രാജ്യങ്ങളുടെ സൈനിക ശക്തികളെപ്പറ്റിയുള്ള ഒരവലോകനം; വൻശക്തികളുടെ നിർവ്വചനങ്ങളും വർത്തമാന, ഭാവി വൻശക്തികളും

ഋഷി ദാസ്. എസ്സ്.

സമാധാനം നിലനിർത്താനുള്ള ഏറ്റവും എളുപ്പമുളള മാർഗ്ഗം യുദ്ധസജ്ജരായിരിക്കുക എന്നതാണ് എന്ന് പല തത്വചിന്തകരും പ്രസ്താവിച്ചിട്ടുണ്ട് . ആധുനിക കാലത്തു ഒരു പക്ഷെ സമാധാനം നിലനിർത്താനുള്ള ഒരേ ഒരു മാർഗ്ഗവും യുദ്ധ സജ്ജരായിരിക്കുക എന്നത് തന്നെയാണ്. യുദ്ധ വിരുദ്ധരും ”സമാധാന വാദികളും ” എന്തൊക്കെ പറഞ്ഞാലും സൈനികമായി ദുർബലമായ രാജ്യങ്ങളെ സൈനികമായി ശക്തരായ രാജ്യങ്ങൾ കീഴ്പ്പെടുത്തുകയും ചൂഷണം ചെയ്യുകയുമാണ് ചരിത്രത്തിന്റെ ആദ്യം മുതൽ കണ്ടുവരുന്നത്.

നമ്മുടെ ചരിത്രവും അത് തന്നെ. സൈനിക ബലത്തിൽ നാം അദ്വിതീയരായിരുന്ന പൗരാണിക കാലത്തു ഇവിടേക്ക് സൈന്യങ്ങളല്ല , മറിച്ചു സ്ഥാനപതിമാരായിരുന്നു വന്നിരുന്നത് . ചന്ദ്രഗുപ്തന്റെയും , ബിന്ദുസാരന്റെയും കാലത്തു ഈജിപ്തിൽ നിന്നുപോലും സ്ഥാനപതിമാർ ഇന്ത്യയിൽ വന്നിരുന്നു . സൈനികമായി ക്ഷയിച്ചപ്പോഴാകട്ടെ ശത്രു സൈന്യങ്ങളാണ് നമ്മുടെ അതിർത്തികൾ ഭേദിച്ചത് . ഒരു സഹസ്രാബ്ദം നീണ്ടുനിന്ന കോളനി വാഴ്ചയുടെയും കാരണം സൈനികമായി നാം അധ പതിച്ചത് തന്നെയാണ്.

ആധുനിക കാലത്തു സാമ്പത്തിക ശക്തി പോലെ പ്രാധാന്യമേറിയതാണ്  സൈനിക ശക്തിയും. സൈനിക ശക്തിയെ അവഗണിച്ചതിന്റെ തിക്തഫലങ്ങൾ ഒന്നിലേറെ തവണ നാം അനുഭവിക്കേണ്ടി  വന്നിട്ടുണ്ട്.

മനുഷ്യകുലം കൂട്ടങ്ങളായി വസിക്കാൻ തുടങ്ങിയ കാലം മുതൽ തന്നെ ആയുധ സംഭരണവും തുടങ്ങിയിട്ടുണ്ടാവണം. ഒരു പക്ഷെ കൂർത്ത നഖങ്ങളും പല്ലുകളും പോലെ സ്വാഭാവികമായ ആയുധങ്ങൾ വളരെ കുറവാണ് മനുഷ്യന്. ആ കുറവ് ബുദ്ധികൊണ്ട് നിർമിക്കപ്പെടുന്ന ആയുധങ്ങളാൽ  പരിഹരിക്കുകയാണ് ആദിമ മനുഷ്യൻ ചെയ്തത് . സമൂഹം സങ്കീര്ണമായതോടെ ആയുധങ്ങളും സങ്കീർണമായി. കുന്തവും അമ്പുമൊക്കെ  തോക്കിനും പീരങ്കിക്കും വഴിമാറി. അവിടെയും നിൽക്കാതെ അഞ്ചാം തലമുറ പോർവിമാനങ്ങളിലും ആയിരക്കണക്കിനു കിലോമീറ്ററുകൾ പരിധിയുള്ള മിസൈലുകളിലും എത്തിനിൽക്കുകയാണ് ആയുധങ്ങളുടെ ചരിത്രം.

എക്കാലത്തും ആയുധങ്ങൾ തന്നെയാണ് കൂട്ടങ്ങളുടെയും രാജ്യങ്ങളുടെയും കരുത്തിന്റെ പ്രാഥമികമായ അളവുകോൽ. ഇപ്പോഴും അതിനു മാറ്റം വന്നിട്ടില്ല . അതിനാൽ രാജ്യങ്ങളുടെ സൈനിക ശക്തികളെപ്പറ്റിയുള്ള ഒരവലോകനത്തിന് എല്ലാക്കാലത്തും പ്രസക്തിയുണ്ട്.

