യുഎസ്-ചൈന വ്യാപാരയുദ്ധം എങ്ങോട്ട്?

കഴിഞ്ഞ ആറുമാസമായി നടന്നുവരുന്ന ചർച്ചകൾക്ക് ശേഷവും പരസ്പരം ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങൾക്ക് ഈടാക്കാവുന്ന തീരുവ സംബന്ധിച്ച് യോജിപ്പിലെത്താനാവാതായതോടെ അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാരബന്ധത്തിന് മേൽ കരിനിഴൽ വീണിരിക്കുകയാണ്.

കഴിഞ്ഞ വെള്ളിയാഴ്ച്ച വാഷിങ്ങ്ടണിൽ നടന്ന ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്ന് അമേരിക്ക ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന 200 ബില്യൺ ഡോളറിന്റെ ഉത്പന്നങ്ങൾക്കുള്ള ഇറക്കുമതി തീരുവ 10 ശതമാനത്തിൽ നിന്ന് 25 ശതമാനമാക്കി കുത്തനെ ഉയർത്തിയിരിക്കുകയാണ്. അതുകൊണ്ടും അരിശം തീരാതെ 300 ബില്യൺ ഡോളർ മൂല്യം വരുന്ന മറ്റെല്ലാ വസ്തുക്കൾക്കും കൂടെ ഉയർന്ന തീരുവ ഏർപ്പെടുത്തുന്ന കാര്യം പഠിക്കാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരിക്കുകയാണ് ട്രംപ്. 

അതിദേശീയതാ വാദവുമായി നിൽക്കുന്ന അമേരിക്കൻ  പ്രസിഡന്റ് ഡോണൾഡ്‌ ട്രംപിൻറെ ഈ നടപടിയോട് എങ്ങനെ പ്രതികരിക്കണമെന്നറിയാതെ കുഴങ്ങുകയാണ് സാമ്പത്തിക മാന്ദ്യത്തിൽ നിന്ന് കരകയറാൻ കിണഞ്ഞു പരിശ്രമിക്കുന്ന ചൈന. തൽക്കാലം അമേരിക്കൻ നടപടിയോട് പ്രതികരിക്കേണ്ട എന്ന തീരുമാനത്തിലാണ് ചൈന.

തങ്ങൾ ഇറക്കുമതി ചെയ്യുന്ന അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് മേൽ സമാനമായ രീതിയിൽ ഉയർന്ന തീരുവ ഉയർത്തിയാൽ അത് ചൈനീസ് സമ്പദ്ഘടനയെ പ്രതികൂലമായി ബാധിക്കുമെന്ന് ചൈന ഭയപ്പെടുന്നു. ചൈനീസ് കറൻസിക്ക് വിലയിടിയാനും വിദേശനിക്ഷേപത്തിൽ വൻ കുറവ് സംഭവിക്കാനുമുള്ള സാധ്യതയാണ് അവരെ ഭയപ്പെടുത്തുന്നത്.

ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് ഇറക്കുമതിതീരുവ വര്‍ദ്ധിപ്പിച്ച് അവർക്ക് മേലുള്ള സമ്മര്‍ദ്ദം വർദ്ധിപ്പിച്ചിരിക്കുകയാണ് ട്രംപ്. എന്നാൽ അത് പുറത്ത് കാണിക്കാൻ ചൈനീസ് നേതൃത്വം തയ്യാറല്ല. “ചൈനീസ് സമ്പദ്ഘടന കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇപ്പോൾ മെച്ചപ്പെട്ട അവസ്ഥയിലാണ്. അതുകൊണ്ട് ഏത് വെല്ലുവിളിയെയും നേരിടാൻ ഞങ്ങൾക്ക് കഴിയും,” വാഷിങ്ങ്ടണിൽ ചർച്ചകൾ അവസാനിപ്പിച്ച് മടങ്ങും മുൻപ് വ്യാപാരചർച്ചകൾക്ക് നേതൃത്വം നൽകിയ ചൈനീസ് വൈസ് പ്രീമിയർ ലിയു ഹേ മാധ്യമങ്ങളോട് പറഞ്ഞു.

എങ്ങിനെയാണ് ചർച്ചകൾ പരാജയപ്പെട്ടത് എന്നതിന് ഒരു വിശദീകരണവും അദ്ദേഹമോ അമേരിക്കയുടെ ഭാഗത്ത് നിന്ന് ചർച്ചയിൽ നിന്ന് പങ്കെടുത്തവരോ പറഞ്ഞിട്ടില്ല. കഴിഞ്ഞ മാസം വരെ ഒരു ഒത്തുതീർത്തിപ്പിലേക്ക് നീങ്ങുന്ന ചർച്ച പരാജയപ്പെട്ടത് ചൈന നേരത്തെ തങ്ങൾ നൽകിയ ഉറപ്പുകളിൽ നിന്നെല്ലാം പിൻവാങ്ങിയതുകൊണ്ടാണെന്നാണ് പ്രസിഡന്റ് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞത്. എന്നാൽ ഇക്കാര്യത്തിൽ മൗനം പാലിക്കുകയാണ് ചൈനീസ് നേതൃത്വം.