യോഗിക്കും മായാവതിക്കും തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കുന്നതിന് വിലക്ക്

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും ബി.എസ്.പി അദ്ധ്യക്ഷ മായാവതിക്കും തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കുന്നതിന് വിലക്കേര്‍പ്പെടുത്തി. തിരഞ്ഞെടുപ്പ് കമ്മിഷനാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. യോഗി ആദിത്യനാഥിന് മൂന്ന് ദിവസവും മായാവതിക്ക് രണ്ട് ദിവസത്തെ വിലക്കുമാണ് ഏര്‍പ്പെടുത്തിയത്. പെരുമാറ്റ ചട്ടം ലഘിച്ചതിനാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി.

പ്രചാരണത്തിനിടെ വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയ ഇരുവര്‍ക്കുമെതിരെ നടപടി സ്വീകരിക്കാത്ത തിരഞ്ഞെടുപ്പ് കമ്മിഷനെ സുപ്രീം കോടതി നേരത്തെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.

തിരഞ്ഞെടുപ്പ് കമ്മിഷന് സ്വന്തം അധികാരത്തെ കുറിച്ച്‌ ബോദ്ധ്യം ഇല്ലേയെന്ന് സുപ്രീം കോടതി വിമര്‍ശനത്തിനിടെ ചോദിച്ചിരുന്നു. എന്നാല്‍ പെരുമാറ്റ ചട്ടം ലംഘിക്കുന്നവര്‍ക്ക് ഉപദേശക സ്വഭാവമുള്ള നോട്ടീസ് അയയ്ക്കാന്‍ മാത്രമാണ് തങ്ങള്‍ക്ക് അധികാരമുള്ളത്. തുടര്‍ച്ചയായി ഇത് ലംഘിക്കുന്നവര്‍ക്കെതിരെ പരാതി നല്‍കാന്‍ മാത്രമേ കഴിയുകയുള്ളുവെന്നും അവരെ അയോഗ്യരാക്കാന്‍ തങ്ങള്‍ക്ക് കഴിയില്ലെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ സുപ്രീം കോടതിയെ അറിയിച്ചിരുന്നു.

ഈ സാഹചര്യത്തില്‍ നാളെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ അംഗങ്ങളോട് സുപ്രീം കോടതിയില്‍ ഹാജരാകാനും കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കമ്മിഷന് ഏത് തരത്തിലുള്ള അധികാരമാണുള്ളതെന്ന് നാളെ പരിശോധിക്കാമെന്നും സുപ്രീം കോടതി അറിയിച്ചിട്ടുണ്ട്.