രണ്ടു എംഎല്‍എമാര്‍ ഐ ഗ്രൂപ്പിന് അധികമായപ്പോള്‍ തെറിച്ചത്‌ ഉമ്മന്‍ചാണ്ടിയുടെ പ്രതിപക്ഷ നേതൃസ്ഥാനം: രാജ്മോഹന്‍ ഉണ്ണിത്താന്‍

എം.മനോജ്‌ കുമാര്‍

തിരുവനന്തപുരം: രണ്ടു എംഎല്‍എമാര്‍ ഐ ഗ്രൂപ്പിന് അധികമായപ്പോള്‍ തെറിച്ചത്‌ ഉമ്മന്‍ചാണ്ടിയുടെ പ്രതിപക്ഷ നേതൃസ്ഥാനമാണെന്ന് കോണ്‍ഗ്രസ് നേതാവ് രാജ്മോഹന്‍ ഉണ്ണിത്താന്‍. ഇത്തവണ ഉമ്മന്‍ചാണ്ടി പ്രതിപക്ഷ നേതാവ് ആകുമെന്ന് എല്ലാവരും കരുതി. പക്ഷെ എണ്ണത്തില്‍ രണ്ടു ഐഗ്രൂപ്പ് എംഎല്‍എമാര്‍ അധികം ജയിച്ച് വന്നപ്പോള്‍ ഉമ്മന്‍ ചാണ്ടി പ്രതിപക്ഷ നേതാവാകാനുള്ള സാധ്യത തന്നെ ഇല്ലാതായി. എംഎല്‍എമാരുടെ പിന്‍ബലത്തിലാണ് രമേശ്‌ ചെന്നിത്തല പ്രതിപക്ഷ നേതാവായി മാറിയത് – രാജ്മോഹന്‍ ഉണ്ണിത്താന്‍ 24 കേരളയോടു പറഞ്ഞു.

ഇപ്പോള്‍ കെപിസിസി പ്രസിഡന്റ് സ്ഥാനം ലഭിക്കാന്‍ ഡല്‍ഹി കേന്ദ്രമാക്കി കോണ്‍ഗ്രസ് നേതാക്കള്‍ ക്യാമ്പയിന്‍ നടത്തുകയാണ്. ഗ്രൂപ്പുകളായും വ്യക്തികളായുമാണ്‌ ക്യാമ്പയിന്‍ നടക്കുന്നത്. പക്ഷെ ഗ്രൂപ്പുകളുടെ ലിസ്റ്റിലും വ്യക്തി തിരിഞ്ഞുള്ള ക്യാമ്പയിനിലും താനില്ലെന്നും ഉണ്ണിത്താന്‍ പറഞ്ഞു.

1968-ല്‍ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയതാണ്. 50 വര്‍ഷത്തെ രാഷ്ട്രീയ പ്രവര്‍ത്തന പാരമ്പര്യമുണ്ട്. താഴെത്തട്ടില്‍ നിന്നും വന്നതാണ്. പക്ഷെ പ്രസിഡന്റ്മാരുടെ പട്ടികയില്‍ തന്നെ പോലുള്ള നേതാക്കളുടെ പേര് കാണില്ല. എന്നെ കെപിസിസി അധ്യക്ഷന്‍ ആക്കണം എന്ന് പറഞ്ഞു ഡല്‍ഹിയില്‍ പോകുന്നത് മര്യാദകേടാണ് എന്നതുകൊണ്ട് താന്‍ ഡല്‍ഹിയ്ക്ക് ഇല്ലെന്നും ഉണ്ണിത്താന്‍ പറഞ്ഞു.

ഓരോ നേതാവും പറയുന്നത് താനാണ് യോഗ്യന്‍ എന്നാണ്. അതുകൊണ്ട് ഓരോ നേതാക്കളുടെയും ആവശ്യം കെപിസിസി അധ്യക്ഷ പദവിയാണ്. ഈ പദവിയില്‍ തങ്ങളെ അവരോധിക്കണം എന്നാവശ്യപ്പെട്ടാണ് ക്യാമ്പയിന്‍. എന്നെങ്കിലും കെപിസിസി അധ്യക്ഷ പട്ടികയില്‍ തന്റെ പേര് വേണമെന്ന് ആരെങ്കിലും ആവശ്യപ്പെട്ടാല്‍ അന്ന് രാജ്മോഹന്‍ ഉണ്ണിത്താന്റെ പേര് വരും. അല്ലാതെ സ്വയം ആവശ്യപ്പെട്ട് കെപിസിസി അധ്യക്ഷ പട്ടികയില്‍ തന്റെ പേര് വരില്ല – രാജ് മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.