വൻശക്തികൾ -ഒരാമുഖം

പുരാതന കാല സംഭവങ്ങളുടെ പരിഷ്കരിച്ച പുനരാഖ്യാനമാണ് കഴിഞ്ഞ നൂറ്റാണ്ടുകളിൽ ഉണ്ടായിട്ടുള്ളത്. മുൻപേയുള്ള കാരണങ്ങളെക്കൂടാതെ സാങ്കേതികവിദ്യകളിലെ നൈപുണ്യവും കഴിഞ്ഞ നൂറ്റാണ്ടുകളിൽ വൻശക്തികളെ തീരുമാനിക്കുന്ന മാനദണ്ഡമായി . പതിനേഴാം നൂറ്റാണ്ടുവരെ ചരിത്ര രേഖകളിൽ പോലും ഇടം പിടിക്കാതിരുന്ന ഗ്രേറ്റ് ബ്രിട്ടൻ എന്ന ചെറു രാജ്യം വൻ ശക്തികളുടെ പട്ടികയിലേക്കുയർന്നത് വ്യാവസായിക വിപ്ലവത്തിലൂടെ ആർജിച്ച പുതിയ സാങ്കേതിക വിദ്യകളുടെ കുടിലമായ ഉപയോഗത്തിലൂടെ ആയിരുന്നു. ഏഷ്യയിൽ ചെറിയതോതിൽ ഉൽപ്പാദിപ്പിച്ചിരുന്ന തോക്കുകളും മറ്റു ആധുനിക യുദ്ധോപകരണങ്ങളും അവർ വൻതോതിൽ വ്യാവസായിക അടിസ്ഥാനത്തിൽ നിർമ്മിച്ചു .ആധുനിക ആയുധങ്ങൾ പേറുന്ന ചെറു ബ്രിട്ടീഷ് സേന വ്യൂഹങ്ങൾക്കു അവരെക്കാൾ പലമടങ്ങു വരുന്ന സൈന്യങ്ങളെ കീഴ്പ്പെടുത്താനായി.

വ്യാപാരത്തിന്റെ നൂതനവും നിര്ദയവുമായ തത്വങ്ങൾ കൂടിച്ചേർന്നപ്പോൾ ഗ്രേറ്റ് ബ്രിട്ടൻ സൂര്യനസ്തമിക്കാത്ത സാമ്രാജ്യമായി. ഒരു ആഗോള വൻശക്തിയായി. ബ്രിട്ടീഷ് തത്വങ്ങൾ മറ്റു യൂറോപ്യൻ രാജ്യങ്ങളും പയറ്റി ബ്രിട്ടനോളമെത്തിയില്ലെങ്കിലും ഫ്രാൻസും ജർമനിയും ഇറ്റലിയുമെല്ലാം കോളനിവാഴ്ചയിലൂടെ സമ്പന്നമായ ബ്രിഹദ് സാമ്രാജ്യങ്ങൾ ആയി .യൂറോപ്പിലെ ഒരു ചെറുരാജ്യമായ ബെൽജിയം പോലും ഒരു വലിയ കൊളോണിയൽ യജമാനൻ ആയി എന്നത് ചരിത്രത്തിലെ ഒരു വിചിത്രമെങ്കിലും അതിശയകരമായ ഒരു സംഭവമാണ്

യു എസ് ന്റെ വൻ ശക്തി പദത്തിലേക്കുള്ള വരവ് തികച്ചും വ്യത്യസ്തമായ പാതയിലൂടെയായിരുന്നു .വ്യവസായവൽക്കരണവും, വൻതോതിലുള്ള പ്രകൃതി വിഭവങ്ങളുടെ ലഭ്യതയുമാണ് അവരുടെ വൻശക്തിപദത്തിലേക്കുള്ള കുതിപ്പിന് തുണയായത്. കുടിയേറ്റത്തിലൂടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ബൗദ്ധിക സമ്പത്ത് എത്തിയതും അവർക്കു തുണയായി.

സോവിയറ്റ് യൂണിയൻ ആകട്ടെ അത്തരം ഒരു കുതിപ്പിലൂടെയല്ല മറിച്ച് രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമുളള ശാക്തിക സന്തുലനത്തിലെ മാറ്റങ്ങളിലൂടെയാണ് മഹാശക്തിപദം കരസ്ഥമാക്കുന്നത്. അണ്വായുധങ്ങളുടെ വരവും സോവിയറ്റ് യൂണിയനെ തുണച്ചു. അണ്വായുധങ്ങൾ ഇല്ലാത്ത സോവിയറ്റ് യൂണിയൻ ഒരു മഹാശക്തിയാണോ എന്ന കാര്യം സംശയമാണ്. സോവിയറ്റ് യൂണിയന്റെ മഹാശക്തി പദത്തിലേക്കുള്ള കയറ്റവും ഗ്രേറ്റ് ബ്രിട്ടന്റെ മഹാശക്തി പദത്തിൽനിന്നുള്ള ഇറക്കവും ഒരുമിച്ചായിരുന്നു എന്ന് പറയാം.

