യുഡിഎഫ്-എല്‍ഡിഎഫ് ഒത്തുതീര്‍പ്പ് രാഷ്ട്രീയമാണ് ടിപി വധ ഗൂഢാലോചന കേസിന്റെ വിധി നിര്‍ണയിച്ചത്: കെ.കെ.രമ

എം.മനോജ്‌ കുമാര്‍

തിരുവനന്തപുരം: കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത്‌ യുഡിഎഫും എല്‍ഡിഎഫും ചേര്‍ന്ന് നടത്തിയ ഒത്തുതീര്‍പ്പാണ്‌ ടി.പി.ചന്ദ്രശേഖരന്‍ വധശ്രമ ഗൂഢാലോചന കേസ്‌
എങ്ങുമെത്താതെ പോകാന്‍ കാരണമെന്ന് ടി.പിയുടെ ഭാര്യയും ആര്‍എംപി നേതാവുമായ കെ.കെ.രമ 24 കേരളയോട് പറഞ്ഞു.

സോളാര്‍ കേസുമായി ബന്ധപ്പെട്ട് ഇടതുമുന്നണിയുടെ സെക്രട്ടേറിയേറ്റ്‌
വളയല്‍ സമരത്തില്‍ ഈ ഒത്തുതീര്‍പ്പ് രാഷ്ട്രീയം പ്രതിഫലിച്ചതായും രമ പറഞ്ഞു. കേരളത്തില്‍ ഇടത് മുന്നണിയും ഐക്യമുന്നണിയും തമ്മില്‍ ടി.പി.ചന്ദ്രശേഖരന്‍ കൊലപാതക കേസില്‍ നടത്തിയ ഒത്തുതീര്‍പ്പ് രാഷ്ട്രീയത്തിന് കിട്ടിയ അടിയാണ് സോളാര്‍ ലൈംഗിക അപവാദ കേസുമായി മുന്നോട്ട് പോകാനുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍റെ നീക്കമെന്ന് വി.ടി.ബല്‍റാം പറഞ്ഞത് സത്യമാണെന്നും രമ പറഞ്ഞു.

ടിപി വധശ്രമ ഗൂഢാലോചന സിബിഐ അന്വേഷിക്കണമെന്നു ആവശ്യപ്പെട്ട് ഞാന്‍ സെക്രട്ടറിയേറ്റ് നടയില്‍ നിരാഹാരം കിടന്നപ്പോള്‍ അത് ഒത്തുതീര്‍ന്നത് യുഡിഎഫ് സര്‍ക്കാര്‍ സിബിഐ അന്വേഷണം  പ്രഖ്യാപിച്ചത് കൊണ്ടാണ്. പക്ഷെ സിബിഐ അന്വേഷണം എങ്ങുമെത്തിയില്ല.

ഡിജിപി ശങ്കര്‍ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിച്ചുകൊണ്ടിരുന്നത്. ഈ സംഘത്തിന്റെ അന്വേഷണത്തിന്റെ വെളിച്ചത്തില്‍ സിബിഐ അന്വേഷണം നടത്താമെന്നാണ്‌ യുഡിഎഫ് സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനം. പക്ഷെ അത് വെറും വാഗ്ദാനമായി തന്നെ അവശേഷിച്ചു.

ടിപി വധ ഗൂഡാലോചന സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍എംപി നല്‍കിയ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഈ ഹര്‍ജി അടുത്ത മാസം ഹൈക്കോടതി വീണ്ടും പരിഗണിക്കും. സിബിഐ അന്വേഷണത്തിന്‌ ഇടത് സര്‍ക്കാര്‍ പൂര്‍ണമായും എതിരാണ്. ഇന്നും ഹൈക്കോടതിയില്‍ സര്‍ക്കാര്‍ ഈ നിലപാടാണ് സ്വീകരിച്ചത്.

അന്വേഷണം തീര്‍ന്ന കേസാണ്‌ ടി.പി വധക്കേസ് എന്നാണ്‌ സര്‍ക്കാര്‍ നിലപാട്. പ്രതികള്‍ ശിക്ഷിക്കപ്പെട്ടിട്ടുമുണ്ട്. കേസ് രണ്ട് എഫ്ഐആര്‍ ഇട്ട് അന്വേഷിക്കേണ്ടതില്ല എന്നാണ് സര്‍ക്കാര്‍ പറയുന്നത്. പക്ഷെ ആര്‍എംപി ആവശ്യപ്പെടുന്നത് ഗൂഡാലോചന അന്വേഷിക്കണം എന്നാണ്.

ഇപ്പോള്‍ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയായ പി.മോഹനന്‍ ടി.പി.വധവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യപ്പെട്ടതോടെ രാഷ്ട്രീയ സമ്മര്‍ദ്ദം ശക്തമായി. സിപിഎമ്മിന്റെ ഭാഗത്ത് നിന്നും വന്ന ആ സമ്മര്‍ദ്ദം അതിജീവിക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ല.

രമേശ്‌ ചെന്നിത്തല ആഭ്യന്തര മന്ത്രിയായി വന്നതോടെ ടിപി വധ ഗൂഡാലോചന കേസ് അന്വേഷണം പൂര്‍ണമായി നിലച്ചു. ഡിജിപി ശങ്കര്‍ റെഡ്ഡി തലവനായി ഒരു പ്രത്യേക അന്വേഷണ സംഘത്തെ
ആര്‍എംപിയുടെ ആവശ്യപ്രകാരം യുഡിഎഫ് സര്‍ക്കാര്‍ നിയമിച്ചിരുന്നു. ഈ അന്വേഷണം നല്ല രീതിയില്‍ മുന്നോട്ട് പോയെങ്കിലും പിന്നീട് അത് നിലച്ചു. ഫോണ്‍ കോള്‍ വിശദാംശങ്ങള്‍ ഈ സംഘത്തിന്‌ ആവശ്യമായി വന്നപ്പോള്‍ സര്‍ക്കാര്‍ അതിന്‌ അനുമതി നല്‍കിയില്ല. ഇതിനു പിന്നില്‍ അന്വേഷണം അട്ടിമറിക്കുക എന്ന ഉദ്ദേശം തന്നെയായിരുന്നു. കാരണം സിപിഎമ്മിന്റെ ഉന്നത നേതാക്കളിലേയ്ക്ക്‌ അന്വേഷണം നീങ്ങാന്‍ യുഡിഎഫ് സര്‍ക്കാരിന്‌
താല്പര്യമുണ്ടായിരുന്നില്ല. വി.ടി.ബല്‍റാം പറഞ്ഞത് ശരിയാണെന്ന് പറയാന്‍ കാരണം ഇതാണ്. ആ വാക്കുകളില്‍ സത്യം ഒളിഞ്ഞിരിപ്പുണ്ടായിരുന്നു. ഇതു മനസിലാക്കിയാണ് കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ആര്‍എംപി ഹൈക്കോടതിയെ സമീപിച്ചത്.

ഇപ്പോള്‍ ഞങ്ങള്‍ക്ക് മുന്നിലുള്ള ഒരേയൊരു വഴി നീതിപീഠമാണ് – രമ പറഞ്ഞു.