രാജ്യം ആക്രമിക്കപ്പെടുമ്പോഴും അത് സ്വന്തം രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ അപദാനങ്ങൾ വാഴ്ത്തിപ്പാടാനുള്ള അവസരമായി കണ്ട് ആഘോഷിക്കുന്ന അല്പബുദ്ധികളാണോ നമ്മൾ?

അനൂപ്. സി. ബി

ബൊളീവിയൻ കാടുകളിൽ ആജീവനാന്തം ഒളിയുദ്ധം നടത്തിയ ചെഗുവേരയെ ചിത്രം വെച്ച് ആരാധിക്കുന്നവർ  ഇപ്പോൾ പറയുന്നു ‘സേ നോ ടു വാർ’ . സമാധാനവക്താവായി അവർ ഇമ്രാൻ ഖാനെ വാഴ്ത്തുന്നു. (പാടത്തെ ജോലിക്ക് വരമ്പത്തു കൂലി കൊടുക്കാൻ ആഹ്വാനം ചെയ്യുകയും, രക്തസാക്ഷികളെ ആരാധിക്കുകയും ചെയ്യുന്ന നിങ്ങളുടെ പോരാട്ടവീര്യം എവിടെപ്പോയി ?)

അരക്കിലോ ബീഫുമായി പോകുന്നവനെ തടഞ്ഞു നിർത്തി പരിശോധിച്ച ശേഷം തല്ലിക്കൊന്നിട്ട് കൊലപാതകക്കേസ് എടുക്കാതെ ബീഫ് ഫോറൻസിക് പരിശോധനക്ക് അയക്കുന്നവർ ഇപ്പോൾ പറയുന്നു, അതിർത്തി കടന്നുള്ള തിരിച്ചടി മോദിയുടെയും, സീതാരാമന്റെയും ഇന്റലിജൻസ് വിജയമാണെന്ന്. (പുൽവാമയിൽ 350 കിലോ സ്ഫോടനവസ്തുക്കളുമായി ഒരാൾ എത്തുന്നത് വരെ നിങ്ങളുടെ ഈ ഇന്റലിജൻസ് മികവ് എവിടെപ്പോയി ?)

കൊല്ലങ്ങളോളം ഒരു കുടുംബത്തിനെ ഇന്ത്യ ഭരിച്ച് കട്ടുമുടിക്കാൻ അനുകൂലിച്ചവർ ഇപ്പോൾ പറയുന്നു, ഇന്ദിരാഗാന്ധിയാണ് മോദിയേക്കാൾ നല്ലത്. അവർ ഇന്നുണ്ടായിരുന്നെങ്കിൽ രാജ്യം സുരക്ഷിതമായേനെ എന്ന്. (അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു ജനലക്ഷങ്ങളെ തുറങ്കിലടക്കുകയും , കൂട്ടക്കൊല ചെയ്യുകയും ചെയ്തപ്പോൾ നിങ്ങളുടെ രാജ്യസുരക്ഷാ വേവലാതി എവിടെപ്പോയി ?)

  • ഇതിനിടെ ചിലർക്ക് മുസ്ലിങ്ങളെ മൊത്തത്തിൽ രാജ്യദ്രോഹികൾ ആക്കണം, ചിലർക്ക് കാശ്മീരികളെ മുഴുവൻ തിരഞ്ഞു പിടിച്ചു ആക്രമിക്കണം.ചിലർക്ക്  തന്റെ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ നിലപാടാണ് ഇക്കാര്യത്തിൽ ശരി എന്ന് സോഷ്യൽ മീഡിയയിൽ സമർത്ഥിക്കണം. എല്ലാവരും പരസ്പരം പോരടിക്കുന്ന തിരക്കിലാണ്.

