യെദ്യൂരപ്പയ്ക്ക് സത്യപ്രതിജ്ഞ ചെയ്യാമെന്ന് സുപ്രീം കോടതി


ന്യൂഡല്‍ഹി: കര്‍ണാടകയില്‍ ബി.എസ്.യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിന് ഇന്ന് രാവിലെ സത്യപ്രതിജ്ഞ ചെയ്യുന്നതിന് തടസമില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. രണ്ടുമണിക്കൂര്‍ നീണ്ട വാദപ്രതിവാദങ്ങള്‍ക്കൊടുവിലാണു മൂന്നംഗ സുപ്രീം കോടതി ബെഞ്ചിന്റെ തീരുമാനം. ജസ്റ്റിസ് എ.കെ.സിക്രിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് പുലര്‍ച്ചെ 2.10ന് തുടങ്ങിയ വാദംകേള്‍ക്കല്‍ നാലേകാലോടെയാണ് അവസാനിപ്പിച്ചത്. കര്‍ണാടക ഗവര്‍ണറുടെ തീരുമാനം സ്റ്റേ ചെയ്യണമെന്ന ആവശ്യം തള്ളിയ കോടതി, ഗവര്‍ണറുടെ ഓഫിസിന് നോട്ടിസ് അയയ്ക്കുമെന്ന് അറിയിച്ചു.

സര്‍ക്കാരിയ കമ്മിഷന്‍ ശുപാര്‍ശ പ്രകാരം, സര്‍ക്കാരുണ്ടാക്കാന്‍ മൂന്നാമത്തെ പരിഗണന നല്‍കേണ്ടതു തിരഞ്ഞെടുപ്പിനു ശേഷമുള്ള സഖ്യത്തിനാകണമെന്നും അതു കഴിഞ്ഞേ തനിച്ചു ഭൂരിപക്ഷമില്ലാത്ത വലിയ ഒറ്റക്കക്ഷിയെ പരിഗണിക്കേണ്ടതുള്ളൂ എന്നും കോണ്‍ഗ്രസിനു വേണ്ടി മുതിര്‍ന്ന നേതാവും അഭിഭാഷകനുമായ അഭിഷേക് മനു സിങ്വി വാദിച്ചു. കേവല ഭൂരിപക്ഷം നേടിയ പാര്‍ട്ടി, അല്ലെങ്കില്‍ തിരഞ്ഞെടുപ്പിനു മുന്‍പുള്ള സഖ്യങ്ങളില്‍ ഏറ്റവും വലുത് എന്നിങ്ങനെയാണ് ആദ്യ രണ്ടു പരിഗണനകള്‍. ഗോവയിലും മണിപ്പുരിലും മേഘാലയയിലും ഏറ്റവും വലിയ ഒറ്റക്കക്ഷിയല്ല സര്‍ക്കാര്‍ ഉണ്ടാക്കിയതെന്നും സിങ്‌വി ചൂണ്ടിക്കാട്ടി.

കേന്ദ്ര സര്‍ക്കാരിനുവേണ്ടി ഹാജരായ അഡിഷനല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും ബിജെപിക്കു വേണ്ടി എത്തിയ മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്തഗിയും സിങ്വിയുടെ വാദങ്ങളെ എതിര്‍ത്തു. തീരുമാനത്തിന്റെ രേഖകളൊന്നും പരിഗണിക്കാതെ ഗവര്‍ണറുടെ അധികാരത്തില്‍ ഇപ്പോള്‍ ഇടപെടുന്നതെങ്ങനെയെന്നു സുപ്രീംകോടതി ഹര്‍ജിക്കാരോടു ചോദിച്ചു. ഗവര്‍ണറുടെ തീരുമാനം വിലക്കിയാല്‍ സംസ്ഥാനത്തെ ഭരണരംഗത്തു ശൂന്യതയുണ്ടാകില്ലേ എന്ന കോടതിയുടെ ചോദ്യത്തിന് കാവല്‍സര്‍ക്കാര്‍ ഉണ്ടല്ലോ എന്നായിരുന്നു സിങ്വിയുടെ മറുപടി. ‘സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ 15 ദിവസം അനുവദിക്കുന്നത് കേട്ടുകേള്‍വി ഇല്ലാത്തതാണ്. 116 സീറ്റുള്ളവരെ അവഗണിച്ച് 104 സീറ്റുള്ളവരെ സത്യപ്രതിജ്ഞയ്ക്ക് ക്ഷണിക്കുന്നതു മുറിവേറ്റവരെ അപമാനിക്കുന്നതിനു തുല്യമാണ്’- സിങ്‌വി പറഞ്ഞു. ബുധനാഴ്ച രാത്രിയില്‍ കോണ്‍ഗ്രസ് സംഘം ഡല്‍ഹിയില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ വസതിയിലെത്തിയാണ്, സത്യപ്രതിജ്ഞയ്ക്ക് എതിരായ ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടത്. പാതിരാത്രിയില്‍ പരിഗണിക്കേണ്ട വിഷയമല്ല ഇതെന്നും ആരെങ്കിലും (യെഡിയൂരപ്പ) സത്യപ്രതിജ്ഞ ചെയ്താല്‍ ആകാശം ഇടിഞ്ഞുവീഴുമോയെന്നും റോഹ്തഗി ചോദിച്ചു. ബി.എസ്.യെഡിയൂരപ്പയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ വാജുഭായ് വാല ക്ഷണിച്ചത് ചട്ടവിരുദ്ധമാണെന്നാണു കോണ്‍ഗ്രസ് വാദിച്ചത്. കോണ്‍ഗ്രസും ബിജെപിയും അവകാശമുന്നയിച്ചു സമീപിച്ചതോടെ, മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്ത്തഗിയുമായി നിയമവശങ്ങള്‍ ചര്‍ച്ച ചെയ്ത ശേഷമാണു ഗവര്‍ണര്‍ ബിജെപിയെ ക്ഷണിച്ചത്.