രക്ഷാപ്രവര്‍ത്തനത്തില്‍ രാഷ്ട്രീയം കലര്‍ത്തിയവര്‍ ഘോരഘോരം പ്രസംഗിക്കുന്നുവെന്ന് സജി ചെറിയാന്‍

തിരുവനന്തപുരം : നവകേരളാ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷത്തിന്റെ പ്രമേയത്തില്‍ നിയമസഭാ ചര്‍ച്ച തുടരുന്നു. രക്ഷാപ്രവര്‍ത്തനത്തില്‍ രാഷ്ട്രീയം കലര്‍ത്തിയവര്‍ ഘോരഘോരം പ്രസംഗിക്കുന്നുവെന്ന് സജി ചെറിയാന്‍ എംഎല്‍എ സഭയില്‍ ആരോപിച്ചു. സാലറി ചലഞ്ച് തകര്‍ത്തത് യുഡിഎഫുകാരാണെന്നും പ്രളയ ദുരിതാശ്വാസത്തിനായി സമാനതകളില്ലാത്ത പ്രവര്‍ത്തനമാണ് സര്‍ക്കാര്‍ ചെയ്തതെന്നും സജി ചെറിയാന്‍ പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തില്‍ യുഡിഎഫ് രാഷ്ട്രീയം കളിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. സജി ചെറിയാന്റെ പ്രസ്താവനയെ തുടര്‍ന്ന് പ്രതിപക്ഷം പ്രതിഷേധിച്ചു.

ദുരിതാശ്വാസത്തില്‍ പാളിച്ചയെന്ന് വി.ഡി. സതീശന്‍ എംഎല്‍എ പറഞ്ഞു. 100 ദിവസമായിട്ടും അര്‍ഹര്‍ക്ക് സഹായം കിട്ടിയിട്ടില്ല. 20 ശതമാനം പേര്‍ക്ക് ഇപ്പോഴും 10000 രൂപ ലഭിച്ചിട്ടില്ല. മന്ത്രിമാരുടെ പ്രഖ്യാപനങ്ങളൊന്നും ഇതുവരെ നടപ്പിലായിട്ടില്ല. മത്സ്യത്തൊഴിലാളികള്‍ക്ക് പ്രഖ്യാപിച്ച തുകയും നല്‍കിയിട്ടില്ലെന്ന് വി.ഡി സതീശന്‍ ആരോപിച്ചു. വിഡി സതീശന്‍ എംഎല്‍എയാണ് അടിയന്തര പ്രമേയം അവതരിപ്പിക്കുന്നത്.

ഈ സര്‍ക്കാരിന്റെ കാലത്തെ രണ്ടാമത്തെ അടിയന്തരപ്രമേയമാണ് ചര്‍ച്ചയ്ക്ക് എടുക്കുന്നത്.കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നാല് അടിയന്തര പ്രമയം ചര്‍ച്ചയ്‌ക്കെടുത്തിരുന്നു. പ്രമേയം ഒന്നിച്ചാണ് നേരിട്ടതെന്നും ഇക്കാര്യത്തില്‍ കക്ഷി വ്യത്യാസമില്ലെന്നും സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു.

ശബരിമല വിഷയവും മന്ത്രി കെ.ടി. ജലീല്‍ ഉള്‍പ്പെട്ട ബന്ധുനിയമനവുമാണ് കഴിഞ്ഞ ദിവസങ്ങളില്‍ പ്രതിപക്ഷം നിയമസഭയില്‍ അടിയന്തരപ്രമേയമായി അവതരിപ്പിച്ചത്.