ഉണ്ടായിരുന്നു. നെഞ്ചിന്റെയും വയറിന്റെയും തുടയുടെയും പിന്നില്‍ പരിക്കുകളുണ്ട്. കാലുകള്‍ ബലമായി അകത്തിയതിന്റെ പാടുകളും റീപോസ്റ്മോര്‍ട്ടത്തില്‍ നിന്ന് അറിയാന്‍ സാധിച്ചു. ഈ മുറിവുകള്‍ മരണകാരണമായേക്കും എന്നാണ് ജസ്റ്റിസ് നാരായണക്കുറുപ്പിന്റെ നേതൃത്വത്തിലുള്ള കമ്മീഷന്‍ കണ്ടെത്തിയിരിക്കുന്നത്.

അത് കൊണ്ട് തന്നെ കസ്റ്റഡിയില്‍ വെച്ചോ പുറത്ത് വെച്ചോ രാജ്‌കുമാര്‍ നേരിട്ട മര്‍ദ്ദനങ്ങള്‍ കൊണ്ട്തന്നെയാകാം മരണത്തിനും കാരണമെന്നും ജസ്റ്റിസ് നാരായണക്കുറുപ്പ് പറഞ്ഞു.

രാജ്‌കുമാറിന്റെ ആന്തരികാവയവങ്ങള്‍ വിദഗ്ധ പരിശോധനയ്ക്കായി എടുത്തിട്ടുണ്ട്. ഗുരുതരമായ അണുബാധയും തുടര്‍ന്ന് വന്ന ന്യുമോണിയയും ആണ് മരണകാരണം എന്നാണ് ആദ്യ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. എന്നാല്‍ അന്ന് വിട്ടുപോയ മുറിവുകളാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്.