യാക്കോബായ-ഓര്‍ത്തഡോക്‌സ് പള്ളിതർക്കം : മന്ത്രിസഭാ ഉപസമിതി പ്രത്യേക ചർച്ച നടത്തി

തിരുവനന്തപുരം : യാക്കോബായ ഓര്‍ത്തഡോക്‌സ് സഭാ തര്‍ക്കത്തില്‍ സര്‍ക്കാര്‍ ചര്‍ച്ച നടത്തി. ഇ.പി ജയരാജന്‍ അധ്യക്ഷനായ മന്ത്രിസഭാ ഉപസമിതിയാണ് ചർച്ച നടത്തിയത്. ഇരുത്തി വിഭാഗങ്ങളുമായി പ്രത്യേകം ചർച്ചയാണ് നടത്തിയത്.

വൈകിട്ട് മൂന്നരയ്ക്കാണ് യാക്കോബായ വിഭാഗം ചർച്ച നടത്തിയത്. ചര്‍ച്ചയില്‍ പ്രതീക്ഷയുണ്ടെന്ന് യാക്കേബായ വിഭാഗം വ്യക്തമാക്കി. മൃതദേഹങ്ങള്‍ അടക്കം ചെയ്യാന്‍ സൗകര്യമൊരുക്കണം. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ചര്‍ച്ചകള്‍ നടത്തി പ്രശ്‌നം പരിഹരിക്കാമെന്നും ഡോ. കുര്യാക്കോസ് മാര്‍ തെയോഫിലോസ് പ്രതീക്ഷ പങ്കുവെച്ചു. ശേഷം ഓര്‍ത്തഡോക്‌സ് വിഭാഗവുമായും മന്ത്രി ചർച്ച നടത്തി. പള്ളികളുടെ ഉടമസ്ഥാവകാശം ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് ചര്‍ച്ചയായത്.

തര്‍ക്കം തീര്‍ക്കാന്‍ ഇരു വിഭാഗത്തെയും ഒരുമിച്ചിരുത്തി ചര്‍ച്ച ചെയ്യാനാണ് സര്‍ക്കാര്‍ തീരുമാനിച്ചതെങ്കിലും ഒരുമിച്ചുള്ള ചര്‍ച്ചയ്ക്ക് ഓര്‍ത്തഡോക്‌സ് വിഭാഗം തയ്യാറായില്ല. കൂടിക്കാഴ്ചയ്ക്ക് തയ്യാറായെങ്കിലും സഭാ തര്‍ക്കത്തില്‍ സുപ്രീം കോടതി വിധി നടപ്പിലാക്കണമെന്ന നിലപാടില്‍ വിട്ടുവീഴ്ചയില്ലെന്ന് ഓര്‍ത്തഡോക്‌സ് സഭ വ്യക്തമാക്കി