രജനി ചിത്രം ‘പേട്ട’യുടെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കി പൃഥ്വിരാജ്‌

കൊച്ചി: ആരാധകര്‍ക്ക് വമ്പന്‍ ഒരു സര്‍പ്രൈസുമായി നടന്‍ പൃഥ്വിരാജ്. രജനികാന്തിന്‍റെ പുതിയ ചിത്രം പേട്ട കേരളത്തില്‍ വിതരണം ചെയ്യുന്നത്  പൃഥ്വിരാജ് ആയിരിക്കും. മാജിക് ഫ്രെയിംസിനോട് ചേര്‍ന്നാണ് പൃഥ്വിരാജ് പ്രൊഡന്‍ഷന്‍ പേട്ട  വിതരണം ചെയ്യുന്നത്.  കേരളത്തിലെ 200 ല്‍ പരം തിയേറ്ററുകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും.

പൃഥ്വിരാജ് ആരാധകര്‍ക്കായി ഒരു സര്‍പ്രൈസ് അനൗണ്‍സ്‌മെന്റ് കാത്തിരിപ്പുണ്ടെന്ന് ഫേസ്ബുക്ക് ലൈവിലൂടെ രാവിലെ അറിയിച്ചിരുന്നു. തന്‍റെ ഒഫീഷ്യല്‍ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് സര്‍പ്രൈസ് അനൗണ്‍സ്‌മെന്‍റ് പൃഥ്വി നടത്തിയത്. ഫേസ്ബുക്ക് ലൈവില്‍ പൃഥ്വി തന്റെ ആദ്യ സംവിധാന സംരഭമായ ലൂസിഫറിന്‍റെ വിശേഷങ്ങളും പങ്കുവെച്ചിരുന്നു. ‘ലൂസിഫറിന്റെ ചിത്രീകരണം പൂര്‍ത്തിയായി. ഇനി നാലു ദിവസത്തെ പാച്ചപ്പ് വര്‍ക്കുകള്‍ മാത്രമാണ് ശേഷിക്കുന്നത്.

ലക്ഷദ്വീപിലാണ് ഈ രംഗങ്ങള്‍ ചിത്രീകരിക്കേണ്ടത്. ലക്ഷദ്വീപിലേയ്ക്ക് ഇപ്പോള്‍ പോകാന്‍ കഴിയാത്തതു കൊണ്ടാണ് ചിത്രീകരണം നീണ്ടുപോയത്. ജനുവരി മധ്യത്തോടെ അത് പൂര്‍ത്തിയാകും. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളും ഡബ്ബിങ്ങും പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്’ പൃഥ്വി പറഞ്ഞു.