യുപിയില്‍ മാധ്യമപ്രവര്‍ത്തകനെ മര്‍ദിച്ച സംഭവം; രണ്ട്‌ റെയില്‍വേ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ മാധ്യമപ്രവര്‍ത്തകനെ ക്രൂരമായി മര്‍ദിച്ച രണ്ട്‌  റെയില്‍വേ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. റെയില്‍വേ പൊലീസ് എസ്‌എച്ച്‌ഒ രാകേഷ് കുമാര്‍, കോണ്‍സ്റ്റബിള്‍ സഞ്ജയ് പവാര്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്‌.

കഴിഞ്ഞദിവസം പടിഞ്ഞാറന്‍ യുപിയിലെ ഷംലിയിയിലായിരുന്നു സംഭവം. ചൊവ്വാഴ്ച രാത്രിയില്‍ ധീമാന്‍പുരയ്ക്കടുത്ത് ചരക്ക് ട്രെയിന്‍ പാളം തെറ്റിയത് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകന്‍ അമിത് ശര്‍മയെയാണ് റെയില്‍വേ പൊലീസ് മര്‍ദിച്ചത്.   മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു.

യൂണിഫോമിലല്ലാതെ എത്തിയ പൊലീസുകാര്‍ അകാരണമായി തന്നെ മര്‍ദിക്കുകയും ക്യാമറ തകര്‍ക്കുകയും ചെയ്തു. തന്നെ നഗ്നനാക്കി മുഖത്തേക്ക് മൂത്രമൊഴിച്ചെന്നും അദ്ദേഹം പറഞ്ഞതായി വാര്‍ത്ത ഏജന്‍സി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെയുള്ള വീഡിയോ പോസ്റ്റ് ചെയ്തതിന് മാധ്യമപ്രവര്‍ത്തകനെ ജയിലിലടച്ച സംഭവം വിവാദമായതിന് തൊട്ടുപിന്നാലെയാണ് മാധ്യമപ്രവര്‍ത്തകനെ പൊലീസ് മര്‍ദിച്ച സംഭവം പുറത്തുവരുന്നത്. മാധ്യമപ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തതിനെ സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു.