യു.എസ് ക്രൂഡ് ഓയിൽ ഉൽപ്പാദനത്തിൽ വന്ന കുതിച്ചു ചാട്ടം; എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങൾക്കുള്ള ഒരു ഗുണപാഠ കഥ

ഋഷി ദാസ്. എസ്സ്

അഞ്ചുകൊല്ലം മുൻപ് യു.എസ് ക്രൂഡ് ഓയിൽ ഉൽപ്പാദനത്തിൽ ലോകത്ത് മൂന്നാം സ്ഥാനത്തായിരുന്നു. റഷ്യക്കും , സൗദി അറേബ്യയ്ക്കും പിന്നിൽ. വളരെ വിദൂരമായ മൂന്നാം സ്ഥാനം.

പക്ഷെ വിപ്ലവകരമായ മാറ്റങ്ങളാണ് ക്രൂഡ് ഓയിൽ ഉൽപ്പാദന രംഗത്ത് ഈ കഴിഞ്ഞ വർഷങ്ങളിൽ യു. എസ് കരസ്ഥമാക്കിയത് . 2017 ലെ കണക്കുകൾ പ്രകാരം യു. എസ് ക്രൂഡ് ഓയിൽ ഉൽപ്പാദനത്തിൽ ലോകത്തെ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നു. അഞ്ചു വർഷം മുൻപ് യു.എസ്ന്റെ എണ്ണ ഉൽപ്പാദനം ഏതാണ്ട് പ്രതിദിനം 6 ദശലക്ഷം ബാരൽ ( 1 barrel=159 litre) ആയിരുന്നു . എണ്ണ ഉപഭോഗമാകട്ടെ 20 ദശലക്ഷം ബാരലും. ഈ വിടവ് ഇറക്കുമതിയിലൂടെയാണ് അവർ നികത്തിയിരുന്നത് . കാനഡ ,മെക്സിക്കോ , ഒപെക്ക് രാജ്യങ്ങളെന്നിവയിൽ നിന്നാണ് അവർ വൻതോതിൽ എണ്ണ ഇറക്കുമതിചെയ്ത് ഉപഭോഗവും, ഉല്പാദനവും തമ്മിലുള്ള വൻ വിടവ് നികത്തിയിരുന്നത്.

എന്നാൽ ഇപ്പോൾ സ്ഥിതി വളരെ മാറിയിരിക്കുന്നു. യു. എസ് ന്റെ എണ്ണ ഉൽപ്പാദനം ഏതാണ്ട് പ്രതിദിനം 11 ദശലക്ഷം ബാരൽ ആയിരിക്കുന്നു. ഉപഭോഗം അധികമൊന്നും വർധിക്കാതെ പഴയ നിലയിൽ തന്നെ തുടരുന്നു . ഈ മാറ്റം യു. എസ് സമ്പദ് വ്യവസ്ഥയെ വളരെയധികം സഹായിക്കുകയാണ് ഇപ്പോൾ . ട്രംപിന്റെ സാമ്പത്തിക നയങ്ങളും, എണ്ണയുൽപ്പാദനത്തിലെ കുതിച്ചു ചാട്ടവുമാണ് യു. എസ് സമ്പദ്‌വ്യവസ്ഥയെ 2% വളർച്ചയിൽ നിന്നും 4% വളർച്ചയിലേക്ക് നയിച്ചത് . ഡോളർ മറ്റെല്ലാ സ്വതന്ത്ര കറൻസികളുമായും മൂല്യത്തിൽ വർധിച്ചതിന് പിന്നിലെ കാരണവും മറ്റൊന്നല്ല. ഷെയ്ൽ പാറകളിൽ നിന്നും ക്രൂഡ് ഉൽപാദിപ്പിക്കാനുള്ള പദ്ധതികൾ വിജയകരമായി നടപ്പാക്കിയതാണ് യു എസ് നു തുണയായത് .

