മൺസൂൺ ഇക്കുറി ജൂൺ നാലിന്

കേരളത്തിൽ മൺസൂൺ ജൂൺ നാലിന് ആരംഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ സ്ഥാപനമായ സ്കൈമെറ്റ് അറിയിച്ചു.
ജൂൺ നാലിന് ആരംഭിക്കുമെങ്കിലും പിന്നീടുള്ള മൺസൂണിന്റെ പുരോഗതി മന്ദഗതിയിലാവുമെന്നാണ് സ്കൈമെറ്റ് പറയുന്നത്. കേരളത്തോടൊപ്പം വടക്ക്-കിഴക്കൻ സംസ്ഥാനങ്ങളിലും മൺസൂൺ മഴ ലഭിക്കും. മഴമേഘങ്ങൾ ആൻഡമാൻ നിക്കോബാർ ദ്വീപസമൂഹത്തിന് മുകളിൽ മേയ് 22ന് എത്തും.
കഴിഞ്ഞ മാസം സ്കൈമെറ്റ് ഈ വർഷം സാധാരണയിലും കുറവ് മഴ മാത്രമേ ഇക്കുറി ലഭിക്കുകയുള്ളൂ എന്ന് പ്രവചിച്ചിരുന്നു. ശരാശരിയിലും 93% വരെ മഴ കുറഞ്ഞേക്കാമെന്നാണ് പ്രവചനം.
രാജ്യത്തിന്റെ നാല് കോണുകളും ശരാശരിയിലും താഴെ മഴ മാത്രമേ ലഭിക്കുകയുള്ളൂ എന്നും അതിൽ തന്നെയും വടക്ക്-വടക്ക് കിഴക്ക് പ്രദേശങ്ങളിൽ വടക്ക് പടിഞ്ഞാറിനെയും ദക്ഷിണേന്ത്യയെയും അപേക്ഷിച്ച് കുറച്ച് മഴ മാത്രമേ ലഭിക്കുകയുള്ളൂ എന്നുമാണ് സ്കൈമെറ്റ് പറയുന്നത്.