രാജ്യം ഏകാധിപത്യത്തിലേക്ക് പോവാതിരിക്കാന്‍ ജാഗ്രത വേണം: സുബ്രഹ്മണ്യ സ്വാമി

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മികച്ച വിജയത്തോടെ വീണ്ടും അധികാരത്തിലെത്തിയ നരേന്ദ്രമോദിക്കെതിരേ ഒളിയമ്പുമായി ബിജെപിയുടെ രാജ്യസഭാ എംപി സുബ്രഹ്മണ്യന്‍ സ്വാമി. ബിജെപിക്കുള്ളില്‍ ജനാധിപത്യം വേണമെന്നും രാജ്യം ഏകാധിപത്യ ഭരണത്തിലേയ്ക്കു പോവാതിരിക്കാന്‍ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

മോദി ഭരണകാലത്തെ സാമ്പത്തികരംഗത്തെ വീഴ്ചകള്‍ തിരഞ്ഞെടുപ്പ് പ്രചാരണ വേദികളില്‍ ദേശീയതയുടെ മറപിടിച്ചാണ് മറികടന്നത്. ദേശസുരക്ഷയെന്ന വിഷയം ഉയര്‍ത്തിക്കാട്ടിബിജെപി പ്രചാരണം നടത്തിയതിനാലാണ് മോദിയുടെ ഭരണകാലത്തെ സാമ്പത്തിക തകര്‍ച്ച ചര്‍ച്ചയാവാതെ പോയത്.

രാമക്ഷേത്ര നിര്‍മാണത്തിനു വേണ്ടിയുള്ള നടപടികള്‍ മോദി സര്‍ക്കാര്‍ വൈകാതെയെടുക്കും. കേരളത്തില്‍ ബിജെപിക്ക് അക്കൗണ്ട് തുറക്കാനാവാത്തതിനു കാരണം ശബരിമല വിഷയത്തില്‍ ബിജെപി നേതാക്കള്‍ മലക്കംമറിഞ്ഞതു ജനങ്ങള്‍ക്കു ബോധ്യപ്പെട്ടതിനാലാണ്. തമിഴ്‌നാട്ടില്‍ ബിജെപി തനിച്ചുനിന്ന് ശക്തിയാര്‍ജിക്കണമെന്നും അദ്ദേഹം പറഞ്ഞു.