മോഹൻലാലിന്‍റെ സ്ഥാനാര്‍ത്ഥിത്വത്തെപ്പറ്റി അറിയില്ല; ആര്‍എസ്എസ് പട്ടിക തള്ളി ശ്രീധരൻ പിള്ള

കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പിൽ നടൻ മോഹൻലാൽ മത്സരിക്കുന്നതിനെ കുറിച്ച് അറിയില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ള. മോഹൻലാലിന്റെ മത്സര സാധ്യതയെ കുറിച്ചോ ഇതുവരെ തീരുമാനം ഒന്നും ആയിട്ടില്ല.

മോഹൻലാലിനെയും സുരേഷ് ഗോപിയേയും പന്തളം രാജകുടുംബ പ്രതിനിധി ശശികുമാര്‍ വര്‍മ്മയെയും വിജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥികളുടെ പട്ടികയിൽ പെടുത്തിയ ആര്‍എസ്എസ് റിപ്പോര്‍ട്ടും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ള തള്ളിക്കളഞ്ഞു. അങ്ങനെ ഒരു പട്ടിക ആര്‍എസ്എസിനില്ലെന്നാണ് ശ്രീധരൻ പിള്ള പറയുന്നത്.

തെരഞ്ഞെടുപ്പിൽ സ്ഥാനാര്‍ത്ഥികളായി പുതുമുഖങ്ങൾ വരണമെന്നാണ് ബിജെപി നിലപാട്. ടിപി സെൻകുമാര്‍ മത്സര സന്നദ്ധത അറിയിച്ചിട്ടില്ലെന്നും പിഎസ് ശ്രീധരൻ പിള്ള പറഞ്ഞു. ബിജെപിയെ ഉൾക്കൊള്ളാൻ ജാതിമത ശക്തികൾ തയ്യാറാണെന്നും പിഎസ് ശ്രീധരൻ പള്ള അവകാശപ്പെട്ടു.