ഏറ്റവും അടുത്തകാലത്തായി ശാക്തിക പുനർനിർണയം ഉണ്ടായത് രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമാണ് . ജയിച്ചവർ സ്വയം മഹാശക്തികളായി പ്രഖ്യാപിച്ചു .യു എൻ സുരക്ഷാ സമിതിയിൽ സ്ഥിരാഗത്വം നേടിയെടുത്ത് തങ്ങളുടെ കോയ്മ ഉറപ്പിച്ചു . അന്നത്തെ അഞ്ചു മഹാശക്തികളായ യു എസ് ,സോവിയറ്റ് യൂണിയൻ ,ഫ്രാൻസ് ,ബ്രിട്ടൻ ,ചൈന എന്നിവയിൽ യു എസ് ഉം സോവിയറ്റ് യൂണിയനും മാത്രമായിരുന്നു ശരിക്കുള്ള മഹാശക്തികൾ. ബ്രിട്ടനെയോ ഫ്രാൻസിനെയോ ചൈനയേയോ ആരും പ്രായോഗിക മഹാശക്തികളായി അംഗീകരിച്ചിരുന്നില്ല .

പിന്നീടുള്ള ദശകങ്ങളിൽ നടന്ന സംഭവങ്ങൾ ഫ്രാൻസിന്റെയും ബ്രിട്ടന്റെയും അവശേഷിക്കുന്ന വൻശക്തി തൊങ്ങലുകളെയും നീക്കം ചെയ്തു. ചൈനയുടെ വൻശക്തി പദത്തിലുള്ള അവകാശവാദം ഓരോ ദശകം കഴിയുമ്പോഴും കൂടുതൽ ശക്തമായി .സോവിയറ്റ് യൂണിയന്റെ തകർന്നടിയലിലൂടെ എതിരാളി നഷ്ടമായ യു എസ് തൊണ്ണൂറുകളോടെ ലോകക്രമത്തിലെ ഏക വൻശക്തിയായി .

വർത്തമാന കാല സൈനിക ശക്തികളുടെ തുലനം

സോവ്യറ്റ് യൂണിയന്റെ തകർച്ചക്ക് ശേഷം നിലവിൽ വന്ന ഏകധ്രുവ സൈനിക ലോകമല്ല ഇപ്പോഴുള്ളത് . സൈനിക ശക്തിയുടെ വലിപ്പത്തിന്റെ കാര്യത്തിൽ യൂ എസ് തന്നെയാണ് ഒന്നാം സ്ഥാനത്ത്. പക്ഷെ വർത്തമാനകാല സംഭവ വികാസങ്ങൾ , പ്രത്യേകിച്ച് സിറിയയിലെ റഷ്യൻ ഇടപെടലും അതിന്റെ വിജയവും യൂ എസ് അപ്രമാദിത്വത്തിനു മങ്ങലേൽപ്പിച്ചിട്ടുണ്ട് . യൂ എസ് ന്റെ പക്കലുള്ള എല്ലാത്തരം ആയുധങ്ങളും റഷ്യയുടെ പക്കലും ഉണ്ട് .അവയെ ലോകത്തെവിടെയും വിന്യസിക്കാനും ഏകോപിപ്പിക്കാനുമുള്ള അടിസ്ഥാന സൗകര്യങ്ങളും അവർക്കുണ്ട് . ഇപ്പോൾ യൂ എസ് നും റഷ്യക്കും മാത്രമേ ആ കഴിവുള്ളൂ. അതിനാൽ തന്നെ ഈ രണ്ടു രാജ്യങ്ങളും സൈനിക ശക്തിയിൽ മറ്റേവരെയും കാൾ രണ്ടു പടി മുന്നിൽ തന്നെയാണ് . എല്ലാത്തരം ആയുധങ്ങളും സ്വന്തമായി നിര്മിയ്ക്കുവാനുളള കഴിവും ഇവർക്ക് മാത്രം അവകാശപ്പെട്ടതാണ്.

പല സൈനിക ശക്തി അവലോകങ്ങളും ഓരോ രാജ്യത്തിന്റെയും പക്കലുള്ള വിവിധതരം ആയുധങ്ങളെ അടിസ്ഥാനമാക്കിയാണ് നടത്തുന്നത് . എന്നാൽ വർത്തമാനകാല യാഥാർഥ്യങ്ങളുടെ വെളിച്ചത്തിൽ അത്തരം അവലോകനങ്ങൾ ശരിയായ ചിത്രമല്ല നൽകുന്നത് എന്നാണ് ലേഖകന്റെ അഭിപ്രായം.

നൂറു തട്ടിക്കൂട്ട് യുദ്ധവിമാനങ്ങളെ നേരിടാൻ ഏതാനും മുൻ നിര പോർവിമാനങ്ങൾ മതി . നൂറുകണക്കിന് തല്ലിപ്പൊളി ടാങ്കുകൾക്കു പകരം അത്യാധുനിക റിയാക്ടീവ് ആർമെർ ഘടിപ്പിച്ച രണ്ടോ മൂന്നോ ഡസൻ ടാങ്കുകൾ മതി . സമീപകാല യുദ്ധങ്ങളിൽ എല്ലാം ബോധ്യമായതാണ് ഈ കാര്യങ്ങൾ. ചെറിയ രാജ്യങ്ങൾ തമ്മിലുള്ള ചെറുകിട ഏറ്റുമുട്ടലുകളിൽ ഒഴികെ യുദ്ധഗതി നിർണയിക്കാൻ പോകുന്നത് ആധുനിക യുദ്ധ യന്ത്രങ്ങളാവും .അവയെ അടിസ്ഥാനപ്പെടുത്തിയുള്ള പ്രബല ലോകശക്തികളെപ്പറ്റിയുള്ള ഒരവലോകനത്തിനാണ് മുതിരുന്നത്