എന്താണ് നമ്മൾ മലയാളികൾ  ഇത്ര വകതിരിവില്ലാതെ പെരുമാറുന്നത് ? പ്രളയം വന്നു കേരളം മുഴുവനും വെള്ളത്തിലായപ്പോൾ ആരും, രാഷ്ട്രീയം പറഞ്ഞില്ല,സർക്കാരിന്റെ കെടുകാര്യസ്ഥതയെ വിമർശിച്ചില്ല,  തോണിയുമായി രക്ഷിക്കാൻ വന്നവന്റെ മതമോ, പാർട്ടിയോ ആരും ചോദിച്ചില്ല, അഭയം കിട്ടിയ സ്ഥലം പള്ളിയാണോ, അമ്പലമാണോ എന്ന് പോലും ശ്രദ്ധിച്ചില്ല. കാരണം നാം ജീവൻ രക്ഷിക്കാനുള്ള ഓട്ടത്തിലായിരുന്നു. അത് നമ്മളെ ഓരോരുത്തരെയും ബാധിച്ച ദുരന്തമായിരുന്നു. അത് നമ്മുടെ കുടുംബത്തെ ബാധിച്ച ദുരന്തമായിരുന്നു. ആ ദുരന്തം ഒറ്റക്കെട്ടായി നമ്മൾ അതിജീവിച്ചു. ഇപ്പോൾ പുൽവാമയിൽ 44 പേർ കൊല്ലപ്പെട്ടപ്പോൾ, 44 കുടുംബങ്ങൾ നിത്യവേദനയിൽ കഴിയുമ്പോൾ നാം രാഷ്ട്രീയം പറയുന്നു, പരസ്പരം പോരടിക്കുന്നു, ട്രോളുകളിറക്കുന്നു. കാരണം അത് നമ്മളെ ബാധിച്ച ദുരന്തമല്ല. അങ്ങ് ദൂരെ കാശ്മീരിൽ, ഇന്ത്യൻ അതിർത്തിയിൽ എവിടെയോ നടന്ന ദുരന്തമാണ്. മരണപ്പെട്ടത് നമ്മുടെ ആരുമല്ല, വേറെ ആരൊക്കെയോ ആണ്. ആട് ജീവിതത്തിൽ ബെന്യാമിൻ പറയുന്നത് പോലെ നമ്മൾ അനുഭവിച്ചിട്ടില്ലാത്ത ജീവിതങ്ങൾ നമുക്ക് വെറും കെട്ടുകഥകൾ മാത്രമാണ്.

കേന്ദ്രസർക്കാരിനെ വിമർശിക്കുന്നവരും, പുകഴ്ത്തുന്നവരും, രാജ്യദ്രോഹികളെയും, രാജ്യസ്നേഹികളെയും കണ്ടുപിടിക്കാൻ തിരച്ചിൽ നടത്തുന്നവരും ഒന്ന് ഓർക്കുക. ഇന്ത്യ എന്നാൽ കേന്ദ്രസർക്കാർ അല്ല. കേന്ദ്രസർക്കാർ എന്നാൽ കേന്ദ്രം ഭരിക്കുന്ന പാർട്ടിയുമല്ല. വെറും 5 കൊല്ലം ഭരിച്ചു ഇറങ്ങിപ്പോകുന്ന ഒരു പാർട്ടിയെ പുകഴ്ത്താനോ, വിമർശിക്കാനോ 44 ധീരജവാന്മാരുടെ മരണവേള ഉപയോഗിക്കരുത്. ഏത് പാർട്ടി കേന്ദ്രം ഭരിക്കുമ്പോഴും അവർ തോക്കുമേന്തി നിങ്ങളെയും, എന്നെയും, നമ്മുടെ നാടിനെയും സംരക്ഷിച്ചു അതിർത്തിയിൽ കാവൽ നിന്നിരുന്നു, പോരാടിയിരുന്നു. ആ സുരക്ഷിതത്വത്തിനുള്ളിൽ ഇരുന്നു കൊണ്ട് നമുക്കായി ജീവൻ വെടിഞ്ഞ അവരുടെ കുടുംബങ്ങളെ നോക്കി കൊഞ്ഞനം കുത്തരുത്, പരിഹസിക്കരുത്.

സ്വയം കേമനെന്ന് നടിച്ച്,  രാജ്യത്തെയും, മരണമടഞ്ഞ ജവാന്മാരുടെ കുടുംബങ്ങളെയും തള്ളി ഈ വേളയിൽ രാഷ്ട്രീയം കലർത്തി സോഷ്യൽമീഡിയയിൽ ഇടുന്ന പോസ്റ്റുകൾ അതിട്ടവരെ തന്നെയാണ് പരിഹാസ്യരാക്കുന്നത്. മരണവീട്ടിലിരുന്ന് തമാശ പറയുന്നവന്റെ  നിലവാരത്തകർച്ചയാണ് കാണിക്കുന്നത്. ഇത്തരക്കാരുടെ ചെയ്തിയിലുള്ള അരോചകത്വം സഹിക്കാൻ വയ്യാത്തത് കൊണ്ട് പറയുകയാണ്, ദയവായി പുര കത്തുമ്പോൾ വാഴ വെട്ടാൻ നിൽക്കരുത്. സ്വയമറിയാതെയെങ്കിലും രംഗബോധമില്ലാത്ത കോമാളികളായി മാറരുത്. മറ്റുള്ളവരുടെ രാജ്യസ്നേഹം അളക്കാൻ നടക്കുന്നവർ ആദ്യം  സോഷ്യൽ മീഡിയയിൽ ഇരുന്ന് വീമ്പ് പറയുന്നത് നിർത്തി പുൽവാമ ആക്രമണത്തിൽ കൊല്ലപ്പെട്ട ഒരു ഇന്ത്യൻ ഭടന്റെയെങ്കിലും കുടുംബത്തിന് ഒരു ചെറിയ തുക സംഭാവന ചെയ്യൂ. അതല്ലെങ്കിൽ അവർക്കായി പ്രാർത്ഥിക്കൂ. അതിനും കഴിയില്ലെങ്കിൽ മിണ്ടാതിരിക്കുകയെങ്കിലും ചെയ്യൂ.

