രാജസ്ഥാനിലും തെലങ്കാനയിലും പരസ്യപ്രചാരണം ഇന്ന് സമാപിക്കും; രാഹുലും ചന്ദ്രബാബു നായിഡുവും വേദി പങ്കിടും

ന്യൂ​ഡ​ല്‍​ഹി: രാജസ്ഥാൻ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം ഇന്ന് അവസാനിക്കും. രാജസ്ഥാനിലെ വോട്ടർമാർ വെള്ളിയാഴ്ച വിധിയെഴുതും. ഭരിക്കുന്ന സർക്കാരിനെ അധികാരത്തിലേറ്റിലെന്ന രണ്ടു ദശകങ്ങളായുള്ള പതിവ് ഇക്കുറിയും തെറ്റിക്കില്ലെന്നാണ് അഭിപ്രായ സർവേകൾ പ്രവചിക്കുന്നത്. എന്നാൽ ചരിത്രം തിരുത്തുമെന്ന് ബിജെപി തറപ്പിച്ചു പറയുന്നു. കോൺഗ്രസ് നേതാക്കളിൽ സച്ചിൻ പൈലറ്റിനേക്കാൾ മുൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനു തന്നെയാണ് കൂടുതൽ ജനപ്രീതി.

ബിജെപിയുടെ പ്രചാരണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ് ചുക്കാൻപിടിച്ചത്. കേന്ദ്ര മന്ത്രിമാരും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും അടക്കം പ്രചാരണത്തിനിറങ്ങി. മുഖ്യമന്ത്രി വസുന്ധര രാജേയും റോഡ് ഷോയിൽ ഉൾപ്പെടെ സജീവമായിരുന്നു. ഇവരൊക്കെ വന്നെങ്കിലും വെളുത്തുള്ളി കർഷകരുടേതടക്കം കാർഷികമേഖലയിലെ പ്രശ്നങ്ങൾ തന്നെയാണ് സർക്കാരിന് തലവേദയാകുന്നത്.

തെലങ്കാനയിലും പരസ്യപ്രചാരണം ഇന്ന് സമാപിക്കും. തെലങ്കാന രാഷ്ട്ര സമിതിയും കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന മഹാകൂട്ടമിയും തമ്മിലുള്ള പോരാട്ടത്തില്‍ ഫലം പ്രവചനാതീതമാണ്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയും ചന്ദ്രബാബു നായിഡുവും ഇന്ന് വീണ്ടും വേദി പങ്കിടും.