1.ആഗോള പരിധിയുള്ള ഗതിനിർണയ സംവിധാനം

ആയുധങ്ങളുടെ എണ്ണം മാത്രമല്ല സൈനിക ശക്തിയുടെ അളവുകോൽ. ആയുധങ്ങളുടെ പ്രഹരശേഷിയും ,കൃത്യതയും ആണ് അവയുടെ ശക്തിയുടെ അളവുകോൽ . ആയിരക്കണക്കിനു കിലോമീറ്റർ അകലെ നിന്നും കൃത്യമായി ലക്ഷ്യത്തിലെത്താൻ കഴിയുന്ന ഒരു ചെറു മിസൈലിന് , ഊഹം വച്ച് വിക്ഷേപിക്കുന്ന ഒരു വമ്പൻ മിസൈലിനെക്കാൾ പല മടങ്ങു സൈനിക പ്രാധാന്യം ഉണ്ട് . ആയുധങ്ങളെ കൃത്യമായി ലക്ഷ്യസ്ഥാനത്തെത്തിക്കാൻ ആഗോള പരിധിയുളള ഒരു ഗതിനിർണയ സംവിധാനം ആവശ്യമാണ് . ഇന്നത്തെ നില അനുസരിച്ച് അതും യൂ എസ് നും റഷ്യക്കും മാത്രം അവകാശപ്പെട്ടതാണ് . യൂ എസ് ന്റെ ജി പീ എസ് ഉം റഷ്യയുടെ ഗ്ലോനോസും മാത്രമാണ് നിലവിലുള്ള ആഗോള പരിധിയുളള ഗതിനിർണയ സംവിധാനങ്ങൾ .

ചൈന അത്തരം ഒരു സംവിധാനം നിർമിക്കാൻ കിണഞ്ഞു പരിശ്രമിക്കുന്നുണ്ട് . ഏതാനും വർഷങ്ങൾക്കുള്ളിൽ ചൈനീസ് ആഗോള ഗതി നിർണായ സംവിധാനം നിലവിൽ വരും എന്ന് കണക്കാക്കപ്പെടുന്നു . നമ്മുടെ രാജ്യത്തിന് ഇപ്പോൾ നമ്മുടെ രാജ്യത്തെയും ചുറ്റുമുള്ള പ്രദേശങ്ങളെയും പരിധിയിലാക്കിയ ഒരു പ്രാദേശിക നാവിഗേഷൻ സംവിധാനം ഉണ്ട് . മറ്റൊരു രാജ്യത്തിനും ഇത്തരം സംവിധാനങ്ങൾ ഇല്ല . നിർമാണത്തിലിരിക്കുന്ന യൂറോപ്യൻ സംവിധാനത്തിന് സൈനികമായി ഏകോപിപ്പിക്കാനാവുന്ന സംവിധാനങ്ങൾ നിര്മിക്കാനാവുമോ എന്ന കാര്യം സംശയമാണ് . ഇരുപതിലധികം വ്യത്യസ്ത രാജ്യങ്ങളുടെ കൂട്ടായ്മയായ യൂറോപ്യൻ യൂണിയൻ ഗലീലിയോ ഗതിനിര്ണയസംവിധാനം ഒരു സൈനിക ആയുധമായി ഏകോപിപ്പിക്കാൻ പ്രയാസമായിരിക്കും . ഒരു കൃത്യതയാർന്ന സൈനിക ക്ഷമമായ ഗതിനിർണയ സംവിധാനമില്ലാതെ ഇക്കാലത്തും വരുംകാലങ്ങളിലും ആയുധവാഹക സംവിധാനങ്ങൾക്ക് വലിയ പ്രസക്തി ഇല്ല. ഗതിനിർണയ സംവിധാനങ്ങളുടെ കാര്യത്തിൽ ഇപ്പോഴത്തെ കണക്കനുസരിച്ച് നമ്മുടെ സ്ഥാനം മൂന്നാമതോ നാലാമതോ ആണ് . ചൈനീസ് ഗതിനിർണയ സംവിധാനം ജി പീ എസ് നും ഗ്ലോനോസ്സിനും കിടനിൽക്കുന്ന രീതിയിൽ ഉയർന്നു വന്നാൽ നാം നാലാമത് . അതൊരു സാധാരണ ” ചൈനീസ് ” ഉല്പന്നമാണെങ്കിൽ നാം ചൈനക്ക് മുകളിൽ ആയിരിക്കും .

2.പ്രായോഗികമായ ഒരു സംയോജിത വ്യോമ മിസൈൽ വേധ സംവിധാനം(Integrated Air Defence Systems ) .