രാജ്യസുരക്ഷയിൽ വീഴ്‌ച ഉണ്ടായിട്ടുണ്ടെങ്കിൽ കേന്ദ്രസർക്കാരിനെ വിമർശിക്കേണ്ട പ്രതിപക്ഷ പാർട്ടികൾ പക്ഷെ ഒറ്റക്കെട്ടായി നിൽക്കുന്നു. നിശ്ബ്ദരായി തുടരുന്നു. കാരണം ഇപ്പോൾ വാഗ്വാദങ്ങൾ നടത്തുന്നത് ഔചിത്യമില്ലായ്‌മയാണെന്ന്  അവർക്കറിയാം. കേന്ദ്രസർക്കാരിന്റെ പിടിപ്പുകേടാണ് പുൽവാമ ആക്രമണത്തിന് കാരണമായത് എന്ന് തോന്നുന്നവർക്ക് അതിനെതിരെ പ്രതികരിക്കാനുള്ള സമയം ഈ വരുന്ന ലോകസഭാ തിരഞ്ഞെടുപ്പാണ്. ഇമ്രാൻഖാനെ വാഴ്ത്തിയും, പാകിസ്ഥാനെ പുകഴ്ത്തിയും ഉയർത്തുന്ന വാഗ്വാദങ്ങൾ പുൽവാമയിൽ കൊല്ലപ്പെട്ട ജവാന്മാരുടെ ജീവത്യാഗത്തിനോടുള്ള അനാദരവാണ്. ഇന്ത്യയെന്നാൽ മോദിയോ, അജിത് ഡോവലോ, സീതാ രാമനോ മാത്രമല്ല, കാശ്മീർ മുതൽ കന്യാകുമാരി വരെ പരന്നു കിടക്കുന്ന ഈ ദേശത്തു വസിക്കുന്ന പാഴ്‌സിയും, ജൈനനും, ഹിന്ദുവും, മുസ്ലീമും, ക്രിസ്ത്യാനിയും, സിക്കും എല്ലാം ചേർന്നതാണ്. അതിൽ ഞാനും, നിങ്ങളും എല്ലാം ഉൾപ്പെടും. തോളോട് തോൾ ചേർന്ന് നാം നിൽക്കേണ്ട ഈ സമയത്ത്‌ വെറുപ്പിന്റെ മൊത്തവ്യാപാരം നടത്തുന്നത് ഇനിയെങ്കിലും നിർത്തൂ. ഇന്ത്യയുടെ യഥാർത്ഥ ശത്രുക്കൾ കാശ്മീരിൽ അതിക്രമിച്ചു കയറിയ ഭീകരരോ, അതിർത്തിക്കപ്പുറത്തെ പാക് ഭരണകൂടമോ അല്ല മറിച്ചു ഇന്ത്യയിലിരുന്ന്, ഈ രാജ്യം ആക്രമിക്കപ്പെടുമ്പോഴും അത് സ്വന്തം രാഷ്ട്രീയപ്രസ്ഥാനത്തിന്റെ അപദാനങ്ങൾ വാഴ്ത്തിപ്പാടാനുള്ള  അവസരമായി കണ്ട് ആഘോഷിക്കുന്ന അൽപ്പബുദ്ധികളാണ്. ‘മനനം’ ചെയ്യാൻ കഴിവുള്ളവനാണ് മനുഷ്യൻ. ആ കഴിവ് നഷ്ട്ടപ്പെട്ട് വെറും ഇരുകാലികൾ മാത്രമാകരുത്.