യുഎസ് സൈനികരെ പിന്‍വലിക്കാന്‍ ട്രംപ് ഉത്തരവിട്ടിട്ടില്ലെന്ന് ദേശീയ സുരക്ഷാസമിതി

വാഷിംഗ്ടണ്‍ ഡിസി: അഫ്ഗാനിസ്ഥാനില്‍ നിന്നും യുഎസ് സൈന്യത്തെ പിന്‍വലിക്കാന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഉത്തരവിട്ടിട്ടില്ലെന്ന് റിപ്പോര്‍ട്ട്. പ്രസിഡന്റ് സൈനികരെ തിരിച്ച്‌ വിളിച്ചിട്ടില്ലെന്ന് ദേശീയ സുരക്ഷാസമിതി വക്താവ് ഗാരിറ്റ് മാര്‍ക്വിസ് വ്യക്തമാക്കിയതായി ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. ഇങ്ങനെയൊരു തീരുമാനം തന്നെ പ്രസിഡന്റ് എടുത്തിട്ടില്ലെന്നും വാര്‍ത്ത വാസ്തവ വിരുദ്ധമാണെന്നുമാണ് ഗാരിറ്റ് മാര്‍ക്വിസ് വ്യക്താമാക്കിയിരിക്കുന്നത്.

അഫ്ഗാനിസ്ഥാനിലെ 14,000 സൈനികരെ പിന്‍വലിക്കാനുള്ള പദ്ധതി തയാറാക്കാന്‍ പെന്റഗണിനു ട്രംപ് നിര്‍ദേശം നല്കിയതായി നേരത്തേ യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സിറിയയിലെ 2000 സൈനികരെ പിന്‍വലിക്കുമെന്ന് ട്രംപ് അറിയിച്ചതിനു പിന്നാലെയായിരുന്നു ഇത്.സിറിയയില്‍നിന്നു സൈന്യത്തെ പിന്‍വലിക്കാനുള്ള തീരുമാനം പ്രതിരോധ സെക്രട്ടറി ജിം മാറ്റിസിന്റെ രാജിയിലാണ് കലാശിച്ചത്.