നിലവിലെ കെപിസിസി അധ്യക്ഷനെ മാറ്റുന്ന കാര്യത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അറിവില്ല. വാര്‍ത്തകള്‍ വരുന്നു എന്നല്ലാതെ വേറൊന്നും തന്നെയില്ല. ആരെയെങ്കിലും മാറ്റുന്നു എന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ടില്ല. ആരുടെയെങ്കിലും പേര് രാഹുല്‍ ഗാന്ധിയുടെ മുന്നില്‍ നിര്‍ദേശിച്ചുവെന്ന് ഉമ്മന്‍ ചാണ്ടിയും പറഞ്ഞിട്ടില്ല. പക്ഷെ വാര്‍ത്തകള്‍ പലതും വരുന്നുണ്ട്. എന്തായാലും തീരുമാനം ഹൈക്കമാന്‍ഡ് തന്നെയാണ് കൈക്കൊള്ളുന്നത്.

കെപിസിസി അധ്യക്ഷന്‍ എം.എം.ഹസന്‍ നിലവില്‍ കോണ്‍ഗ്രസ് പ്രചാരണ യാത്രയിലാണ്. ഈ ഘട്ടത്തില്‍ അധ്യക്ഷനെ മാറ്റാനുള്ള സാധ്യത കുറവാണ്. യാത്ര നടത്തിക്കൊണ്ടിരിക്കുമ്പോള്‍ ആ അധ്യക്ഷനെ അപമാനിച്ച് പറഞ്ഞുവിടും എന്ന് കരുതുന്നില്ല.

ഐ ഗ്രൂപ്പില്‍പ്പെട്ട കെ.സുധാകരന്റെ പേര് എ ഗ്രൂപ്പിനെ നയിക്കുന്ന ഉമ്മന്‍ചാണ്ടി നിര്‍ദ്ദേശിച്ചു എന്ന് പറഞ്ഞാല്‍ അത് അവിശ്വസനീയമാണ്.

ഗ്രൂപ്പടിസ്ഥാനത്തിലല്ലാതെ ചിന്തിക്കാനെ കഴിയാത്ത നേതാക്കളാണ് കോണ്‍ഗ്രസിലുള്ളത്. കെപിസിസിയില്‍ 280 പേരെ എടുത്തപ്പോള്‍ ഗ്രൂപ്പില്ലാത്ത ആരെയും ഉള്‍പ്പെടുത്തിയില്ല. എഐസിസിയില്‍ 65 പേരുടെ പേരുകള്‍ നല്‍കിയപ്പോള്‍ അതിലും ഗ്രൂപ്പില്ലാത്ത ആരുടെയും പേര് ഉള്‍പ്പെടുത്തിയിട്ടില്ല. ഗ്രൂപ്പാണ് മാനദണ്ഡം.

അപ്പോള്‍ ഐ ഗ്രൂപ്പിലെ നേതാവിന്റെ പേര് എ ഗ്രൂപ്പിലെ ഉമ്മന്‍ചാണ്ടി പറയില്ല. കേരളത്തില്‍ പാര്‍ട്ടിക്ക് വേണ്ടി, ഉമ്മന്‍ചാണ്ടിയ്ക്ക് വേണ്ടി, ചെന്നിത്തലയ്ക്ക് വേണ്ടി കഷ്ടപ്പെടുന്ന നേതാവാണ്‌ ഞാന്‍.

280 കെപിസിസി അംഗങ്ങളെ
തിരഞ്ഞെടുത്തപ്പോള്‍ അതില്‍ ഒരു പേരുകാരനായി ഈ രണ്ടു നേതാക്കളും എന്നെ ഉള്‍പ്പെടുത്തിയിട്ടില്ല. അപ്പോള്‍ എങ്ങിനെ ഇവര്‍ സുധാകരനെ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക്‌ നിര്‍ദേശിക്കും?

രണ്ട് ഗ്രൂപ്പിലും ഉള്‍പ്പെടാത്ത ഒരു നേതാവിന്റെ കാര്യം കോണ്‍ഗ്രസില്‍ കഷ്ടമാണ്. ഗ്രൂപ്പ് ഇല്ലാത്തവര്‍ക്ക് കേരളത്തിലെ കോണ്‍ഗ്രസില്‍ നില്‍ക്കാന്‍ കഴിയില്ല. ഗ്രൂപ്പ് ഇല്ലാത്തവര്‍ക്ക് കോണ്‍ഗ്രസില്‍ നില്‍ക്കണമെങ്കില്‍ എല്ലാ ആഗ്രഹങ്ങളും പ്രതീക്ഷകളും വെടിഞ്ഞു വേണം നില്‍ക്കാന്‍. ഒന്നും ആകേണ്ടാ എന്ന് തീരുമാനിക്കുകയാണെങ്കില്‍ പിന്നെ ഒരുത്തനെയും പേടിക്കേണ്ടതില്ല.

