മോഹന്‍ലാല്‍ തയ്യാറെങ്കില്‍ എവിടെ വേണമെങ്കിലും മത്സരിപ്പിക്കാമെന്ന് എം.ടി. രമേശ്

തിരുവനന്തപുരം: മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ തയ്യാറാണെങ്കില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എവിടെ വേണമെങ്കിലും മത്സരിപ്പിക്കാന്‍ തയ്യാറാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്.

എന്നാല്‍ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച്‌ മോഹന്‍ലാലുമായി ഇതുവരെ ചര്‍ച്ചകളൊന്നും നടത്തിയിട്ടില്ലെന്നും സംസ്ഥാനത്ത് ബിജെപിയ്ക്ക് വിജയ സാധ്യത കൂടുതലാണെന്നും എം.ടി. രമേശ് പറഞ്ഞു.

കേരളത്തില്‍ 20 പാര്‍ലമെന്റ് മണ്ഡലങ്ങളിലെയും പാര്‍ട്ടി പ്രവര്‍ത്തകന്മാരും ജനങ്ങളും അദ്ദേഹത്തെ സ്ഥാനാര്‍ഥിയാക്കുന്ന കാര്യത്തില്‍ തയ്യാറാണെന്നും എന്നാല്‍ ഇക്കാര്യത്തില്‍ മോഹന്‍ലാലാണ് നിലപാട് അറിയിക്കേണ്ടതെന്നും ബിജെപി നേതൃത്വത്തിന് മുന്നില്‍ ഇത്തരം ശുപാര്‍ശകള്‍ ഒന്നും തന്നെ വന്നിട്ടില്ലെന്നും എം.ടി രമേശ് വ്യക്തമാക്കി.

കേന്ദ്രസര്‍ക്കാരിനെപ്പറ്റി കൂടുതലായി അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചിട്ടുള്ള വ്യക്തിയാണ് മോഹന്‍ലാല്‍. മോദി സര്‍ക്കാരിന്റെ പല പദ്ധതികളെയും അദ്ദേഹം പിന്തുണച്ചിരുന്നു. അതിനപ്പുറത്തേക്ക് രാഷ്ട്രീയം അദ്ദേഹത്തിനുണ്ടോ എന്ന കാര്യം തനിക്കറിയില്ല, എം.ടി രമേശ് കൂട്ടിച്ചേര്‍ത്തു.