ഷെയ്ൽ പാറകളും അവയിൽനിന്നുള്ള ഇന്ധനവും

ഭൂമിയുടെ പുറം പാളിയിൽ (CRUST ) കാണപ്പെടുന്ന ഒരു തരം അവസാദ ശിലയാണ് ( SEDIMENTARY ROCK) ഷെയ്ൽ . അവസാദ ശിലകൾ രൂപം കൊള്ളുന്നത് ഭൗമോപരിതലത്തിലെ വസ്തുക്കൾ ഒരു സ്ഥലത്തു അടിഞ്ഞു കൂടി താപത്തിന്റെയും , മർദത്തിന്റെയും ലക്ഷക്കണക്കിന് വർഷങ്ങളുടെ പ്രവർത്തന ഫലമായി സാന്ദ്രീകരിക്കപ്പെട്ട് ശിലാരൂപം പ്രാപിക്കുന്നവയാണ് ഷെയ്ൽ പാറകൾ. സാധാരണയായി ഇവ അടരുകൾ ആയിട്ടാണ് കാണപ്പെടുന്നത് . ഇവ നിർമിക്കപ്പെടുന്ന വസ്തുക്കളിൽ ധാരാളം ജൈവ വസ്തുക്കളും ഉണ്ടാവും. അത്തരം ജൈവ വസ്തുക്കൾ ലക്ഷക്കണക്കിന് വർഷങ്ങളിലൂടെ കാർബണിക സംയുക്തങ്ങൾ ആയി മാറി ഈ പാറകളുടെ അടരുകൾക്കുള്ളിൽ കുടുങ്ങുന്നു. ഈ തളച്ചിടപ്പെട്ട കാർബണിക വസ്തുക്കളാണ് ഇപ്പോൾ ഷെയ്ൽ ഓയിൽ ആയും ഷെയ്ൽ ഗ്യാസ് ആയും ഉത്പാദിപ്പിച്ചു കൊണ്ടിരിക്കുന്നത്.

ഷെയ്ൽ അടരുകളിൽ നിന്നുള്ള ഇന്ധന ഉൽപ്പാദനം

ഷെയ്ൽ പാറകളിലെ ഇന്ധനത്തെക്കുറിച്ച്‌ മനുഷ്യന് പണ്ടുമുതലേ അറിയാമായിരുന്നു. പക്ഷെ അവയിൽനിന്നുള്ള വൻതോതിലുള്ള എണ്ണ -ഗ്യാസ് ഉൽപ്പാദനം സാധ്യമായത് ഈ അടുത്തകാലത്താണെന്ന് മാത്രം. ഹൊറിസോണ്ടൽ ഡ്രില്ലിങ് , ഫ്രാകിങ് എന്നീ സാങ്കേതികവിദ്യകൾ വൻതോതിൽ വികസിച്ചതാണ് ഷെയ്ൽ പാറകളിലെ ഇന്ധനം മാനവരാശിക്ക് പ്രാപ്യമായി തീരാനുളള പ്രധാന കാരണം. അൻപതുകൾ മുതൽ നിലവിലുള്ള ഒരു സാങ്കേതിക വിദ്യയാണ് ഫ്രാകിങ് . ഹൊറിസോണ്ടൽ ഡ്രില്ലി ങിലൂടെ വൻതോതിൽ ജലവും, നീരാവിയും കടത്തിവിട്ട് എണ്ണക്കിണറുകളിൽ നിന്നും കൂടുതൽ എണ്ണ ഉത്പാദിപ്പിക്കാനാണ് ഫ്രാക്കിങ് ആദ്യ കാലങ്ങളിൽ ഉപയോഗിച്ചിരുന്നത് . പിന്നീട് ഷെയ്ൽ അടരുകളിൽ നിന്നും എണ്ണയും, വാതകവും ഉൽപാദിപ്പിക്കാനുള്ള ഒരുപാധിയായി ഈ സാങ്കേതിക വിദ്യയെ മാറ്റിയെടുക്കുകയാണ് ഉണ്ടായത്.

