യു‍ഡിഎഫ് യോ​ഗം ഇന്ന്; മുന്നണി വിപുലീകരണവും തിരഞ്ഞെടുപ്പ്‌ മുന്നൊരുക്കങ്ങളും ചര്‍ച്ചയാകും

തിരുവനന്തപുരം : യു‍ഡിഎഫ് ഏകോപന സമിതി യോ​ഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. ലോക്സഭാ തെര‍ഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളും മുന്നണി വിപുലീകരണവും യോ​ഗത്തില്‍ ചര്‍ച്ചയാകും. ആലപ്പാട് ഖനനം, ശബരിമല അടക്കം സംസ്ഥാനത്തെ രാഷ്ട്രീയ- സാമൂഹ്യ വിഷയങ്ങളും യോ​ഗത്തില്‍ ചര്‍ച്ചയാകും.

എന്‍ഡിഎ വിട്ട ജെ.എസ്.എസ്. (രാജന്‍ ബാബു) വിഭാഗം, കാമരാജ് കോണ്‍ഗ്രസ്, സോഷ്യലിസ്റ്റ് ജനതാദള്‍ യുഡിഎഫ് വിട്ടപ്പോള്‍ മാറി നിന്ന ഒരുവിഭാഗം എന്നിവ മുന്നണിപ്രവേശത്തിനായി നേതൃത്വത്തെ സമീപിച്ചിട്ടുണ്ട്. ജനപക്ഷത്തെ യു.ഡി.എഫില്‍ എടുക്കണമെന്നാവശ്യപ്പെട്ട് പി സി ജോര്‍ജും കത്ത് നല്‍കിയിട്ടുണ്ട്.

ബിജെപിയുമായി സഹകരിച്ച ജോര്‍ജിനെ മുന്നണിയിലെടുക്കുന്നതിനോട് നേതാക്കള്‍ക്ക് ഇടയില്‍ ഭിന്നാഭിപ്രായമുണ്ട്. പി സി ജോര്‍ജിനെ മുന്നണിയില്‍ എടുക്കുന്നതില്‍ കേരള കോണ്‍​ഗ്രസ് നേതാവ് കെ എം മാണിയുടെ നിലപാടും നിര്‍ണായകമാകും. ബാര്‍കോഴ കേസില്‍ അടക്കം മാണിക്കെതിരെ ശക്തമായി രം​ഗത്തു വന്ന ജോര്‍ജിനെ വീണ്ടും ഉള്‍ക്കൊള്ളാന്‍ മാണി തയ്യാറാകുമോ എന്നതും ജനപക്ഷത്തിന് നിര്‍ണായകമാണ്.

സഹകരിക്കുന്ന കക്ഷികള്‍ക്ക് അസോസിയേറ്റ് അംഗത്വം നല്‍കുന്ന രീതി യുഡിഎഫിനുണ്ട്. അസോസിയേറ്റ് അംഗത്വം നല്‍കി തുടര്‍ന്ന് പൂര്‍ണ അംഗത്വവും നല്‍കുന്ന രീതിയായിരിക്കും ഈ കക്ഷികളുടെ കാര്യത്തിലും എടുക്കുക. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ കഴിയുന്നത്ര കക്ഷികളെ ഒപ്പം കൂട്ടണമെന്ന താത്പര്യമാണ് പൊതുവില്‍ മുന്നണിയിലുള്ളത്.