യൂണിവേഴ്സിറ്റി കോളേജിന്റെ ചീത്തപേര് മാറ്റാൻ ശ്രമം:പോലീസ് കാവലിൽ കോളേജ് തുറക്കും

തിരുവനന്തപുരം:യൂണിവേഴ്സിറ്റി കോളേജ് വിദ്യാർഥി അക്രമവുമായി ബന്ധപ്പെട്ട് വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ്.പഠിക്കാനുള്ള അന്തരീക്ഷമല്ല കോളേജിൽ നിൽക്കുന്നതെന്ന ആരോപണം ശക്തമായി നിലനിൽക്കുന്നുണ്ട്.

കോളേജിന് ഇപ്പോൾ ഉള്ള ചീത്തപ്പേര് മാറ്റാൻ തയ്യാറെടുക്കുകയാണ് കോളേജിയേറ്റ് എഡ്യൂക്കേഷൻ ഡയറക്ട്രേറ്റ് .ഇതിന്റെ ഭാഗമായി എസ് എഫ് ഐയുടെ ഇടിമുറി ഇനി മുതൽ ക്ലാസ്സ്മുറിയാകും. യുണിവേഴ്‍സിറ്റി കോളേജിൽ സമഗ്ര പരിഷ്കരണത്തിനാണ് കോളേജിയേറ്റ് എഡ്യൂക്കേഷൻ ഡയറക്ട്രേറ്റിന്‍റെ നീക്കം.പൊലീസ് സംരക്ഷണയോടെ കോളേജ് ഉടൻ തുറന്ന് പ്രവര്‍ത്തിക്കും.കോളേജ് പരീക്ഷകൾ അല്ലാതെ ഒരു പരീക്ഷയും ഇനി കോളേജിൽ നടത്താൻ അനുവദിക്കില്ല.

യുണിവേഴ്സിറ്റി കോളേജിൽ ഇനി വിദ്യാര്‍ത്ഥികൾക്ക് റീ അഡ്മിഷൻ നൽകേണ്ടതില്ലെന്നാണ് തീരുമാനം.കോളേജിലെ പോസ്റ്ററുകളും,ബാനറുകളുമെല്ലാം നീക്കം ചെയ്യും. അധ്യാപകരും വിദ്യാർഥികളുമല്ലാത്തവർക്ക് പ്രവേശനത്തിന് നിയന്ത്രണം ഏർപ്പെടുത്തും.അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന പ്രത്യേക കമ്മിറ്റികൾ എല്ലാ ഡിപ്പാർട്ട്മെന്‍റിലും രൂപീകരിക്കും. കോളേജിലെ പരിപാടികളുടെ നടത്തിപ്പ് ഈ കമ്മിറ്റികളുടെ മേൽനോട്ടത്തിലായിരിക്കും .എസ് എഫ് ഐയുടെ യൂണിയൻ റൂം ക്ലാസ് റൂമായി മാറ്റിയിട്ടുണ്ട്.