കരുത്തുറ്റ വ്യോമ മിസൈൽ പ്രതിരോധങ്ങളാണ് ഒരു രാജ്യത്തിന്റെ സുരക്ഷയുടെ ആണിക്കല്ല് . ഇപ്പോഴത്തെ നിലയനുസരിച്ചു യൂ എസ് ,റഷ്യ ,ഇസ്രായേൽ എന്നീ രാജ്യങ്ങൾക്കു മാത്രമാണ് പ്രവർത്തനക്ഷമമായ മുൻനിര സംയോജിത വ്യോമ മിസൈൽ വേധ സംവിധാനം ഉള്ളത്. യു. എസ് ന്റെ THAAD ഉം അതിന്റെ നാവിക വകഭേദവും . റഷ്യയുടെ S-400 ഉം ഇസ്രേലിന്റെ ഡാവിഡ്സ് സ്ലിങ്( David ‘s Sling) എന്നുവിളിക്കുന്ന സംവിധാനവുമാണ് മുൻനിര വ്യോമ ,മിസൈൽ പ്രതിരോധ സംവിധാനങ്ങളായി കരുതപ്പെടുന്നത് . യൂ എസ് സഖ്യകക്ഷികൾ പലരും പാട്രിയട് വ്യോമവേധ സംവിധാനം വിന്യസിച്ചിട്ടുണ്ടെങ്കിലും ഒരു മിസൈൽ പ്രതിരോധം എന്ന നിലയിൽ പാട്രിയട് വ്യോമവേധ സംവിധാനം എത്രത്തോളം ഫലപ്രദമാണെന്നതിൽ തർക്കമുണ്ട് . ഇന്ത്യയും ചൈനയും റഷ്യയിൽ നിന്നും S -400 വ്യോമ മിസൈൽ വേധ സംവിധാനങ്ങൾ വാങ്ങുന്നതിനൊപ്പം സ്വന്തമായ മിസൈൽ പ്രതിരോധം വികസിപ്പിക്കുന്നുമുണ്ട് .

3. ഒരു ബ്ലൂ വാട്ടർ (blue water navy ) നാവിക സേന

ലോകത്തെവിടെയും ദിവസങ്ങൾക്കുള്ളിൽ നാവിക വ്യോമ വ്യൂഹങ്ങളെ വിന്യസിക്കാൻ കഴിയുന്ന നാവികസേനകളെയാണ് ബ്ലൂ വാട്ടർ നേവി എന്ന് വിളിക്കുന്നത് . ശരിക്കുള്ള അർത്ഥത്തിൽ യൂ എസ് നാവിക സേന മാത്രമാണ് ഇപ്പോൾ നിലവിലുള്ള ഒരേ ഒരു ബ്ലൂ വാട്ടർ നേവി . അവർക്ക് മാത്രമാണ് ഒന്നിലധികം വിമാന വാഹിനി ടാസ്ക് ഫോഴ്‌സുകളെ ഒരേ സമയം അണിനിരത്താൻ കഴിയുന്നത് . സർവോപരി അവരുടെ വിമാന വാഹിനികൾ എല്ലാം തന്നെ ആണവ ശക്തികൊണ്ട് പ്രവർത്തിക്കുന്നതിനാൽ അവക്ക് ഇന്ധന ലഭ്യത വകവെക്കാതെ ലോകത്തെവിടെയുള്ള കടലുകളിലും സ്വതന്ത്രമായി പ്രവർത്തിക്കുകയും ചെയ്യാം. ഫ്രാൻസ് , റഷ്യ ,ഇന്ത്യ ,ചൈന എന്നീ രാജ്യങ്ങൾക്കാണ് ഇപ്പോൾ വിമാന വാഹിനികൾ ഉളളത് . അതിനാൽ തന്നെ ഈ രാജ്യങ്ങൾക്കും പരിമിതമായ ബ്ലൂ വാട്ടർ നേവികൾ ഉളളതായി കണക്കാക്കാം . ജപ്പാന്റെ നാവികസേനയിൽ വിമാന വാഹിനികൾ ഇല്ലെങ്കിലും ഡിസ്ട്രോയറുകളുടെയും ഫ്രിഗേറ്റുകളുടെയും എണ്ണത്തെയും പ്രഹരശേഷിയെയും കണക്കിലെടുത്തു ജാപ്പനീസ് നാവിക സേനയും ഒരു പരിമിതമായ ബ്ലൂ വാട്ടർ നേവി തന്നെ . പരിമിത ബ്ലൂ വാട്ടർ നേവികളെ പല വിദഗ്ധരും ഗ്രീൻ വാട്ടർ നേവി എന്നാണ് വിളിക്കുന്നത് .

4.ആണവ അന്തർവാഹിനി വ്യൂഹം

പ്രതീക്ഷിച്ചിരിക്കാത്ത ഒരു ആണവ ആക്രമണം ഉണ്ടായി കര വ്യോമ സംവിധാനങ്ങൾ നശിപ്പിക്കപ്പെട്ടത് തിരിച്ചടിക്കാനുള്ള ( Second Strike Capability )ഒരേ ഒരു ഉപാധിയാണ് ആണവ അന്തർ വാഹിനികളിൽ വ്യന്യസിച്ചിരിക്കുന്ന ആണവ മിസൈലുകൾ . ഇപ്പോഴത്തെ നിലയനുസരിച്ച് യൂ എസ് നും റഷ്യക്കുമാണ് വലിയ ആണവ അന്തർവാനിനി വ്യൂഹങ്ങൾ ഉള്ളത് . രണ്ടാം നിരയിൽ ഫ്രാൻസും ബ്രിട്ടനും . അതിനുശേഷം ചൈന. അടുത്തകാലത്തു രംഗത്തിറക്കിയ ആണവ അന്തർ വാഹിനിയായ അരിഹന്ത്‌ നമുക്കും ഒരു സെക്കന്റ് സ്ട്രൈക്ക് കേപ്പബിലിറ്റി നൽകിയിട്ടുണ്ട് . ഈ രാജ്യങ്ങൾക്കല്ലാതെ മറ്റൊരു രാജ്യത്തിനും സമീപഭാവിയിൽ ആണവ അന്തർവാഹിനികൾ രംഗത്തിറക്കാനാവില്ല എന്നാണ് കരുതപ്പെടുന്നത്

