യോഗിക്കെതിരെ പോസ്റ്റ്‌: അറസ്റ്റിലായ മാധ്യമപ്രവര്‍ത്തകനെ ഉടന്‍ വിട്ടയക്കണം; സര്‍ക്കാരിനോട് സുപ്രീംകോടതി

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അപമാനിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചെന്ന് ആരോപിച്ച് മാധ്യമപ്രവര്‍ത്തകനെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ വിമര്‍ശവുമായി സുപ്രീംകോടതി.

അറസ്റ്റ് ഭരണഘടനാവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയ സുപ്രീംകോടതി  പ്രശാന്തിന് ഉടന്‍ ജാമ്യം നല്‍കാനും നിർദേശിച്ചു. വ്യക്തിസ്വാതന്ത്ര്യം ഹനിക്കുന്നതാണ് യു.പി. പൊലീസ് നടപടി. ട്വീറ്റില്‍ പ്രശ്നങ്ങളുണ്ടാകാം, അറസ്റ്റ് എന്തടിസ്ഥാനത്തിലെന്നും സുപ്രീംകോടതി ചോദിച്ചു.

യോഗി ആദിത്യനാഥിനോട് താന്‍ വിവാഹാഭ്യര്‍ഥന നടത്തിയെന്ന് അദ്ദേഹത്തിന്റെ ഓഫീസിന് പുറത്തുനിന്ന് ഒരു സ്ത്രീ പറയുന്നതിന്റെ വീഡിയോ ട്വിറ്ററിലും ഫെയ്‌സ്ബുക്കിലും ഷെയര്‍ ചെയ്തുവെന്ന് ആരോപിച്ചാണ് പോലീസ് ജൂണ്‍ എട്ടിന് പ്രശാന്ത് കനോജിയ എന്ന മാധ്യമപ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തത്.

അതേസമയം മാധ്യമപ്രവര്‍ത്തകനെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതിഷേധം ശക്തമായിരുന്നു. സംഭവത്തെ അപലപിച്ച്  മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മ ഡല്‍ഹിയില്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. മാര്‍ച്ചില്‍ നൂറ് കണക്കിന് മാധ്യമപ്രവര്‍ത്തകര്‍ പങ്കെടുത്തു .