രാജ്യത്തെ എല്ലാ ഗ്രാമങ്ങളും വൈദ്യുതീകരിച്ചെന്ന് പ്രധാനമന്ത്രി; നാസയുടെ ചിത്രങ്ങള്‍ ട്വീറ്റ് ചെയ്ത് കേന്ദ്രമന്ത്രി

ന്യൂഡല്‍ഹി: ഇന്ത്യയിലെ എല്ലാ ഗ്രാമങ്ങളും വൈദ്യുതീകരിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അവകാശവാദം. മണിപ്പൂരിലെ ലെയ്സാങ് ഗ്രാമത്തില്‍ വൈദ്യുതി എത്തിയതോടെ രാജ്യത്തെ എല്ലാ ഗ്രാമങ്ങളും വൈദ്യുതീകരിച്ചെന്നാണ് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തത്. എന്നാല്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍ ട്വിറ്ററില്‍ പങ്കുവെച്ച ചിത്രം വിവാദമായിരിക്കുകയാണ്.

2015-ലെ സ്വാതന്ത്ര്യദിന സന്ദേശത്തില്‍ 2018 ഓടെ ഗ്രാമങ്ങളില്‍ വൈദ്യുതി എത്തിക്കുമെന്ന് മോദി പ്രഖ്യാപിച്ചിരുന്നു. വടക്കുകിഴക്കന്‍ ഇന്ത്യയിലെ ഒരു ഒറ്റപ്പെട്ട ഗ്രാമം വൈദ്യുതീകരിച്ചതിലൂടെ ഏപ്രില്‍ 28 എന്നത് ഇന്ത്യയുടെ ചരിത്രത്തില്‍ ഓര്‍മിക്കപ്പെടുമെന്നും ഈ ഗ്രാമമാണ് വൈദ്യുതിയുമായി ഏറ്റവും ഒടുവില്‍ ചേര്‍ക്കപ്പെടുന്ന ഇന്ത്യന്‍ ഗ്രാമമെന്നും മോദി ട്വീറ്റില്‍ വ്യക്തമാക്കി.
അതേസമയം, മോദി സര്‍ക്കാരിന്റെ നിര്‍ണായകമായ നേതൃത്വത്തില്‍ ഇന്ത്യയിലെ എല്ലാ ഗ്രാമങ്ങളും വൈദ്യുതീകരിച്ചിരിക്കുന്നതായി കേന്ദ്രമന്ത്രി പീയുഷ് ഗോയലും ട്വീറ്റ് ചെയ്തു. ഇന്ത്യന്‍ ഗ്രാമീണരുടെ ജീവിതത്തില്‍ നിന്ന് ഇരുട്ടിനെ ഇല്ലാതാക്കി പുതിയ പവര്‍ഫുള്‍ ഇന്ത്യയെ കെട്ടിപ്പെടുക്കാന്‍ നമ്മള്‍ പ്രതിജ്ഞാബദ്ധരാണ് എന്ന കുറിപ്പോടെയാണ് രണ്ട് സാറ്റലൈറ്റ് ചിത്രങ്ങള്‍ ഉള്‍പ്പെടെ ഗോയല്‍ ട്വീറ്റ് ചെയ്തത്. മോദിയുടെ പ്രഖ്യാനത്തിന് മുമ്പുള്ളതും ശേഷമുള്ളതും എന്ന രീതിയിലായിരുന്നു ചിത്രങ്ങള്‍ പങ്കുവെച്ചത്.

എന്നാല്‍ ഗോയല്‍ ട്വീറ്റ് ചെയ്ത ചിത്രങ്ങള്‍ അമേരിക്കല്‍ ബഹിരാകാശ ഏജന്‍സിയായ നാസ പുറത്തുവിട്ട ചിത്രങ്ങളായിരുന്നു. ആദ്യത്തെ ചിത്രം നാസ 2012-ലും രണ്ടാമത്തേത് 2016-ലും പുറത്തുവിട്ടതാണ്. ജനവാസപ്രദേശങ്ങളുടെ ക്രമം വ്യക്തമാക്കുകയായിരുന്നു ചിത്രത്തിന്റെ ഉദ്ദേശം. ഗോയലിന്റെ ഈ വിവാദ ട്വിറ്റ് വൈറലാകുകയും മണിക്കൂറുകള്‍ക്കുള്ളില്‍ 2,000ല്‍ അധികം റീട്വീറ്റ് ചെയ്യപ്പെടുകയും ചെയ്തു. എല്ലാ ദ്വീപാവലിക്കും ഷെയര്‍ ചെയ്യുന്ന ചിത്രം എന്നാണ് ഒരാള്‍ ട്വിറ്ററില്‍ കുറിച്ചത്.

എന്നാല്‍ പ്രധാനമന്ത്രിയുടെ അവകാശവാദത്തിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. യുപിഎയുടെ കാലഘട്ടത്തെ കണക്കും എന്‍ഡിഎയുടെ കണക്കും താരതമ്യം ചെയ്താണ് വക്താവ് രണ്‍ദീപ് സുര്‍ജേവാല ട്വിറ്ററിലൂടെ ബിജെപി സര്‍ക്കാരിന്റെ അവകാശവാദത്തെ ചോദ്യം ചെയ്തത്.