യുവതീപ്രവേശം അനുവദിക്കണമെന്ന്‌ ദേവസ്വം ബോര്‍ഡ്‌; ‘ആര്‍ത്തവം ഇല്ലാതെ മനുഷ്യകുലത്തിന് നിലനില്‍പ്പില്ല’

ന്യൂ​ഡ​ല്‍​ഹി: ശബരിമലയിൽ യുവതീപ്രവേശം അനുവദിക്കണമെന്ന സര്‍ക്ക‍ാര്‍ നിലപാടിനൊപ്പം ദേവസ്വംബോര്‍ഡും. യുവതികള്‍ക്ക് ശബരിമലയില്‍ പ്രവേശനം നിഷേധിക്കാനാവില്ല. ആര്‍ത്തവം ഇല്ലാതെ മനുഷ്യകുലത്തിന് നിലനില്‍പ്പില്ല. എല്ലാ വ്യക്തികളും തുല്യരാണ് എന്നതാണ് മതത്തിന്റെ അടിസ്ഥാനമെന്നും ദേവസ്വം ബോർഡ് വാദിച്ചു. ദേവസ്വംബോര്‍ഡിന്റെ നിലപാടുമാറ്റം ചോദ്യംചെയ്ത് ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര രംഗത്തെത്തി. യുവതീപ്രവേശത്തെ നിങ്ങള്‍ എതിര്‍ത്തിരുന്നല്ലോ എന്ന് ബോര്‍ഡിനോട് ജ. മല്‍ഹോത്ര ചോദിച്ചു.

അതേസമയം ശബരിമല വിധി പുനപരിശോധിക്കേണ്ടെന്ന് സര്‍ക്ക‍ാര്‍ സുപ്രീംകോടതിയില്‍. തുല്യതയാണ് വിധിയുടെ അടിസ്ഥാനം. തൊട്ടുകൂടായ്മയല്ലെന്നു സർക്കാരിനു വേണ്ടി ഹാജരായ അഡ്വ.ജയ്ദീപ് ഗുപ്ത വാദിച്ചു. വാദം കേട്ടില്ല എന്നത് വിധി പുനപരിശോധിക്കാന്‍ പര്യാപ്തമായ കാരണമല്ല. തന്ത്രിയുടെ വാദം വ്യാഖ്യാനം മാത്രമാണ്.

അത് പുനപരിശോധനയ്ക്ക് തക്കതായ കാരണമല്ല. അനിവാര്യമായ ആചാരം ഏതെന്ന കാര്യത്തില്‍ ആശയക്കുഴപ്പമുണ്ടാക്കാന്‍ തന്ത്രി ശ്രമിക്കുന്നു. പുനപരിശോധനയ്ക്ക് അര്‍ഹമായ ഒരു കാരണവും ഹര്‍ജിക്കാര്‍ ഉന്നയിച്ചില്ല. അയ്യപ്പഭക്തര്‍ പ്രത്യേകഗണമല്ലെന്ന കാര്യത്തില്‍ ബെഞ്ചില്‍ സമവായമുണ്ടെന്നും സർക്കാർ വ്യക്തമാക്കി.