5.ഇലക്ട്രോണിക് പ്രതിരോധങ്ങൾ

യുദ്ധഭൂമികളിലെ അദൃശ്യമായ ആയുധങ്ങളാണ് ഇലക്ട്രോണിക് യുദ്ധസംവിധാനങ്ങൾ . ശത്രുവിന്റെ ഇലൿട്രോണിക് യുദ്ധ സംവിധാനങ്ങളെ നേരിടാനുള്ള ഇലൿട്രോണിക് യുദ്ധ സംവിധാനങ്ങൾക്ക് ഇലക്ട്രോണിക് കൌണ്ടർ മെഷേഴ്സ് (ECM ) എന്നും . ശത്രുവിന്റെ ഇലക്ട്രോണിക് ആയുധ സംവിധാനങ്ങളിൽ നിന്നും സ്വന്തം ഇലക്ട്രോണിക് യുദ്ധസംവിധാനങ്ങളെ സംരക്ഷിക്കാനുള്ള സംവിധാനങ്ങളെ ഇലക്ട്രോണിക് കൌണ്ടർ കൌണ്ടർ മെഷേഴ്സ് (ECCM) എന്നും വിളിക്കുന്നു . ഇത്തരം സംവിധാനങ്ങളെപ്പറ്റിയുള്ള വിവരങ്ങൾ ആണവായുധങ്ങളെപ്പറ്റിയുള്ള വിവരങ്ങളെക്കാൾ രഹസ്യ സ്വഭാവത്തിലാണ് പ്രമുഖ രാജ്യങ്ങൾ സംരക്ഷിക്കുന്നത് . അതിനാൽ തന്നെ ഇവയെകുറിച്ച്‌ ലഭ്യമായ വിവരങ്ങൾ വളരെ പരിമിതമാണ് .

പലപ്പോഴും ചാര ഉപഗ്രഹങ്ങളും ,ചാര വിമാനങ്ങളും ചാര കപ്പലുകളും ഭൗമ റഡാർ സംവിധാനങ്ങളും ഉൾപ്പെടുന്ന വളരെ വ്യാപ്തിയുള്ള സംവിധാനങ്ങളാണ് സിഗ്‌നൽ ഇന്റലിജെൻസ് സംവിധാനങ്ങളെ നിയന്ത്രിക്കുന്നത് . ഇക്കാര്യത്തിലും മുൻനിര സ്ഥാനം അലങ്കരിക്കുന്നത് യൂ എസ് ഉം റഷ്യയുമാണ് . സ്വതന്ത്രമായ ഉപഗ്രഹ സംവിധാനങ്ങളും അവാക്‌സ് സംവിധാനവുമില്ല. ഇന്ത്യയും ഇക്കാര്യത്തിൽ ഏറെ പിറകിലാവാൻ സാധ്യതയില്ല .

6. അഞ്ചാം തലമുറ യുദ്ധ വിമാനങ്ങൾ

ഈ മേഖലയിൽ ഇപ്പോൾ നിലനിൽക്കുന്നത് U S ആധിപത്യമാണ് . എന്നാലും റഷ്യയുടെ നാലാം തലമുറ യുദ്ധവിമാനങ്ങളായ SU- 35S ഉം MIG -35 ഉം പല തലത്തിലും യു എസ് ന്റെ അഞ്ചാം തലമുറ യുദ്ധ വിമാനങ്ങളെ നേരിടാൻ പ്രാപ്തമാണെന്ന റിപ്പോർട്ടുകളും ഉണ്ട് . ചൈനയുടെ മൂന്നാം തലമുറ റഷ്യൻ എഞ്ചിനുകൾ ഘടിപ്പിച്ച ”അഞ്ചാം തലമുറ ” യുദ്ധവിമാനങ്ങളെ പ്രമുഖ ശക്തികളൊന്നും ഒരു ഭീഷണിയായി കരുതുന്നില്ല . റഷ്യയുടെ PAKFA യുദ്ധസജ്ജമാകുമ്പോൾ മാത്രമാവും യു എസ് അഞ്ചാം തലമുറ പോർവിമാനങ്ങൾക്ക് ഒരെതിരാളി ഉണ്ടാവുക . ഈ മേഖലയിൽ റഷ്യൻ PAKFA യിൽ നിന്നും ഉരുത്തിരിയുന്ന FGFA യിലും ,തദ്ദേശിയമായി നിർമിക്കാൻ പദ്ധതിയിടുന്ന അഞ്ചാം തലമുറ യുദ്ധവിമാനത്തിലുമാണ് നമ്മുടെ പ്രതീക്ഷകൾ. അവ സജ്ജമാകുന്നതുവരെ പരിഷ്കരിച്ച SU-30MKI കളും ഫ്രാൻസിൽ നിന്നും കരസ്ഥമാക്കുന്ന റഫാലുകളും നമ്മുടെ മുൻനിര യുദ്ധവിമാനങ്ങളുടെ പദവി അലങ്കരിക്കും . പല അർത്ഥത്തിലും അഞ്ചാം തലമുറ യുദ്ധവിമാനങ്ങളോട് കിടനിൽക്കാനും അവക്ക് കഴിയും .

