യുഎയിലെ വില്ലകളിൽ തീപിടുത്തം

ദുബായ്: റാസ് അല്‍ ഖൈമയില്‍ രണ്ട് റെസിഡന്‍ഷ്യല്‍ പരിസരത്തെ വില്ലകളില്‍ വന്‍ തീപിടിത്തം. ചൊവാഴ്ച വൈകുന്നേരം ഉണ്ടായ തീപിടിപ്പത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സംഭവത്തെ തുടര്‍ന്ന് വില്ലകളിൽ താമസിച്ചിരുന്ന 66 പേരെ ഒഴിപ്പിച്ചെന്ന് അധികൃതര്‍ വ്യക്തമാക്കി. തീപിടിത്തത്തില്‍ ഇവിടെ ഉണ്ടായിരുന്ന വിലപിടിപ്പുള്ള വസ്തുക്കള്‍ പൂര്‍ണ്ണമായും നശിച്ചതായി റാസ് അല്‍ ഖൈമ സിവില്‍ ഡിഫന്‍സ് വിഭാഗം ഡയറക്ടര്‍ ബ്രിഗേഡിയര്‍ മുഹമ്മദ് അബ്ദുല്ല അല്‍ സാബി അറിയിച്ചു.

ഉച്ചയ്ക്ക് 1.55ന് തീപിടിത്തത്തെക്കുറിച്ച്‌ കേന്ദ്ര ഓപ്പറേഷന്‍ റൂമിന് മുന്നറിയിപ്പ് ലഭിക്കുകയും തുടര്‍ന്ന് അഗ്‌നിശമന സേനാംഗങ്ങളും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. രക്ഷപ്രവര്‍ത്തനത്തിനൊടുവില്‍ തീ നിയന്ത്രണ വിധേയമായെങ്കിലും വില്ലകളിലെ ബെഡ്‌റൂമുകളും മറ്റു ഭാഗങ്ങളും കത്തിനശിച്ചതായി ബ്രിഗ് അല്‍ സാബി പറഞ്ഞു.തീപിടിത്തത്തിന്റെ കാരണത്തെ കുറിച്ച്‌ അന്വേഷണം ആരംഭിച്ചതായി അധികൃതര്‍ വ്യക്തമാക്കി.