യുപിയില്‍ ഗോ സംരക്ഷകരുടെ കലാപത്തിനിടെ കൊല്ലപ്പെട്ടത് ദാദ്രി കൊലക്കേസ് അന്വേഷിച്ച ഇന്‍സ്‌പെക്ടര്‍; ആസൂത്രിതമെന്ന് ആരോപണം

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ഗോസംരക്ഷണത്തിന്റെ പേരില്‍ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് ദാദ്രി കൊലപാതകം അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥന്‍. യുപിയിലെ ബുലന്ദ്സറില്‍ 25 കന്നുകാലികളുടെ തോല്‍ കണ്ടെത്തിയതിനേത്തുടര്‍ന്നുണ്ടായ കലാപത്തിനിടെയാണ് ഇന്‍സ്പെക്ടര്‍ സുബോധ് കുമാര്‍ സിങ് കൊല്ലപ്പെട്ടത്.

ബീഫ് കൈവശംവെച്ചാന്നാരോപിച്ച് ദാദ്രിയില്‍ സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ മുഹമ്മദ് അഖ്ലാഖിന്റെ കൊലപാതകം ആദ്യം അന്വേഷിച്ചത് ഇദ്ദേഹമായിരുന്നു. അഖ്ലാഖിന്റെ വീട്ടില്‍ നിന്ന് കണ്ടെടുത്ത മാംസത്തിന്റെ സാമ്പിളുകള്‍ ലാബില്‍ എത്തിച്ചതും സുബോധ് കുമാറായിരുന്നു. ഇദ്ദേഹത്തിന്റെ അന്വേഷണത്തിലായിരുന്നു വീട്ടിലുണ്ടായിരുന്നത് ആടിന്റെ മാംസമാണെന്ന് കണ്ടെത്തിയത്. അന്വേഷണം പുരോഗമിക്കവെ, സുബോധ് കുമാറിനെ വരാണസിയിലേക്ക് സ്ഥലം മാറ്റുകയായിരുന്നു.

കലാപത്തിനിടെയുണ്ടായ കല്ലേറില്‍ പരിക്കേറ്റാണ് സുബോധ് കുമാര്‍ കൊല്ലപ്പെട്ടതെന്നായിരുന്നു പ്രാഥമിക വിവരം. എന്നാല്‍, ഇദ്ദേഹം വെടിയേറ്റാണ് കൊല്ലപ്പെട്ടതെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. സുബോധ് കുമാറിന്റെ ഇടത് കണ്ണിന് മുകളില്‍ വെടിയേറ്റെന്നും വെടിയുണ്ട തലയോട്ടിക്ക് മാരക പരിക്കേല്‍പ്പിച്ചെന്നുമാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.