7.ചാര ഉപഗ്രഹങ്ങളും സിഗ്നൽ ഇന്റലിജൻസും

കൃത്യമായ വിവര ശേഖരണത്തിന് സാങ്കേതികമായി മുൻനിരയിൽ നിൽക്കുന്ന രാജ്യങ്ങളെല്ലാം ഇപ്പോൾ ഉപഗ്രഹങ്ങളെയാണ് കൂടുതൽ ആശ്രയിക്കുന്നത്. ഭൗമോപരിതലത്തിൽ ചിത്രങ്ങളിലൂടെ നമ്പർ പ്ളേറ്റുകൾ പോലും തിരിയിച്ചറിയാൻ കഴിയുന്ന ഉപഗ്രഹങ്ങൾ ഭൂമിയെ വലം വയ്ക്കുന്നുണ്ടെന്നാണ് പറയപ്പെടുന്നത്. ഫോട്ടോഗ്രാഫിക് ഇന്റെലിജൻസിലൂടെയും സിഗ്‌നൽ ഇന്റെലിജൻസിലൂടെയും ശത്രുക്കളുടെ നീക്കങ്ങൾ മുൻപേ മനസ്സിലാക്കുന്നവർക്ക് വൻ സൈനിക ശക്തിയുള്ള ശത്രുക്കളെയും നിഷ്പ്രയാസം തോല്പിക്കാം . ഇസ്രേൽ പല തവണ ഇത് തെളിയിച്ചതുമാണ് .യു എസ് ഉം റഷ്യയും ഫോട്ടോഗ്രാഫിക് ഇന്റെലിജൻസിനും ,മിസൈൽ ഏർലി വാണിങിനും സമുദ്ര നിരീക്ഷണത്തിനും (Ocean Reconnaissance )അനേകം ചാര ഉപഗ്രഹങ്ങൾ വിന്യസിച്ചിട്ടുണ്ട് . സ്വന്തമായ വിക്ഷേപണ വാഹനങ്ങളും ഉപഗ്രഹ നിർമ്മാണ ശേഷിയും ഉള്ള വിരലിൽ എണ്ണാവുന്ന രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ .അതിനാൽ തന്നെ നിലവിലുള്ള സംവിധാനങ്ങളെ ആവശ്യം വന്നാൽ നമുക്ക് പല മടങ്ങു ശക്തമാക്കാം .

മേല്പറഞ്ഞ എഴുമേഖലകളിലും സമ്പൂര്ണമായ സംവിധാനങ്ങൾ ഉള്ളത് യൂ എസ് നും റഷ്യക്കും മാത്രമാണ് . യൂ എസ് ന് എല്ലാ മേഖലകളിലും എണ്ണക്കൂടുതൽ ഉള്ളതിനാൽ അവർ തന്നെയാണ് ഒന്നാം സ്ഥാനത്തു വരുന്നത്. രണ്ടാം സ്ഥാനത്ത് റഷ്യ. മേൽവിവരിച്ച എഴുമേഖലകളിൽ എല്ലായിടത്തും സാന്നിധ്യമുള്ള മറ്റു രാജ്യങ്ങൾ ഇന്ത്യ ,ചൈന ,ഫ്രാൻസ് ,ബ്രിട്ടൻ എന്നിവയാണ് .ഇസ്രേലിന് ആണവ അന്തർവാഹിനികൾ ഒഴിച്ച് മറ്റു മേഖലകളിൽ സാന്നിധ്യം ഉണ്ട് .അതിനാൽ തന്നെ എണ്ണത്തിലും വലിപ്പത്തിലും മുന്നിൽ നിൽക്കുന്നതിനാൽ ചൈനക്ക് മൂന്നാം സ്ഥാനം . ബ്രിട്ടനും ഫ്രാൻസിനും സ്വതന്ത്രമായ ഉപഗ്രഹ വിക്ഷേപണ വാഹനങ്ങൾ ഇല്ല. അതിനാൽ തന്നെ ഇന്ത്യയുടെ സ്ഥാനം അവർക്കും മുകളിലാണ്. ബ്രിട്ടനും ഫ്രാൻസും ഏതാണ്ട് തുല്യരാണെങ്കിലും ആണവ വിമാനവാഹിനിയും സ്വന്തമായ യുദ്ധവിമാന നിർമ്മാണ സംവിധാനവുമില്ല. അതിനാൽ ഫ്രാൻസിന് തന്നെയാണ് അഞ്ചാം സ്ഥാനം .ആണവ അന്തർ വാഹിനികൾ സ്വന്തമായുളളതിനാൽ ബ്രിട്ടന് ഇസ്രേലിനു മുകളിൽ ആറാം സ്ഥാനം . ഏഴാം സ്ഥാനം ഇസ്രേലിന്. ഈ ഏഴു രാജ്യങ്ങൾക്കുമാണ് ഏറ്റവും കരുത്തുറ്റ സൈന്യങ്ങൾ ഉള്ളതെന്നാണ് ലേഖകന്റെ അനുമാനം.

