യു എന്നിലെ പ്രമേയത്തിന് അനുകൂല വോട്ട്‌; ഇന്ത്യക്കും മോദിക്കും നന്ദി അറിയിച്ച്‌ നെതന്യാഹു

ജെറുസലേം: ഇന്ത്യക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും നന്ദി അറിയിച്ച്‌ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. പാലസ്തീന്‍ എന്‍ ജി ഒ ആയഷഹീദിന് ഐക്യരാഷ്ട്ര സംഘടനയുടെ എക്കണോമിക് ആന്‍ഡ് സോഷ്യല്‍ കൗണ്‍സിലില്‍(എ സി ഒ എസ് ഒ സി) നിരീക്ഷക പദവി നല്‍കുന്നതിനെതിരെ ഇസ്രയേല്‍ ഇക്കഴിഞ്ഞദിവസം യു എന്നില്‍ പ്രമേയം അവതരിപ്പിച്ചിരുന്നു.

ഇസ്രയേലിന്റെ പ്രമേയത്തിന് അനുകൂലമായാണ് ഇന്ത്യ വോട്ടു ചെയ്തത്. ഇതിനു പിന്നാലെയാണ് മോദിക്കും ഇന്ത്യക്കും നെതന്യാഹു നന്ദി അറിയിച്ചത്. ഹമാസുമായുള്ള ബന്ധം വെളിപ്പെടുത്തിയില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് ഷഹേദിന് നിരീക്ഷകപദവി നല്‍കുന്നതിനെതിരെ ഇസ്രയേല്‍ രംഗത്തെത്തിയത്.

“നന്ദി നരേന്ദ്ര മോദി. നന്ദി ഇന്ത്യ. നിങ്ങളുടെ പിന്തുണയ്ക്കും ഐക്യരാഷ്ട്ര സംഘടനയില്‍ ഇസ്രയേലിന് ഒപ്പംനിന്നതിനും”. – നെതന്യാഹു ട്വീറ്റ് ചെയ്തു. ജൂണ്‍ ആറിനായിരുന്നു ഇസ്രയേല്‍ അവതരിപ്പിച്ച പ്രമേയത്തില്‍ ഐക്യരാഷ്ട്രസംഘടനയില്‍ വോട്ടെടുപ്പ് നടന്നത്.