യെച്ചൂരി തുടരാന്‍ സാധ്യത കുറവ്; വീണ്ടും പ്രതിസന്ധിയുമായി ബദല്‍രേഖ

എം.മനോജ്‌ കുമാര്‍ 

തിരുവനന്തപുരം: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ ജനറല്‍ സെക്രട്ടറി സീതാറാം
യെച്ചൂരി അവതരിപ്പിക്കുന്ന ബദല്‍ രേഖ പാര്‍ട്ടി കോണ്‍ഗ്രസും തള്ളിയാല്‍ തത്സ്ഥാനത്ത്‌ യെച്ചൂരി തുടര്‍ന്നേക്കില്ലെന്നു സൂചന.

രണ്ടു ചോദ്യങ്ങളാണ് ഹൈദരാബാദിലെ പാര്‍ട്ടി കോണ്‍ഗ്രസുമായി ബന്ധപ്പെട്ട് മുഴങ്ങുന്നത്. കോണ്‍ഗ്രസ് ബന്ധം സംബന്ധിച്ച വിഷയത്തില്‍ പാര്‍ട്ടി ഏത് നിലപാട് സ്വീകരിക്കും? യെച്ചൂരി പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി വീണ്ടും തുടരുമോ? പുതിയ പിബി അംഗങ്ങള്‍, പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി എന്നിവരെ തിരഞ്ഞെടുക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസാണ് നടക്കുന്നത്. ഈ പാര്‍ട്ടി കോണ്‍ഗ്രസ് തന്റെ നിലപാട് തള്ളിയാല്‍ വീണ്ടും ജനറല്‍ സെക്രട്ടറിയായി എങ്ങിനെ മുന്നോട്ട് പോകാന്‍ കഴിയും എന്നാണ് യെച്ചൂരി നേരിടുന്ന ചോദ്യം.

പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായ യെച്ചൂരി അവതരിപ്പിച്ച രേഖ പാര്‍ട്ടിക്ക് എതിരായ രേഖയായി മാറുകയാണ്. ഇതിനു മുന്‍പ് കേന്ദ്ര കമ്മറ്റി തന്റെ ബദല്‍ രേഖ തള്ളിയപ്പോള്‍ രാജി സന്നദ്ധത യെച്ചൂരി ഉയര്‍ത്തിയിരുന്നു. അന്ന് പാര്‍ട്ടി ഇടപെട്ടു യെച്ചൂരിയോട് മുന്നോട്ട് പോകാന്‍ ആവശ്യപ്പെടുകയായിരുന്നു.

കരട് രാഷ്ട്രീയ പ്രമേയത്തിന്‍മേല്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍  ഇന്നു വോട്ടെടുപ്പ് നടന്നാല്‍ കാരാട്ട് പക്ഷത്തിന്റെ ഔദ്യോഗിക രേഖയ്ക്കാവും പിന്തുണ ലഭിക്കുക. കരട് രാഷ്ട്രീയ പ്രമേയത്തിന്റെ കാര്യത്തില്‍ ഇരു വിഭാഗങ്ങളും വിട്ടുവീഴ്ചക്കില്ലെന്ന സൂചനകള്‍ വ്യക്തമായതോടെ പ്രമേയത്തിന്‍മേല്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ വോട്ടെടുപ്പിനു സാധ്യത തെളിയുകയാണ്.

സിപിഎമ്മിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് പാർട്ടി കോൺഗ്രസിൽ രാഷ്ട്രീയ പ്രമേയത്തിന് ഒരു ബദൽ ജനറൽ സെക്രട്ടറി തന്നെ അവതരിപ്പിക്കുന്നത്. ഈ രേഖ പാര്‍ട്ടി കോണ്‍ഗ്രസ് തന്നെ തള്ളിയാല്‍ യെച്ചൂരിക്ക്‌ പിന്നെ ജനറല്‍ സെക്രട്ടറിയായി തുടരുക അസാധ്യമാകും. ഇതുകൊണ്ട് തന്നെയാണ് ബദല്‍രേഖ തള്ളിയാല്‍ യെച്ചൂരി തുടര്‍ന്നേക്കില്ല എന്ന സൂചനകള്‍ ഹൈദരാബാദില്‍ നിന്ന് വരുന്നത്. പാര്‍ട്ടി കോണ്‍ഗ്രസിന്റെ പ്രതിനിധി സമ്മേളനത്തില്‍ കേന്ദ്രകമ്മിറ്റി അംഗീകരിച്ച കരട് രാഷ്ട്രീയ പ്രമേയം പ്രകാശ് കാരാട്ട് അവതരിപ്പിച്ചു കഴിഞ്ഞു.

