രഹ്ന ഫാത്തിമയുടെ അറസ്റ്റ് : പോലീസിന്റെ അപേക്ഷ കോടതി തള്ളി

പത്തനംതിട്ട: രഹ്ന ഫാത്തിമയെ ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ വിട്ടു കിട്ടണമെന്ന പോലീസിന്റെ ആവശ്യം കോടതി തള്ളി. പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് പോലീസിന്റെ അപേക്ഷ തള്ളിയത്. മതവികാരം വ്രണപ്പെടുത്തി എന്ന കേസില്‍ അറസ്റ്റിലായ രഹനാ ഫാത്തിമയുടെ ജാമ്യാപേക്ഷ കോടതി ഇന്നലെ വീണ്ടും തള്ളിയിരുന്നു. നേരത്തെയും പോലീസ് കസ്റ്റഡി ആവശ്യപ്പെട്ട ഹര്‍ജിയില്‍ രണ്ടു മണിക്കൂര്‍ മാത്രമായിരുന്നു കോടതി പൊലീസിന് ചോദ്യം ചെയ്യാന്‍ അനുവാദം നല്‍കിയത്.

തെളിവെടുപ്പിനും ചോദ്യം ചെയ്യലിനുമായി മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്നായിരുന്നു പൊലീസിന്റെ ആവശ്യം. ഇതാണ് കോടതി നിരാകരിച്ചത്. ഇവരുടെ ജാമ്യാപേക്ഷാ തള്ളിയതോടെ വീണ്ടും രഹനയ്ക്ക് കൊട്ടാരക്കര ജയിലില്‍ തന്നെ കഴിയേണ്ടി വരും. രഹ്നയെ പ്രദര്‍ശനവസ്തുവാക്കാന്‍ പോലീസ് ശ്രമിക്കുന്നുവെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി അംഗീകരിച്ച ശേഷമാണു വിധി പറഞ്ഞത്.