രാജ്യത്ത് ഡിജിറ്റല്‍ പണമിടപാടുകള്‍ കുറയുന്നതായി ആര്‍.ബി.ഐ


ന്യൂഡല്‍ഹി : രാജ്യത്ത് ഡിജിറ്റല്‍ പണമിടപാടുകള്‍ കുറയുന്നതായി റിസര്‍വ് ബാങ്ക് കണക്കുകള്‍. ഫെബ്രുവരിയിലെ ഡിജിറ്റല്‍ പണമിടപാടുകള്‍ ജനുവരിയേക്കാള്‍ പിന്നിലാണ് എന്നാണ് ആര്‍.ബി.ഐ പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നത്.

 

115 ട്രില്യണ്‍ രൂപ മൂല്യമുള്ള ഇടപാടുകളാണ് ഫെബ്രുവരിയില്‍ നടന്നത്. ജനുവരിയില്‍ ഇത് 131 ട്രില്യണ്‍ രൂപയായിരുന്നു. ഫെബ്രുവരിയില്‍ 1.09 ബില്യണ്‍ ഇടപാടുകളാണ് നടന്നതെങ്കില്‍ ജനുവരിയില്‍ ഇത് 1.12 ബില്യണ്‍ ആയിരുന്നു.
ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, യൂണിഫൈഡ് പെയ്‌മെന്റ് ഇന്റര്‍ഫെയ്‌സ് (യു.പി.ഐ) ഇന്റര്‍നെറ്റ് ബാങ്കിങ് എന്നിവ ഉള്‍പ്പെടെയുള്ള ഇടപാടുകളുടെ കണക്കാണിത്. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ പണമിടപാടുകളില്‍ നിന്നും ഡിജിറ്റല്‍ ഇടപാടുകളിലേയ്ക്ക് മാറ്റുകയാണ് നോട്ട് നിരോധനത്തിന്റെ മുഖ്യ ലക്ഷ്യമായി കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെട്ടിരുന്നത്.

 

ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കാനായി കോടികള്‍ ചെലവിട്ടുള്ള പരസ്യങ്ങളും പ്രചാരണങ്ങളുമാണ് സര്‍ക്കാര്‍ നടത്തിയത്. വേഗത്തിലുള്ള ഡിജിറ്റല്‍ ഇടപാടുകള്‍ക്കായി പ്രധാന മന്ത്രി ഭീം ആപ്പ് പോലുള്ള സംവിധാനങ്ങളും ആരംഭിച്ചിരുന്നു.