ഭാവിയിലെ വൻശക്തികൾ

ദീർഘകാല ഭാവി തികച്ചും പ്രവചനാതീതമാണ്. പക്ഷെ നിലവിലെ യാഥാർഥ്യങ്ങളിൽ ഊന്നി ആസന്ന മധ്യകാല ഭാവിയെകുറിച്ച് വസ്തുതകളിൽ ഊന്നിയ നിഗമനങ്ങളിൽ എത്തിച്ചേരാനാകും. സൈനിക ശക്തിയും സാമ്പത്തിക ശക്തിയും അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ സാമ്പത്തിക ശക്തികൾ സൈനിക ശക്തികളായി രൂപമാറ്റം വരുന്ന പ്രതിഭാസത്തിനു അടുത്ത ഏതാനും ദശകങ്ങൾ സാക്ഷ്യം വഹിക്കും എന്നതിന് യാതൊരു സംശയവും ഇല്ല .

അടുത്ത ഏതാനും ദശകങ്ങളിൽ ഇപ്പോൾ സൈനിക ശക്തികളായി കരുതപ്പെടുന്ന ബ്രിട്ടൻ , ഫ്രാൻസ് എന്നീ രാജ്യങ്ങൾ വൻശക്തികളുടെ പട്ടികയിൽ നിന്നും പ്രാദേശിക ശക്തികളായി തരം താഴ്ത്തപ്പെടും എന്ന് ഏതാണ്ട് കൃത്യതയോടെ പറയാനാകും. സാമ്പത്തിക കാരണങ്ങളിൽ ഉപരി ഈ രാജ്യങ്ങളുടെ ദേശീയ നേതൃത്വങ്ങളിൽ കടന്നുകൂടിയിട്ടുള്ള അരാജകത്വം ഈ രണ്ട് രാജ്യങ്ങളെയും കാര്യമായി ബാധിക്കും . ഇപ്പോഴത്തെ ഒന്നാം കിട ശക്തികളായ US ഉം റഷ്യയും വരും ദശകങ്ങളിലും ആ സ്ഥാനം നിലനിർത്തും എന്നതും നിശ്ചിതമാണ് .

ഇന്ത്യയും ചൈനയുമാകും വരും ദശകങ്ങളിൽ സൈനിക വൻ ശക്തികളായി ഉരുത്തിരിയും എന്ന തീർച്ച പറയാനാകുന്ന രണ്ടു രാജ്യങ്ങൾ . സാമ്പത്തിക ശക്തി കൂടാതെ ഒരു ആഗോള വൻശക്തിക്കു വേണ്ട എല്ലാ സൈനിക ആസ്തികളുടെയും ചെറു രൂപങ്ങൾ ഇപ്പോൾ തന്നെ ഇന്ത്യക്കും ചൈനക്കുമുണ്ട് . ആഗോള പരിധിയുള്ള ഒരു ഉപഗ്രഹ ഗതി നിർണയ സംവിധാനവും , ഒരു ബ്ലൂ വാട്ടർ നാവികസേനയുമാണ് ഇപ്പോൾ ഈ രണ്ടു രാജ്യങ്ങളുടെയും പ്രധാന ന്യൂനത . അടുത്ത 20 കൊല്ലത്തിനുള്ളിൽ ഇന്ത്യയും ചൈനയും ഈ കുറവുകളെ മറികടക്കും . ചൈനയുടെ സൈനിക വത്കരണം ഇപ്പോൾ തന്നെ ജപ്പാനെ സൈനിക ശക്തി വർധിപ്പിക്കാൻ പ്രേരിപ്പിക്കുന്നുണ്ട് . ഇപ്പോൾ തന്നെ ജാപ്പനീസ് നാവിക സേന ലോകത്തെ ഏറ്റവും ശക്തമായ നാവിക സേനകളിൽ ഒന്നാണ് . അവർ സ്വന്തമായി അഞ്ചാം തലമുറ പോർവിമാനങ്ങൾ ഉൾപ്പെടെയുള്ള അത്യാധുനിക ആയുധങ്ങളുടെ വികസനവും തുടങ്ങി കഴിഞ്ഞു

ആഗോള സൈനിക ശക്തികളായി യു. എസ്സ് , റഷ്യ ,ഇന്ത്യ , ചൈന എന്നീ രാജ്യങ്ങളും . അതിശക്തരായ പ്രാദേശിക ശക്തികളായി ജപ്പാൻ , ഇസ്രേൽ എന്നീ രാജ്യങ്ങളുമാകും 2040 കാലത്തിൽ നിലനിൽക്കുക . ദേശീയ ബോധം നിലനിൽക്കുമെങ്കിൽ ഫ്രാൻസിനും ബ്രിട്ടനും പ്രാദേശിക ശക്തികളുടെ സ്ഥാനമെങ്കിലും നിലനിർത്താനാവും .