രാജസ്ഥാന് 152 റണ്‍സ് വിജയലക്ഷ്യം


ജയ്പുര്‍: സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മല്‍സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിന് 152 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത സണ്‍റൈസേഴ്‌സ്, ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസന്റെ അര്‍ധസെഞ്ചുറിയുടെ ബലത്തില്‍ നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സെടുക്കുകയായിരുന്നു. 43 പന്തില്‍ ഏഴ് ബൗണ്ടറിയും രണ്ട് സിക്‌സും ഉള്‍പ്പെടെ 63 റണ്‍സെടുത്ത വില്യംസനാണ് സണ്‍റൈസേഴ്‌സിന്റെ ടോപ് സ്‌കോറര്‍. തുടര്‍ച്ചയായ രണ്ടാം മല്‍സരത്തിലും മൂന്ന് വിക്കറ്റ് നേട്ടം കൈവരിച്ച വെസ്റ്റ് ഇന്‍ഡീസ് താരം ജോഫ്ര ആര്‍ച്ചറാണ് രാജസ്ഥാന്‍ ബൗളിങ് നിരയില്‍ തിളങ്ങിയത്.

സണ്‍റൈസേഴ്‌സ് നിരയില്‍ ഇംഗ്ലണ്ട് താരം അലക്‌സ് ഹെയില്‍സും രാജസ്ഥാന്‍ നിരയില്‍ ന്യൂസീലന്‍ഡ് താരം ഇഷ് സോധിയും ഐപിഎല്‍ അരങ്ങേറ്റം കുറിച്ചു. തകര്‍ച്ചയോടെയായിരുന്നു സണ്‍റൈസേഴ്‌സിന്റെ തുടക്കം. സ്‌കോര്‍ ബോര്‍ഡില്‍ 17 റണ്‍സുള്ളപ്പോള്‍ ശിഖര്‍ ധവാന്‍ പുറത്തായി. നാല് പന്തില്‍ ഒരു ബൗണ്ടറിയോടെ ആറു റണ്‍സെടുത്ത ധവാനെ കൃഷ്ണപ്പ ഗൗതം പുറത്താക്കുകയായിരുന്നു.

രണ്ടാം വിക്കറ്റില്‍ 92 റണ്‍സ് കൂട്ടിച്ചേര്‍ത്ത ഹെയില്‍സ്‌-വില്യംസന്‍ സഖ്യമാണ് സണ്‍റൈസേഴ്‌സ് ഇന്നിങ്‌സിന് അടിത്തറയിട്ടത്. ഹെയില്‍സ് 39 പന്തില്‍ 45 റണ്‍സെടുത്തു. മനീഷ് പാണ്ഡെ (15 പന്തില്‍ 16), ഷാക്കിബ് അല്‍ ഹസന്‍ (ആറു പന്തില്‍ ആറ്), യൂസഫ് പത്താന്‍ (മൂന്നു പന്തില്‍ രണ്ട്), റാഷിദ് ഖാന്‍ (മൂന്നു പന്തില്‍ ഒന്ന്) എന്നിങ്ങനെയാണ് മറ്റ് സണ്‍റൈസേഴ്‌സ് താരങ്ങളുടെ പ്രകടനം. വൃദ്ധിമാന്‍ സാഹ (ഏഴു പന്തില്‍ 11), ബേസില്‍ തമ്പി (0) എന്നിവര്‍ പുറത്താകാതെ നിന്നു. രാജസ്ഥാനായി ജോഫ്ര ആര്‍ച്ചര്‍ നാല് ഓവറില്‍ 26 റണ്‍സ് വഴങ്ങി മൂന്ന്
വിക്കറ്റും കൃഷ്ണപ്പ ഗൗതം നാല് ഓവറില്‍ 18 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റും സ്വന്തമാക്കി.