യു. എസ് ലാണ് ഫ്രാകിങ് ആദ്യമായി വ്യാവസായിക അടിസ്ഥാനത്തിൽ ഉപയോഗിക്കപ്പെട്ടത് .മധ്യ ഏഷ്യയിൽ നിന്നുള്ള ക്രൂഡിൽ നിന്നും ഒരു മോചനത്തിനായുളള അമേരിക്കൻ സർക്കാരിന്റെ ശ്രമങ്ങളാണ് യു. എസ് ൽ വൻതോതിലുള്ള ഷെയ്ൽ പര്യവേക്ഷണങ്ങൾക്കു തുടക്കം കുറിച്ചത്. കഴിഞ്ഞ പത്തുവർഷത്തിനുള്ളിൽ യു. എസ് ന്റെ ആഭ്യന്തര എണ്ണ ഉൽപ്പാദനം ഏതാണ്ട് ഇരട്ടിയാക്കാൻ ഫ്രാകിങ് ഉപയോഗിച്ചുള്ള ഷെയ്ൽ ഇന്ധന ഉൽപ്പാദനത്തിന് കഴിഞ്ഞിട്ടുണ്ട്.

ലോകത്തെ പ്രധാന എണ്ണ ഉപഭോക്തൃ രാജ്യങ്ങളിൽ എല്ലാം തന്നെ വൻ ഷെയ്ൽ ഇന്ധന നിക്ഷേപം ഉണ്ടെന്നാണ് കണക്കുകൂട്ടൽ . ഇപ്പോൾ ലഭ്യമായ കണക്ക് അനുസരിച്ച് ഭൂമിയിലെ ക്രൂഡ് ഓയിൽ നിക്ഷേപങ്ങളെ പല മടങ്ങു കടത്തി വെട്ടുന്ന ഷെയ്ൽ നിക്ഷേപങ്ങളുണ്ട് . നമ്മുടെ രാജ്യത്ത് വൻതോതിലുള്ള ഷെയ്ൽ പേര്യവേക്ഷണങ്ങൾ നടന്നിട്ടില്ല .എന്നാലും നമ്മുടെ കിഴക്കൻ തീരത്തും, മധ്യ പീഠഭൂമിയിലും വൻ ഷെയ്ൽ നിക്ഷേപങ്ങൾ ഉണ്ടാവും എന്നാണ് അനുമാനം. ഷെയ്ൽ ഇന്ധനങ്ങളും അവയുടെ ഉൽപ്പാദനവും അതിന്റെ ആരംഭ ദിനങ്ങളിലാണ് . പക്ഷെ ഈ ചുരുങ്ങിയ കാലയളവിൽ അവ ലോക സാമ്പത്തിക ക്രമത്തിൽ ചെലുത്തിയ സ്വാധീനം ഇപ്പോൾ തന്നെ ശ്രദ്ധേയമാണ്. വൻ തോതിലുള്ള ഷെയ്ൽ ഓയിൽ ഖനനത്തിലൂടെ യു. എസ് കഴിഞ്ഞ വർഷങ്ങളിൽ ഉണ്ടാക്കിയ സാമ്പത്തിക മേഖലയിലെ കുതിച്ചു ചാട്ടം നമ്മുടെ രാജ്യവും മാതൃകയാക്കണം.

മുട്ടുവിൻ തുറക്കപ്പെടും എന്ന് പറയുന്നതുപോലെ വൻതോതിലുള്ള പര്യവേക്ഷണങ്ങളിലൂടെ നമുക്കും ഷെയ്ൽ നിക്ഷേപങ്ങൾ ഉപയോഗ യോഗ്യമാക്കാനാവും . ക്രൂഡ് ഓയിൽ ഇറക്കുമതിയിലൂടെ വന്നു ചേരുന്ന സാമ്പത്തിക ഭാരവും, മധ്യ പൗരസ്ത്യദേശത്തുനിന്നും ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്നതിലുള്ള രാഷ്ട്രീയ പ്രശ്നങ്ങളും അതിലൂടെ അങ്ങിനെ അവസാനിക്കുകയും ചെയ്യും.

ചിത്രങ്ങൾ: യു എസ് എണ്ണ ഉൽപ്പാദനത്തിൽ സമീപകാല കുതിച്ചു ചാട്ടം, ഫോസിലുകൾ അടങ്ങുന്ന ഷെയ്ൽ പാറ ,ഷെയ്ൽ ഗ്യാസിന്റെ വിതരണം ഒരു ചിത്രം