യൂത്ത് കോൺഗ്രസ് പ്രവർത്തകർ ജാതീയമായി ആക്ഷേപിച്ചെന്ന് ആരോപിച്ച് ഗീതഗോപി എംഎൽഎ

തൃശൂർ:കുത്തിയിരുപ്പ് സമരം നടത്തിയ സ്‌ഥലത്ത് യൂത്ത്കോൺഗ്രസ് പ്രവർത്തകർ ചാണകവെള്ളം ഒഴിച്ചുവെന്ന് ആരോപിച്ചു നാട്ടിക എംഎൽഎ ഗീത ഗോപി പോലീസിൽ പരാതി നൽകി.പട്ടികജാതി വിഭാഗത്തിൽപ്പെട്ട തന്നെ ജാതീയമായി അധിക്ഷേപിച്ചെന്ന് ആരോപിച്ചാണ് എംഎൽഎ പരാതി നൽകിയത്.മുഖ്യമന്ത്രിക്കും സ്‌പീക്കർക്കും ഇത് സംബന്ധിച്ച് പരാതി നൽകും.

പൊളിഞ്ഞു കിടക്കുന്ന ചേർപ്പ്-തൃപ്രയാർ സ്റ്റേറ്റ് ഹൈവേയിലെ റോഡിൽ കഴിഞ്ഞ ദിവസം ഒരു അപകടം നടന്നിരുന്നു.എംഎൽഎയാണ് റോഡ് നന്നാക്കാത്തത് എന്ന് ആരോപിച്ചു നാട്ടുകാർ എംഎൽഎയെ വഴിയിൽ തടഞ്ഞിരുന്നു.ഇതേതുടർന്ന് റോഡ് നന്നാക്കാത്തതിൽ പ്രതിഷേധിച്ചു എം എൽഎ പി ഡബ്ല്യൂഡി ഓഫീസിന് മുന്നിൽ കുത്തിയിരുപ്പ് സമരം നടത്തി .

ഉദ്യോഗസ്‌ഥരുമായി ചർച്ച ചെയ്തതിന് ശേഷം എംഎൽഎ അവിടെ നിന്ന് പോയി.തുടർന്ന് സ്‌ഥലത്തെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഗീത സമരം ചെയ്ത സ്‌ഥലത്ത് ചാണകവെള്ളം ഒഴിച്ച് പ്രതിഷേധിച്ചു.എംഎൽഎയുടെ അഭിനയമാണ് ഇതെന്ന് ആരോപിച്ചാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചത്.