രഞ്ജി ട്രോഫി കേരളത്തിന് തകർപ്പൻ ജയം

ഹിമാചല്‍ പ്രദേശിനെ 5 വിക്കറ്റിന് തകര്‍ത്ത് കേരളം രഞ്ജി ട്രോഫിയുടെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. കേരളത്തിന്റെ തുടര്‍ച്ചയായ രണ്ടാംക്വാര്‍ട്ടര്‍ പ്രവേശനമാണിത്. മത്സരത്തില്‍ ഹിമാചല്‍ ഉയര്‍ത്തിയ 297 റണ്‍സ് വിജയ ലക്ഷ്യം കേവലം 67 ഓവറുകളില്‍ 5 വിക്കറ്റുകള്‍ മാത്രം നഷ്ടപ്പെടുത്തി കേരളം മറികടക്കുകയായിരുന്നു. അര്‍ധസെഞ്ചുറികള്‍ നേടിയ സച്ചിന്‍ ബേബി, സഞ്ജു സാംസണ്‍, വിനൂപ് മനോഹരന്‍ എന്നിവരാണ് കേരളത്തിന്റെ ഹീറോസ്.

നേരത്തെ തലേന്നത്തെ സ്കോറായ 285/8 ല്‍ ഹിമാചല്‍ തങ്ങളുടെ രണ്ടാം ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തതോടെയാണ് മത്സരം ആവേശത്തിലായത്. 297 റണ്‍സ് വിജയ ലക്ഷ്യവുമായി ബാറ്റിംഗിനെത്തിയ കേരള. തുടക്കം മുതല്‍ ആക്രമിച്ചാണ് കളിച്ചത്. 21 പന്തില്‍ 3 ബൗണ്ടറികളടക്കം 14 റണ്‍സ് നേടിയ രാഹുല്‍ പി തുടക്കം തന്നെ പുറത്തായി.‌താരം പുറത്താകുമ്ബോള്‍ കേരളം 32/1. പിന്നീട് ഒത്തുചേര്‍ന്ന സിജോമോന്‍ ജോസഫും, വിനൂപും ചേര്‍ന്ന് കേരളത്തെ മികച്ച തുടക്കത്തിലേക്ക് നയിച്ചു. ഏകദിന ശൈലിയിലായിരുന്നു ഇവരുടെ കൂട്ടുകെട്ട് മുന്നേറിയത്. കേരളാ സ്കോര്‍ 100 കടന്നതിന് പിന്നാലെ സിജോമോന്‍ ജോസഫ് പുറത്തായി. 23 റണ്‍സാണ് താരം നേടിയത്.

പിന്നീട് ബാറ്റിംഗിനെത്തിയ നായകന്‍ സച്ചിന്‍ ബേബിയും തകര്‍ത്തടിച്ചതോടെ കേരളാ സ്കോര്‍ കുതിച്ചു. സെഞ്ചുറി ഉറപ്പിച്ച്‌ മുന്നേറവെയാണ് വിനൂപ് മനോഹരന്‍ വീണത്. 11 ബൗണ്ടറികളടക്കം 96 റണ്‍സായിരുന്നു താരത്തിന്റെ സമ്ബാദ്യം. വിനൂപും, സച്ചിന്‍ ബേബിയും തമ്മിലുള്ള കൂട്ടുകെട്ടില്‍ 101 റണ്‍സാണ് പിറന്നത്.

അഞ്ചാമനായി ബാറ്റിംഗിനിറങ്ങിയ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ മൊഹമ്മദ് അസറുദ്ദീന്‍ റണ്ണൊന്നുമെടുക്കാതെ പുറത്തായത് കേരളത്തെ ഞെട്ടിച്ചെങ്കിലും പിന്നാലെയിറങ്ങിയ സഞ്ജു സാംസണ്‍ അനായാസം ബാറ്റ് ചെയ്ത് മുന്നേറിയതോടെ ടീം സമ്മര്‍ദ്ദത്തില്‍ നിന്ന് പുറത്ത് കടന്നു. നിലയുറപ്പിച്ച ശേഷം രണ്ട് സിക്സറുകളാണ് സഞ്ജു പറത്തിയത്. പിന്നീട് കേരളത്തിന്റെ കൈയ്യിലായിരുന്നു കളി.

ആക്രമണ ശൈലിയില്‍ ബാറ്റ് വീശി സഞ്ജു എതിരാളികളെ കടന്നാക്രമിച്ചപ്പോള്‍ കേരളം വിജയം ഉറപ്പിച്ചു. സഞ്ജുവിന് പിന്തുണ നല്‍കുക മാത്രമായിരുന്നു ഈ സമയങ്ങളില്‍ സച്ചിന്റെ ജോലി. ചായയ്ക്ക് ശേഷം കളി തുടങ്ങിയ കേരളത്തിന് വിജയത്തിനടുത്തെത്തിയപ്പോള്‍ 92 റണ്‍സെടുത്ത സച്ചിന്‍ ബേബിയുടെ വിക്കറ്റ് നഷ്ടമായെങ്കിലുംസഞ്ജു ടീമിനെ വിജയത്തിലെത്തിക്കുകയായിരുന്നു. 53 പന്തില്‍ അഞ്ച് ബൗണ്ടറികളും, 2 സിക്സറുകളുമടക്കം 61 റണ്‍സെടുത്ത സഞ്ജുവും, റണ്ണൊന്നുമെടുക്കാതെ വിഷ്ണു വിനോദുമായിരുന്നു കേരളം വിജയം നേടുമ്ബോള്‍ ക്രീസിലുണ്ടായിരുന്നത്.