മതനിരപേക്ഷ കക്ഷികളുമായി സഖ്യവും മുന്നണിയുമല്ല ധാരണയാവാമെന്ന നിലപാടാണ് യെച്ചൂരി പ്രതിനിധി സമ്മേളനത്തില്‍ അവതരിപ്പിച്ചത്. ഇതോടെ പാര്‍ട്ടി കോണ്‍ഗ്രസില്‍ യെച്ചൂരി-കാരാട്ട് പക്ഷങ്ങള്‍ നേര്‍ക്കുനേര്‍ വരികയാണ്. വോട്ടെടുപ്പ് വന്നാല്‍ കേരളം പൂര്‍ണമായും ബദല്‍ രേഖയ്ക്ക് എതിരായ നിലപാട് സ്വീകരിക്കും. ബംഗാള്‍ ഘടകം യെച്ചൂരിയെ പിന്തുണയ്ക്കും.

പക്ഷെ കേരളം, തമിഴ്നാട്, ആന്ധ്ര, ത്രിപുര ഘടകങ്ങളുടെ പിന്തുണ കൂടി കാരാട്ട് പക്ഷത്തിന് ലഭിച്ചാല്‍ യെച്ചൂരിയ്ക്ക് വോട്ടെടുപ്പില്‍ തിരിച്ചടി നേരിടും. യെച്ചൂരിയുടെ ബദല്‍ രേഖയ്ക്ക് നിലനില്പുണ്ടാകാന്‍ സാധ്യതയില്ല. കാരണം 2018 ജനുവരി 19 മുതൽ 21 വരെ കൊൽക്കത്തയിൽ ചേർന്ന കേന്ദ്ര കമ്മിറ്റി യോഗം ഈ ബദല്‍ രേഖ വോട്ടിനിട്ട് തള്ളിയതാണ്. സിപിഎം പോളിറ്റ് ബ്യൂറോയും രേഖ വോട്ടിനിട്ട് തള്ളിയതാണ്.

രാഷ്ട്രീയ പ്രമേയത്തിന്റെ കരടിൽ പാർട്ടിയുടെ രാഷ്ട്രീയ ലൈനിനെകുറിച്ച് വിശദീകരിച്ചിരിക്കുന്നത് ഇങ്ങനെയാണ് – എല്ലാ മതനിരപേക്ഷ, ജനാധിപത്യ കക്ഷികളെയും അണിനിരത്തി ബിജെപിയേയും അതിന്റെ സഖ്യ കക്ഷികളെയും പരാജയപ്പെടുത്തുകയെന്നതാണ് മുഖ്യദൗത്യം. എന്നാൽ, കോൺഗ്രസുമായി ധാരണയോ തെരഞ്ഞെടുപ്പു സഖ്യമോ ഇല്ലാതെയാണ് ഇതു ചെയ്യേണ്ടത് – ഈ രേഖ കാരാട്ട് കേന്ദ്ര കമ്മിറ്റിയില്‍ അവതരിപ്പിച്ചപ്പോള്‍ 31 ന് എതിരെ 55 പേരുടെ പിന്തുണ കരസ്ഥമാക്കിയാണ് കാരാട്ടിന്റെ നിലപാട് അംഗീകരിച്ചത്.

ഈ നിലപാട് തള്ളിക്കളയാന്‍ പാര്‍ട്ടി കോണ്‍ഗ്രസ് തയ്യാറാവില്ല. പക്ഷെ തന്റെ നിലപാട് യെച്ചൂരിയും മയപ്പെടുത്തിയിട്ടുണ്ട്. ഞാന്‍ കോണ്‍ഗ്രസ് അനുകൂലിയല്ല. കോണ്‍ഗ്രസുമായി സഖ്യം വേണമെന്നു പറഞ്ഞിട്ടില്ല. കോണ്‍ഗ്രസുമായി ഒരു സഖ്യവും വേണ്ട. എന്നാല്‍ യോജിപ്പിലെത്തണം – നിലപാട് മയപ്പെടുത്തി യെച്ചൂരി പറഞ്ഞു.

ഇവിടെ യെച്ചൂരി ലൈന്‍ കേരളാ ഘടകത്തിനു പരാജയപ്പെടുത്തിയേ മതിയാകൂ. അല്ലെങ്കില്‍ കേരളത്തിലെ പ്രതിപക്ഷം കൂടി ഭരണപക്ഷം ആകുന്ന അവസ്ഥ വരും. അതുകൊണ്ട് തന്നെ സിപിഎം കേരളാ ഘടകത്തിന് നിര്‍ണായകമാവുകയാണ്‌
ഇന്നത്തെ കരട് രാഷ്ട്രീയ പ്രമേയത്തിന്‍മേലുള്ള ചര്‍ച്ചകള്‍.