രണ്ട് പന്ത് ശേഷിക്കെ ശ്രീലങ്കയെ അഞ്ച് വിക്കറ്റിന് തകര്‍ത്ത് ബംഗ്ലദേശ്‌

കൊളംബോ: ത്രിരാഷ്ട്ര പരമ്പരയിലെ മൂന്നാം ട്വന്റി-20 മത്സരത്തില്‍ ശ്രീലങ്കയ്‌ക്കെതിരെ മിന്നുന്ന വിജയം സ്വന്തമാക്കി ബംഗ്ലദേശ്. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക ഉയര്‍ത്തിയ 214 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ല കടുവകള്‍ രണ്ട് പന്ത് ബാക്കി നില്‍ക്കെ ലക്ഷ്യം മറികടന്നു. 72 റണ്‍സ് നേടിയ മുഷ്ഫിക്കുര്‍ റഹിം ആണ് ടീമിന്റെ വിജയശില്‍പി. 214 റണ്‍സ് എന്ന വലിയ ലക്ഷ്യം തേടി ഇറങ്ങിയ ബംഗ്ലാദേശിന് വെടിക്കെട്ട് തുടക്കമാണ് ഓപ്പണര്‍മാര്‍ നല്‍കിയത്. 19 പന്തില്‍ 43 റണ്‍സ് നേടി ലിറ്റണ്‍ ദാസ് അഞ്ച് സിക്‌സാണ് തന്റെ ചെറിയ ഇന്നിംഗ്‌സില്‍ നേടിയത്. ഒപ്പം തമീം ഇക്ബാലും 47 റണ്‍സുമായി അതിവേഗം സ്‌കോറിംഗ് നടത്തി. 5.5 ഓവറില്‍ 74 റണ്‍സാണ് ഓപ്പണിംഗ് വിക്കറ്റ് നേടിയത്.

ശ്രീലങ്കന്‍ നിരയില്‍ നുവാന്‍ പ്രദീപ് 2 വിക്കറ്റും തിസാര പെരേര ദുഷ്മന്ത ചമീര എന്നിവര്‍ ഓരോ വിക്കറ്റും നേടി. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയെ കുശല്‍ പെരേര(48 പന്തില്‍ 74), കുശല്‍ മെന്‍ഡിസ്(30 പന്തില്‍ 57), ഉപുല്‍ തരംഗ(പുറത്താകാതെ 15 പന്തില്‍ 32) എന്നിവര്‍ ചേര്‍ന്നാണ് കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. ബംഗ്ലദേശിനായി മുസ്തഫിസുര്‍ റഹ്മാന്‍ മൂന്നും മഹമ്മദുള്ള രണ്ടും വിക്കറ്റുകള്‍ നേടി.