രാജ്മോഹന്‍ ഉണ്ണിത്താന് പിടിച്ചുനില്‍ക്കാന്‍ കഴിയുന്നത് ഉണ്ണിത്താന്‍ കോണ്‍ഗ്രസിനെക്കൊണ്ട് ജീവിക്കുന്ന ആളല്ല. രാഷ്ട്രീയം എന്റെ ഉപജീവനം അല്ല. അതുകൊണ്ട് കോണ്‍ഗ്രസില്‍ താന്‍ നിലനില്‍ക്കുന്നു. മുന്‍പ് കരുണാകരന്റെ ഐ ഗ്രൂപ്പിനെതിരെ നിലകൊണ്ട ആളാണ്‌ രമേശ്‌ ചെന്നിത്തല. തിരുത്തല്‍വാദവും മൂന്നാം ഗ്രൂപ്പും ഉണ്ടാക്കിയത് ഈ രമേശ്‌ ചെന്നിത്തലയാണ്.

കെ.കരുണാകരന്‍ ഡിഐസി ഉണ്ടാക്കി കോണ്‍ഗ്രസിന് പുറത്ത് പോയപ്പോള്‍ കേരളത്തിലെ ഐ ഗ്രൂപ്പ് നേതാക്കള്‍ പുറത്ത് പോകാതിരിക്കാന്‍ വേണ്ടി ഉമ്മന്‍ചാണ്ടിയാണ് ഐ ഗ്രൂപ്പിന്റെ നേതൃത്വം രമേശ്‌ ചെന്നിത്തലയെ ഏല്‍പ്പിച്ചത്. കരുണാകരന്റെ സ്ഥാനത്ത് രമേശിനെ പ്രതിഷ്ഠിക്കുകയായിരുന്നു ലക്‌ഷ്യം. ഉമ്മന്‍ചാണ്ടിയാണ് രമേശിനെ ഐ ഗ്രൂപ്പ് നേതാവാക്കി വളര്‍ത്തിയെടുത്തത്.

അന്ന് ഉമ്മന്‍ചാണ്ടി ആ നീക്കം നടത്തിയിരുന്നില്ലെങ്കില്‍ ഐ ഗ്രൂപ്പ് ഒന്നടങ്കം കരുണാകരന് ഒപ്പം പോയേനെ. കേരളത്തിലെ കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞു പോയേനെ. ആ സഹകരണം രമേശും ഉമ്മന്‍ചാണ്ടിയും തുടര്‍ന്ന് പോകുന്നുണ്ട്. ഇവര്‍ തമ്മില്‍ അഭിപ്രായവ്യത്യാസം ഉണ്ടാകാറുണ്ട് എന്ന് പറയുന്നു. ഏത് കാര്യത്തിലാണ് ഇവര്‍ തമ്മില്‍ അഭിപ്രായ വ്യത്യാസം?

വ്യക്തിപരമായ അജണ്ടകളുടെ കാര്യം വരുമ്പോള്‍ മാത്രമാണ് രമേശും ഉമ്മന്‍ ചാണ്ടിയും തമ്മില്‍ വിയോജിപ്പ്‌. വേറെ ഒരു കാര്യത്തിലും ഒരു യുദ്ധവും ഇല്ല. അത്തരം ഒരു യുദ്ധം കോണ്‍ഗ്രസുകാര്‍ ആരും കണ്ടിട്ടില്ല. വീതംവെയ്പ്പ് ആണ് കോണ്‍ഗ്രസില്‍ നടക്കുന്നത്.

കെപിസിസി, എഐസിസി സ്ഥാനങ്ങള്‍ എ-ഐ ഗ്രൂപ്പുകള്‍ വീതം വെയ്ച്ച് എടുക്കുകയായിരുന്നു. തര്‍ക്കം നാളെ മുഖ്യമന്ത്രി സ്ഥാനം വരുമ്പോള്‍ മാത്രമാണ് ഉണ്ടാവുക. കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ പ്രതിപക്ഷ നേതാവിന് മുഖ്യമന്ത്രി സ്ഥാനം നല്‍കണമെന്നു ഇന്ത്യന്‍ ഭരണഘടന എഴുതിവെച്ചിട്ടില്ല.

അടുത്ത തവണ ജയിച്ചു വരുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ കെ.സി.വേണുഗോപാല്‍ മുഖ്യമന്ത്രി ആകണമെന്നു പറഞ്ഞാല്‍ കെ.സി.വേണുഗോപാല്‍ ആകും. വി.ഡി.സതീശന്‍ മുഖ്യമന്ത്രി ആകണം എന്ന് എംഎല്‍എമാര്‍ പറഞ്ഞാല്‍ രമേശ്‌ ചെന്നിത്തല മുഖ്യമന്ത്രിയാകുമോ? – രാജ്മോഹന്‍ ഉണ്ണിത്താന്‍ ചോദിച്ചു.