രഞ്ജിത് ജോൺസൺ വധം: ഏഴ് പ്രതികള്‍ക്ക്‌ ജീവപര്യന്തം; 25 വര്‍ഷം പരോള്‍ അനുവദിക്കരുതെന്ന് നിര്‍ദേശം

കൊല്ലം: പേരൂർ രഞ്ജിത് ജോൺസൺ വധക്കേസിൽ ഒന്നാംപ്രതി പാമ്പ് മനോജ് അടക്കം ഏഴുപേര്‍ക്ക് ജീവപര്യന്തം. ശിക്ഷിക്കപ്പെട്ടവര്‍ക്ക് 25 വര്‍ഷം പരോള്‍ അനുവദിക്കരുതെന്ന് കോടതി നിര്‍ദേശിച്ചു. ഏഴുപ്രതികളും രണ്ടുലക്ഷം രൂപ വീതം പിഴയൊടുക്കണം. കൊല്ലം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. തെളിവുകളുടെ അഭാവത്തില്‍ എട്ടാംപ്രതി അജിംഷയെ കോടതി വെറുതെ വിട്ടിരുന്നു.

കഴിഞ്ഞ ഓഗസ്റ്റ് പതിനഞ്ചിനായിരുന്നു കേസിനാസ്പദമായ സംഭവം. ഒന്നാം പ്രതി മനോജിന്റെ ഭാര്യയെ കൂടെ താമസിപ്പിച്ചതിന്റെ വൈരാഗ്യത്തിനു രഞ്ജിത് ജോൺസണെ വീട്ടിൽ നിന്നു വിളിച്ചിറക്കിക്കൊണ്ടുപോയി കൊലപ്പെടുത്തി തമിഴ്നാട്ടിൽ ക്വാറി അവശിഷ്ടങ്ങൾ തള്ളുന്ന കുഴിയിൽ കുഴിച്ചുമൂടിയെന്നാണു കേസ്.

പ്രാവിനെ വാങ്ങാനെന്ന വ്യാജേന എത്തിയ ഒരു സംഘം കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തില്‍ പേരൂര്‍ സ്വദേശിയായ രജ്‍ഞിത്ത് ജോണ്‍സനെ തട്ടിക്കൊണ്ടു പോയി ക്രൂരമായി മര്‍ദിച്ചു കൊലപ്പെടുത്തുകയായിരുന്നു. കുപ്രസിദ്ധ ഗുണ്ടകളായ കാട്ടുണ്ണി , കൈതപ്പുഴ ഉണ്ണി, കുക്കു അടക്കമുള്ള സ്ഥിരം കുറ്റവാളികളാണ് കേസിലെ മറ്റു പ്രതികള്‍.